ADVERTISEMENT

കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ ∙ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ എടുത്തു പറഞ്ഞും പ്രതിപക്ഷത്തെയും കേന്ദ്രസർക്കാരിനെയും വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗങ്ങൾ എൽഡിഎഫ് സർക്കാരിന്റെ ഭരണ നേട്ടങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം വോട്ടുകൂടി ലക്ഷ്യംവച്ചായിരുന്നു.

കാസർകോട് നായന്മാർമൂലയിൽ നടന്ന നവകേരള സദസ്സിൽ തമാശ പങ്കിടുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കെ.രാജനും റോഷി അഗസ്റ്റിനും. 								        ചിത്രം: മനോരമ
കാസർകോട് നായന്മാർമൂലയിൽ നടന്ന നവകേരള സദസ്സിൽ തമാശ പങ്കിടുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കെ.രാജനും റോഷി അഗസ്റ്റിനും. ചിത്രം: മനോരമ

പൗരത്വ ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ ന്യൂനപക്ഷങ്ങൾക്കൊപ്പംനിന്ന സർക്കാരാണിതെന്ന് അദ്ദേഹം വിവിധ സ്ഥലങ്ങളിൽ ആവർത്തിച്ചു. പലസ്തീൻ യുദ്ധക്കെടുതികൾ നേരിടുമ്പോഴും ഇന്ത്യ അമേരിക്കയെ പ്രീതിപ്പെടുത്താൻ ഇസ്രയേലിനു പിന്തുണ നൽകുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 

കേരളത്തോടും കേരളത്തിലെ ജനങ്ങളോടും കേന്ദ്രസർക്കാർ പകപോക്കുകയാണ്. സംസ്ഥാനത്തിനു സാമ്പത്തികമായി ഒട്ടേറെ പരിമിതികളുണ്ട്.  ഭരിക്കുന്നത് ഇടതുപക്ഷം ആയതുകൊണ്ട് സംസ്ഥാനത്തിന്റെ വികസനത്തിനു തുരങ്കംവയ്ക്കാനാണ് അവർ ശ്രമിക്കുന്നത്. സാമ്പത്തികമായി ഞെരുക്കുന്നതിനെതിരെ കേന്ദ്ര ധനമന്ത്രിയെ കാണാൻ കേരളത്തിലെ എല്ലാ എംപിമാരും  തീരുമാനിച്ചിരുന്നു. ലോക്സഭാ സമ്മേളനത്തിനു മുന്നോടിയായി വിളിച്ച സംസ്ഥാനത്തെ എംപിമാരുടെ യോഗത്തിൽ ഒറ്റക്കെട്ടായി തീരുമാനം എടുത്തിട്ടും നിവേദനത്തിൽ ഒപ്പുവയ്ക്കാൻ പോലും യുഡിഎഫ് എംപിമാർ തയാറായില്ല. ബിജെപിയുടെ മനസ്സിൽ തങ്ങളെക്കുറിച്ചു ചെറിയൊരു നീരസം പോലും ഉണ്ടാകരുതെന്ന നിർബന്ധബുദ്ധി കോൺഗ്രസിനും യുഡിഎഫിനും എന്തിനാണ്?.

സംസ്ഥാനം മാറി, 2016നു ശേഷം 

സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന ചിന്തയാണ്  2016 നു മുൻപു പൊതുവേ ഉണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ ഏഴര വർഷം കൊണ്ട് അതിൽ വലിയ മാറ്റമുണ്ടായി. സംസ്ഥാനത്തു നടക്കില്ലെന്നു കരുതിയിരുന്ന ഗെയ്ൽ പൈപ്‌ലൈൻ, ദേശീയപാത വികസനം തുടങ്ങിയവ നടപ്പാക്കാൻ സാധിച്ചു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും വലിയ പുരോഗതി കൈവരിച്ചു. ഇതിനിടയിൽ കോവിഡ്, ഓഖി, നിപ്പ, പ്രളയം തുടങ്ങി ഒട്ടേറെ പ്രതിസന്ധികളുണ്ടായെങ്കിലും കേരളം മുട്ടുമടക്കിയിട്ടില്ല-അദ്ദേഹം പറഞ്ഞു.

ബിജെപിയും യുഡിഎഫും ചേർന്ന് എകോപിതമായി സർക്കാരിനെയും എൽഡിഎഫിനെയും ആക്രമിക്കുകയാണ്. സർക്കാരിനെ ആക്രമിക്കാൻ പ്രത്യേക ഏജൻസികളെ കണ്ടെത്തുന്നു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിലെ തിരിച്ചറിയൽ കാർഡ് വ്യാജമായി ഉണ്ടാക്കുന്നു. ഇത് കോൺഗ്രസിന്റെ അധഃപതനമാണ്.– മുഖ്യമന്ത്രി പറഞ്ഞു.

