ADVERTISEMENT

കാസർകോട് ∙ കേരളത്തിന്റെ വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും അവതരിപ്പിക്കുന്നതിനും പൊതുജനങ്ങളുമായി സംവദിക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനവും മഞ്ചേശ്വരം നിയോജക മണ്ഡല സദസ്സും ഇന്ന്. ഉച്ചകഴിഞ്ഞ് 3.30ന് പൈവളികെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ അധ്യക്ഷത വഹിക്കും. 12,000 പേരെയാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസ്സിന്റെ ഭാഗമായി പര്യടനം നടത്തും. വിവിധ ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ഡിസംബർ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപനം.

പ്രസംഗിക്കുന്നവർ
മന്ത്രിമാരായ അഹമ്മദ് ദേവർ കോവിൽ, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻ കുട്ടി, എ.കെ.ശശീന്ദ്രൻ, ആന്റണി രാജു, ചീഫ് സെക്രട്ടറി ഡോ.വി.വേണു, കലക്ടർ കെ.ഇമ്പശേഖരൻ എന്നിവർ പ്രസംഗിക്കും. 

സാന്നിധ്യം
മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.എൻ.ബാലഗോപാൽ, പി.രാജീവ്, ജെ.ചിഞ്ചുറാണി, വി.എൻ.വാസവൻ, സജി ചെറിയാൻ, പി.എ.മുഹമ്മദ് റിയാസ്, വി.അബ്ദുറഹിമാൻ, ജി.ആർ.അനിൽ, ആർ.ബിന്ദു, എം.ബി.രാജേഷ്, പി.പ്രസാദ്, വി.ശിവൻകുട്ടി, വീണാ ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ എന്നിവർ വേദിയിലുണ്ടാകും. 

നവകേരള സദസ്സിന്റെ ഉദ്ഘാടന വേദിയായ കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു മുൻപിൽ തയാറാക്കിയ കവാടം.
നവകേരള സദസ്സിന്റെ ഉദ്ഘാടന വേദിയായ കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു മുൻപിൽ തയാറാക്കിയ കവാടം.

കലാപരിപാടികൾ
പൈവളികെ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഉച്ചയ്ക്ക് 1.30 മുതൽ മഞ്ചേശ്വരത്തെ കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത സദസ്സും ഗ്രൂപ്പ് ഡാൻസും അരങ്ങേറും. തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ്. വൈകിട്ട് 5ന് ഭരതനാട്യം, 5.45ന്  പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട് എന്നിവ അരങ്ങേറും.

പരാതി നേരിട്ട് നൽകാനാകില്ല
നവകേരള സദസ്സിൽ പൊതുജനങ്ങളിൽ നിന്നുള്ള പരാതികൾ സ്വീകരിക്കുന്നത് സദസ്സ് നടക്കുന്ന വേദിക്കു സമീപമുള്ള കൗണ്ടറിൽ മാത്രം.  പരാതി നേരിട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകാൻ അനുവദിക്കില്ല. 

 7 കൗണ്ടറുകൾ
ഓരോ നിയോജക മണ്ഡലം നവകേരള സദസ്സിലും 7 കൗണ്ടർ വീതം പ്രവർത്തിക്കും. റവന്യു ഉദ്യോഗസ്ഥർക്കാണ് ഇതിന്റെ ചുമതല. മുതിർന്ന പൗരന്മാർ, വനിതകൾ, പൊതുവിഭാഗം എന്നിവർക്കായി 2 വീതം കൗണ്ടറുകളും ഭിന്നശേഷി വിഭാഗത്തിന് ഒരു കൗണ്ടറുമാണ് ഉള്ളത്. പരിപാടി ആരംഭിക്കുന്നതിന് 3 മണിക്കൂർ മുൻപും പരിപാടികൾ കഴിഞ്ഞ ശേഷവും പരാതി സ്വീകരിക്കും. പരാതികൾ നൽകുന്നതിനുള്ള നിർദേശങ്ങൾ കൗണ്ടറിൽ പ്രദർശിപ്പിക്കും. ഇതിന്  ജീവനക്കാരും ഉണ്ടാകും. പരാതികളിൽ പൂർണ വിലാസവും മൊബൈൽ നമ്പറും ഇമെയിൽ ഉണ്ടെങ്കിൽ അതും നൽകണം. പരാതികൾ കൈപ്പറ്റി രസീത് നൽകും. തിരക്ക് ഒഴിവാക്കാനായി, സദസ്സ് നടക്കുമ്പോൾ പരാതി സ്വീകരിക്കുന്നത് നിർത്തിവയ്ക്കും. 

