ADVERTISEMENT

പിലിക്കോട്∙ തപാൽ വഴി നീന്തൽ പഠിക്കാൻ പഠിക്കാൻ പറ്റില്ലെങ്കിലും ഓൺലൈനായി ബോക്സിങ് പഠിക്കാമെന്ന് അർജുൻ പറയും. വെറുതെ പറയുകയല്ല, ഇടിക്കൂട്ടിൽ സ്കൂൾ തലത്തിൽ ജൂനിയർ വിഭാഗത്തിൽ സംസ്ഥാന ചാംപ്യനാണ് പിലിക്കോട് സികെഎൻഎസ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ അർജുൻ വിജയൻ. 

രണ്ടു വർഷത്തിലേറെയായി അർജുൻ വിഡിയോകൾ കണ്ട് സ്വയം ബോക്സിങ് പഠിക്കുന്നു. ‘കുറച്ച് തടിച്ചയാളായിരുന്നു ഞാൻ. കുറേ കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്. ഫൈറ്റ് കാണാൻ ഇഷ്ടമായിരുന്നു. ലോക്ഡൗൺ കാലത്ത് ഗൗരവമായി ബോക്സിങ് പഠിച്ചു. 

മത്സരത്തിന്റെ കാര്യം സ്കൂളിലെ അധ്യാപകൻ പറഞ്ഞാണ് അറിയുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടിയപ്പോഴാണ് എല്ലാവരും ശ്രദ്ധിച്ചത്. ’ അർജുൻ പറയുന്നു. സ്വന്തമായി ഗ്ലൗസ് പോലുമില്ലാതെയാണ് ആദ്യതവണ സംസ്ഥാന തല മത്സരത്തിനു പോയത്. സമ്മാനം കിട്ടിയതോടെ എല്ലാവരും പിന്തുണച്ചു.  കഴിഞ്ഞ തവണത്തെ വെങ്കലം ഇത്തവണ സ്വർണ മെഡലാക്കാൻ അർജുന്  സാധിച്ചു. ഇപ്പോൾ സ്വന്തം ഗ്ലൗസും വീട്ടിൽ ഒരു ഭാഗത്ത് പഞ്ചിങ് ബാഗും അത്യാവശ്യം പരിശീലനത്തിനുള്ള സൗകര്യങ്ങളുമുണ്ട്. 

കണ്ണൂരിൽ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന സ്‌കൂൾ കായിക മത്സരത്തിൽ ജൂനിയർ ആൺകുട്ടികളുടെ ബോക്‌സിങ്ങിൽ 80 കിലോ വിഭാഗത്തിലാണ് അർജുൻ സ്വർണം നേടിയത്.  കാലിക്കടവിലെ ധന്യ-വിജയൻ ദമ്പതികളുടെ മകനാണ്. ബോക്സിങ്ങിൽ താൽപര്യമുള്ള ബന്ധു ശ്രീഹരിയും അർജുന് പിന്തുണ നൽകാനുണ്ട്. 

പല കായിക താരങ്ങളും വർഷങ്ങളോളം വിദഗ്ധ പരിശീലകർക്കു കീഴിൽ പഠിച്ച ശേഷമാണ് സംസ്ഥാന തലത്തിൽ മത്സരത്തിനെത്തുക. ബോക്സിങ് വിഡിയോകൾ സ്ലോ മോഷനിൽ കണ്ട് മനസ്സിലാക്കി, താൻ പരിശീലനം നടത്തുന്നത് മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ച് യഥാർഥ വിഡിയോയുമായി താരതമ്യം ചെയ്താണ് അർജുൻ ബോക്സിങ് പഠിച്ചത്. 

 കലാ കായിക മേഖലയിലും ഒപ്പം പഠനത്തിലും മികവ് തെളിയിച്ച അർജുൻ വിജയനെ പ്രഥമ സി.കൃഷ്ണൻ നായർ സ്മാരക സ്റ്റുഡന്റ്‌സ് എക്‌സലൻസ് അവാർഡ് 2022 നൽകി ആദരിച്ചിരുന്നു. ചിത്രരചനാ മത്സരങ്ങളിലും ഡിജിറ്റൽ പെയിന്റിങ്ങിലും മറ്റ് കായിക മത്സരങ്ങളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. എങ്കിലും അർജുൻ തന്റെ ഇഷ്ടങ്ങളിൽ മുൻഗണന കൊടുക്കുന്നത് ബോക്‌സിങ്ങിനാണ്.  ഏഷ്യൻ ചാംപ്യൻ കെ.സി.ലേഖ അർജുനെ അനുമോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com