സയണിസ്റ്റുകൾ ആർഎസ്എസിന്റെ ഒക്കച്ചങ്ങായിമാർ: പിണറായി 

പലസ്തീൻ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റേത് പലസ്തീനൊപ്പം നിൽക്കുന്ന നയമായിരിക്കുമെന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. എന്നാൽ, സാമ്രാജ്യത്വ വിരുദ്ധ നിലപാടു സ്വീകരിക്കാൻ അവർക്കു കഴിയുമോ? സാമ്രാജ്യത്വവുമായി കൂടുതൽ ബന്ധം കോൺഗ്രസിനാണ്. ശക്തമായ നിലപാടു സ്വീകരിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ. 

എല്ലാവരും പലസ്തീൻ ജനതയോടു പിന്തുണ പ്രഖ്യാപിച്ച് നിൽക്കുകയാണ്. സയണിസ്റ്റുകൾ ആർഎസ്എസിന്റെ ഒക്കച്ചങ്ങായിമാരാണ്. അമേരിക്കൻ സാമ്രാജ്യത്വത്തെ പ്രീണിപ്പിക്കാനാണ് ഇന്ത്യ ഇസ്രയേലിനെ പിന്തുണയ്ക്കുന്നത്. യാസർ അറഫാത്തിനെക്കുറിച്ചും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു.

വരാൻ പറഞ്ഞു; വെറുതേ നിർത്തി 

കാസർകോട് ∙ ഞായറാഴ്ച പ്രവൃത്തി ദിവസമായി പ്രഖ്യാപിച്ചതിനെത്തുടർന്ന് നവകേരള സദസ്സ് പന്തലിലെത്തിയ സർക്കാർ ഉദ്യോദഗസ്ഥരിൽ ഭൂരിഭാഗം പേർക്കും ഇന്നലെ ആകെ ജോലി മേലുദ്യോഗസ്ഥരെ കണ്ട് ഹാജർ ഉറപ്പിക്കൽ മാത്രം. പന്തലിലും പരാതി സ്വീകരിക്കുന്ന കൗണ്ടറിലും പ്രത്യേകിച്ച് ചുമതല ഒന്നും കിട്ടാതെ ഉദ്യോഗസ്ഥർ‍ കാഴ്ചക്കാരായി.

പരാതി കൗണ്ടറുകളുടെ ചുമതല നേരത്തേ നിശ്ചയിച്ച റവന്യു ഉദ്യോഗസ്ഥർക്കായിരുന്നു. അധ്യാപകരടക്കം തങ്ങൾക്ക് ചുമതല കിട്ടുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നെങ്കിലും ആരും വിളിച്ചില്ല.   നവകേരള സദസ്സിൽ ജനത്തിരക്കിന്റെ ഭാഗമായി നിന്നുകൊടുത്താണ് ജീവനക്കാർ മടങ്ങിയത്.

ഇന്നലെ ഡ്യൂട്ടിയുടെ ഭാഗമായി പരിപാടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് ഹാജർ രേഖപ്പെടുത്താനുള്ള സംവിധാനം പല വകുപ്പുകളിലും ഉണ്ടായിരുന്നില്ല. അതിനാൽ ആരൊക്കെ എത്തി എന്നതു സംബന്ധിച്ചും എങ്ങനെ ഹാജർ കണക്കാക്കും എന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്.

പരാതിക്കാർ എത്തി കാത്തുനിന്നു 

കാഞ്ഞങ്ങാട് ∙ മണ്ഡലത്തിലെ നവകേരള സദസ്സിന് ഉച്ചയ്ക്ക് 12ന് എത്താനാണ് ഉദ്യോഗസ്ഥരോട് നിർദേശിച്ചത്. എന്നാൽ മലയോര പഞ്ചായത്തുകളിൽ നിന്നുൾപ്പെടെ ആളുകൾ രാവിലെ എട്ടിനു തന്നെ പരാതികളുമായി കൗണ്ടറുകൾക്കു മുൻപിലെത്തി.  രാവിലെ 10 കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ എത്താതായപ്പോൾ സംഘാടകർ റവന്യു അധികൃതരെ അറിയിച്ചു. ഉടൻ ഉദ്യോഗസ്ഥരെത്തി. പരാതി സ്വീകരിക്കുന്നതിനുള്ള ടോക്കൺ 11ന് വിതരണം ചെയ്തു.

പരാതികൾ 14513

‌കാസർകോട് ജില്ലയിലെ 5 മണ്ഡലങ്ങളിൽ നിന്നായി നവകേരള സദസിലേക്ക് ലഭിച്ചത് 14513 പരാതികൾ. 