ഉദ്യോഗസ്ഥർ
ഓരോ കൗണ്ടറിലും ഒരു സൂപ്പർവൈസർ ഉൾപ്പെടെ 4 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. നിയോജക മണ്ഡലം തോറും റിസർവ് ആയി ഇവർക്കു പുറമേ 6 ജീവനക്കാരുണ്ട്. ഓരോ നിയോജക മണ്ഡലത്തിനും ഓരോ ജനറൽ സൂപ്പർവിഷൻ ഉദ്യോഗസ്ഥനുണ്ട്.കൗണ്ടർ ഡ്യൂട്ടി ആരംഭിക്കുന്നതിന് അര മണിക്കൂർ മുൻപ് എല്ലാ ജീവനക്കാരും കൗണ്ടറിൽ എത്തണം. നവകേരള സദസ്സ് ചടങ്ങുകൾ അവസാനിച്ചാലും മുഴുവൻ പരാതികളും സ്വീകരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ കൗണ്ടർവിട്ടു പോകാവൂ. ജില്ലയിൽ പരാതികൾ സ്വീകരിക്കൽ കൗണ്ടറിലേക്ക് റിസർവ് ജീവനക്കാർ ഉൾപ്പെടെ 156 പേരെയാണ് നിയോഗിച്ചിട്ടുള്ളത്. 

‌പരാതികൾ അപ്‌ലോഡ് ചെയ്യും
എല്ലാ അപേക്ഷകളും ഡേറ്റ എൻട്രി ചെയ്യുന്നതിന് ഉടൻ കലക്ടറേറ്റിൽ എത്തിക്കാൻ ജനറൽ സൂപ്പർവിഷൻ ഉദ്യോഗസ്ഥന് നിർദേശം നൽകിയിട്ടുണ്ട്. പരാതികൾ 2 ദിവസത്തിനകം അതത് വകുപ്പുകളിലേക്ക് ഓൺലൈനായി അപ്‌ലോഡ് ചെയ്യും. പരാതികളിൽ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമെങ്കിൽ പരമാവധി 4 ആഴ്ചക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനം എടുക്കും. സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ലാ ഓഫിസർമാർ വകുപ്പ് തല മേധാവി മുഖേന റിപ്പോർട്ട് നൽകും. ഇത്തരം പരാതികൾ 45 ദിവസത്തിനകം തീർപ്പാക്കും. പരാതി കൈപ്പറ്റി ഒരാഴ്ചക്കുള്ളിൽ പരാതിക്കാരന് ഇടക്കാല മറുപടി നൽകണം. പരാതികൾക്ക് മറുപടി തപാലിലൂടെ നൽകും. പരാതികളുടെ സ്ഥിതി www.navakeralasadas.kerala.gov.in വെബ്സൈറ്റിൽ പരാതി രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ ലഭ്യമാകും.

