പാരമ്പര്യ ഓർമകൾ പുതുക്കി തോണിയിൽ തെയ്യങ്ങൾ എത്തി

Mail This Article
കാഞ്ഞങ്ങാട്∙ പാരമ്പര്യം കൈവിടാതെ കാർഷിക സമൃദ്ധിയുടെ നല്ല കാല ഓർമകൾ പുതുക്കാൻ അരയി പുഴയിലൂടെ തോണിയില്‍ തെയ്യങ്ങൾ എത്തി. സായാഹ്ന സൂര്യന്റെ കടും വർണം നിഴൽ വിരിച്ച പുഴയിലൂടെ പരിവാര സമേതമാണ് തെയ്യങ്ങൾ മറുകര എത്തിയത്. നാട്ടിലെ തെയ്യാട്ടക്കാലത്തിന് തുടക്കം കുറിച്ചാണ് തെയ്യങ്ങൾ അരയി പുഴ കടന്നെത്തിയത്. അരയി കുന്നിന്റെ താഴ്‌വരയിലെ കാർത്തിക ചാമുണ്ഡി ദേവാലയ കളിയാട്ടവുമായി ബന്ധപ്പെട്ടാണ് തോണിയേറി പുഴ കടന്നുള്ള തെയ്യങ്ങളുടെ വരവ്. കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കാനും കാലിച്ചേകവനോട് നാട്ടുവിശേഷങ്ങൾ പറയാനുമാണ് തെയ്യങ്ങളുടെ ഈ ജലസഞ്ചാരം. കാർത്തിക്കാവിൽ നിന്നു അരയി ഏരത്ത് മുണ്ട്യ തമ്പുരാൻ കൊട്ടാരക്കാവിലേക്കാണ് തെയ്യങ്ങളുടെ ഈ തോണിയേറിയുള്ള യാത്ര. തെയ്യങ്ങളുടെ ജലസഞ്ചാരത്തിന് സാക്ഷിയാവാനും അനുഗ്രഹം വാങ്ങാനുമായി നൂറു കണക്കിനാളുകളാണ് കാർത്തിക കാവിലേക്കും പുഴയോരത്തേക്കും ഇന്നലെയെത്തിയത്. കാർത്തിക ചാമുണ്ഡി, കാലിച്ചാൻ, ഗുളികൻ എന്നീ തെയ്യങ്ങളാണ് കാർത്തിക ചാമുണ്ഡി ദേവാലയത്തിൽ കെട്ടിയാടുന്നത്.