.വിവിധ  മണ്ഡലങ്ങളിൽ ലഭിച്ച പരാതികളുടെ എണ്ണം
∙ മഞ്ചേശ്വരം –1908
∙ കാസർകോട്  – 3451 
∙ ഉദുമ– 3733
∙ കാങ്ങങ്ങാട് – 2941
∙ തൃക്കരിപ്പൂർ – 2480

വീട്, ബസ് ; ആവശ്യങ്ങൾ പലത് 

കാസർകോട്∙  നവകേരള സദസ്സിൽ പരാതി പ്രവാഹം. പട്ടയം, വീട്, റോഡ്, ചികത്സാ സഹായം, വായ്പ പലിശ ഇളവ്, റേഷൻകാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുക തുടങ്ങിയവയിലാണ് ഏറെയും പരാതികൾ. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സഹായം, കുടിവെള്ള പദ്ധതി തുടങ്ങിയ പരാതികളുമുണ്ടായിരുന്നു. കാസർകോട് ഗവ.മെഡിക്കൽ കോളജിന്റെ നിർമാണ സ്തംഭനം പരിഹരിക്കുക, എയിംസ് ആശുപത്രി കാസർകോട് സ്ഥാപിക്കുക തുടങ്ങിയ അപേക്ഷകളുമുണ്ടായി.

എൻഡോസൾഫാൻ ദുരിതബാധിതർ ഏറെയുള്ള മുളിയാർ, കാറഡുക്ക, കുമ്പഡാജെ, ബെള്ളൂർ പഞ്ചായത്തുകളിലേക്ക് കാസർകോട്ടുനിന്നു ഇതുവരെ കെഎസ്ആർടിസി ബസില്ല. ഈ റൂട്ടിൽ കെഎസ്ആർടിസി കൂടുതൽ ബസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബെള്ളുർ ഗ്വോളിക്കട്ടയിലെ ശശിധരന്‍ നിവേദനം നൽകിയത്.

രസീത് 500, പരാതി 3000;  ശകാരിച്ച് സബ് കലക്ടർ

കാഞ്ഞങ്ങാട് മണ്ഡലത്തിലെ നവകേരള സദസ്സിൽ പരാതി നൽകിയവർക്കു നൽകാൻ ഉദ്യോഗസ്ഥർ കരുതിയത് 500 രസീത്. പരാതികളാകട്ടെ മൂവായിരത്തോളം. രസീതുകൾ ആദ്യമണിക്കൂറിൽതന്നെ തീർന്നു. വിവരമറിഞ്ഞ സബ് കലക്ടർ ഉദ്യോഗസ്ഥരെ ശകാരിച്ചു.പരാതിക്കാരുടെ എണ്ണം നിങ്ങളാണോ തീരുമാനിച്ചതെന്ന് സബ് കലക്ടർ സൂഫിയാൻ അഹമ്മദ് ഉദ്യോഗസ്ഥരോട് കയർത്തു. ഇതിനിടെ ചില ഉദ്യോഗസ്ഥർ രസീതിന്റെ ഫോട്ടോ കോപ്പി സംഘടിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. ഇതിനിടെ പരാതിക്കാരുടെ എണ്ണം കൂടിക്കൂടി വന്നു.

1500 രസീത് കൂടി പ്രിന്റ് ചെയ്യാൻ നിർദേശം നൽകിയതായും ഉടൻ എത്തുമെന്നും ഉദ്യോഗസ്ഥർ സബ് കലക്ടറെ അറിയിച്ചു. എന്നാൽ 3000 രസീത് തയാറാക്കി വയ്ക്കണമെന്ന് സബ് കലക്ടർ കർശന നിർദേശം നൽകി. ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ എന്നിവർക്ക് പ്രത്യേക കൗണ്ടർ ഒരുക്കിയെങ്കിലും ക്യൂ സംവിധാനം കൃത്യമായി നടപ്പാക്കാത്തതിനാൽ വിജയം കണ്ടില്ല. രസീത് തീർന്നതോടെ ഇടയ്ക്ക് പലർക്കും രസീത് നൽകാൻ കഴിയാത്തതും തിരക്ക് വർധിക്കാനിടയാക്കി. മുഖ്യമന്ത്രി വേദിയിൽ പ്രസംഗിക്കുമ്പോഴേക്കും കൗണ്ടറിൽ പരാതികളുടെ എണ്ണം 2250 കഴിഞ്ഞു.

തൃക്കരിപ്പൂർ മണ്ഡലം നവകേരള സദസിന്റെ പരാതി സ്വീകരണ കൗണ്ടറിലേക്ക് ആദ്യഘട്ടത്തിൽ എത്തിയ കൈപ്പറ്റ് രശീതിന്റെ 10 പുസ്തകങ്ങളും ആദ്യമണിക്കൂറിൽ തന്നെ തീർന്നു. ഇതിൽ 500 രശീതുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇക്കാര്യം ശ്രദ്ധയിൽ പെട്ടതോടെ കൗണ്ടറിന്റെ ചുമതലയിരുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇടപെട്ട് പിലിക്കോട് പഞ്ചായത്ത്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലെത്തി ഇതിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി എടുത്തു കൊണ്ടുവന്നു. പിന്നീട് കൂടുതൽ രശീത് ബുക്കുകൾ എത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com