ചുമതലയുള്ള  ഉദ്യോഗസ്ഥർ
വിവിധ നിയോജക മണ്ഡലങ്ങളിലെ ജനറൽ സൂപ്പർ വിഷൻ ചുമതല താഴെ പറയുന്ന ഉദ്യോഗസ്ഥർക്കാണ്. മഞ്ചേശ്വരം: പി.ഉദയകുമാർ(കാസർകോട് എൽആർ സ്പെഷൽ തഹസിൽദാർ), കാസർകോട് : എം.മായ, (സ്പെഷൽ തഹസിൽദാർ, എൽഎ കാസർകോട്), ഉദുമ: പി.എം.അബൂബക്കർ സിദ്ദിഖ്(എൽആർ തഹസിൽദാർ, കാസർകോട് , കാഞ്ഞങ്ങാട് : ടി.കെ.ഉണ്ണിക്കൃഷ്ണൻ ( തഹസിൽദാർ, എൽ ആർ, ഹൊസ്ദുർഗ്), തൃക്കരിപ്പുർ : പി.വി.മുരളി ( തഹസിൽദാർ, വെള്ളരിക്കുണ്ട് ).

പാർക്കിങ് ഗ്രൗണ്ടുകൾ
പരിപാടി നടക്കുന്നതിന്റെ  200 മീറ്റർ പരിധിയിൽ രാവിലെ 9 മുതൽ രാത്രി 9 വരെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചു. സദസ്സിനെത്തുന്നവരുടെ വാഹനങ്ങൾ താഴെ പറയും പ്രകാരമാണ് പാർക്ക് ചെയ്യേണ്ടത്.
1. വിഐപി/വകുപ്പ് വാഹനങ്ങൾ - പൈവളികെ പഞ്ചായത്ത് ഗ്രൗണ്ട്
2. ബസ് പാർക്കിങ്– പൈവളികെ ലാൽബാഗ് - ബോളംഗള ഗ്രൗണ്ട് 
3. പൊതുജനങ്ങൾക്ക് /കാർ പാർക്കിങിന് മാത്രം - പൈവളികെ പെട്രോൾ പമ്പിന്റെ എതിർവശം 
4. വിഐപി വാഹനങ്ങൾക്ക് മാത്രം - പൈവളികെ നഗർ സ്‌കൂൾ ഗ്രൗണ്ടിന്റെ എതിർവശം 

ഗതാഗത നിയന്ത്രണം 
എൻമകജെ, പുത്തിഗെ, കുമ്പള, കുടാൽ മേർക്കള ഭാഗങ്ങളിൽനിന്ന് മലയോര ഹൈവേ വഴി വരുന്ന ബസുകളും മറ്റ് വാഹനങ്ങളും പൈവളികെ വില്ലേജ് ഓഫിസ് പരിസരത്ത് യാത്രക്കാരെ ഇറക്കി ലാൽബാഗ് - ബോളംഗള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.എൻമകജെ, ഉപ്പള, വോർക്കാടി, മീഞ്ച, മഞ്ചേശ്വരം ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ പൈവളികെ പെട്രോൾ പമ്പിന് സമീപം യാത്രക്കാരെ ഇറക്കി ലാൽ ബാഗ് - ബോളംഗള മൈതാനിയിൽ പാർക്ക് ചെയ്യണം.

യുഡിഎഫ് എംഎൽഎമാർ വിട്ടുനിൽക്കും
കാസർകോട് ∙ മുസ്‌ലിം ലീഗിന്റെ എംഎൽഎമാരുള്ള കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ഈ എംഎൽഎമാർ പരിപാടിയുമായി സഹകരിക്കുന്നില്ല. കോൺഗ്രസ് നേതൃത്വവും പരിപാടിയുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. 

ബഹിഷ്കരിക്കുമെന്ന് എ.കെ.എം.അഷറഫ് എംഎൽഎ; ഓർക്കണം, പലതവണ പറഞ്ഞിട്ടും നടപ്പാകാത്ത ആവശ്യങ്ങൾ 
‘മഞ്ചേശ്വരത്തെ നവകേരള സദസ്സ് ജനങ്ങളെ വിഡ്ഡികളാക്കാനുള്ള സർക്കാരിന്റെ ശ്രമമാണ്. പല തവണ നിയമസഭയിലും അല്ലാതെയും ഉന്നയിച്ച മഞ്ചേശ്വരം മണ്ഡലത്തിലെ ആവശ്യങ്ങൾ മിക്കതും പരിഹരിക്കാതെ സർക്കാർ ഇപ്പോൾ ഇവിടെ നവകേരള സദസ്സ് നടത്തുന്നത് പ്രഹസനമാണ്. അതിനാലാണ് മണ്ഡലം എംഎൽഎ ആയിട്ടും യുഡിഎഫ് തീരുമാനപ്രകാരം നവകേരള സദസ്സ് ബഹിഷ്കരിക്കുന്നത്. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്ന് പറയുന്ന മുഖ്യമന്ത്രി താഴെ പറയുന്ന 12 പ്രശ്നങ്ങൾക്ക് ആദ്യം പരിഹാരം കാണാൻ തയാറാവണം. എന്നിട്ടാകണം നവകേരള സദസ്സ് സംഘടിപ്പിക്കേണ്ടത്. 

1. മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ രാത്രികാല ചികിത്സ നിലച്ചതിനു പരിഹാരം കാണാൻ പല തവണ ആവശ്യപ്പെട്ടിട്ടും സർക്കാരിനായിട്ടില്ല.
2. 150 കോടിയിലധികം രൂപ ചെലവിട്ട മഞ്ചേശ്വരം ഫിഷിങ് ഹാർബർ ഇപ്പോഴും 17 കോടിയുടെ പാലം നിർമിക്കാത്തതിനാൽ ഉപയോഗശൂന്യമായ സ്ഥിതിയാണ്. 
3. മഞ്ചേശ്വരം താലൂക്ക് ഓഫിസ് കെട്ടിടം ഇപ്പോഴും യാഥാർഥ്യമായിട്ടില്ല. 
4. മഞ്ചേശ്വരം ഫയർ സ്റ്റേഷൻ ആവശ്യവും പരിഹാരമാകാതെ കിടക്കുന്നു.
5. മംഗൽപാടി പഞ്ചായത്ത് അടക്കം മിക്ക പഞ്ചായത്തുകളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഫയലുകൾ കെട്ടിക്കിടക്കുന്നു. 
6. കുരുടപദവ്–ചിപ്പാർ റോഡ് അടക്കം കർണാടകയിലേക്കുള്ള മണ്ഡലത്തിലെ അഞ്ചിലേറെ റോഡുകൾ തകർന്നു കിടക്കുകയാണ്. 
7. ആവശ്യത്തിന് പ്ലസ് ടു ബാച്ചുകൾ അനുവദിക്കാത്തതിനാൽ 400ലേറെ വിദ്യാർഥികൾക്ക് ഉപരിപഠനം മുടങ്ങുന്നു. 
8. ഗോവിന്ദപൈ കോളജിൽ പുതിയ കോഴ്സുകളും തസ്തികകളും അനുവദിക്കുന്നില്ല.
9. മഞ്ചേശ്വരം മണ്ഡലത്തിലെ പുതിയൊരു പൊലീസ് സ്റ്റേഷൻ എന്ന ആവശ്യവും പൂർത്തിയാക്കാൻ സർക്കാർ തയാറായിട്ടില്ല. 
10. പൈവളികെയിൽ അനുവദിച്ച ഐടിഐ പിന്നീട് മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റി. 
11. ആർടിഓ ഓഫിസ് ആരംഭിക്കുന്നതിനുള്ള നടപടികളും ഇഴയുന്നു. 
12.  സർക്കാരിന്റെ ‘കരുതലോടെ കൈത്താങ്’ പദ്ധതി വഴി മണ്ഡലത്തിലെ ജനങ്ങൾ സർക്കാരിനു നൽകിയ       നിവേദനങ്ങളൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല. ’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com