ഉപ്പള റെയിൽവേ സ്റ്റേഷൻ അവഗണന അവസാനിപ്പിക്കണമെന്ന് എംപിയോട് യാത്രക്കാർ
Mail This Article
ഉപ്പള∙മഞ്ചേശ്വരം താലൂക്കിലെ പ്രധാന റെയിൽവേ സ്റ്റേഷനായ ഉപ്പളയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നു സ്റ്റേഷൻ സന്ദർശിക്കാനെത്തിയ രാജ്മോഹൻ ഉണ്ണിത്താൻ എംപിയോടു യാത്രക്കാരും സന്നദ്ധ സംഘടന പ്രവർത്തകരും ആവശ്യപ്പെട്ടു. താലൂക്ക് ആസ്ഥാനമായ ഉപ്പളയിലെ റെയിൽവേ സ്റ്റേഷനിൽ മാലിന്യം കുമിഞ്ഞു കൂടുകയാണ്. സ്റ്റേഷനും പരിസരവും ശുചീകരിക്കുന്നത് കുറവാണെന്നു യാത്രക്കാർ പരാതിപ്പെട്ടു.
ശുചീകരണമില്ലാത്തതിനാൽ സ്റ്റേഷൻ പരിസരമാകെ ദുർഗന്ധവും ഉറുമ്പ് ശല്യവും ഏറെയാണെന്നു യാത്രക്കാർ പറഞ്ഞു.ഉപ്പളയിൽ ഒരു കൊമേഴ്സ്യൽ ക്ലാർക്ക് മാത്രമാണുള്ളത്. ഇത് കാരണം രാവിലെ 10 വൈകിട്ട് 4 ആളില്ലാത്ത അവസ്ഥയാണ്. ഇതു കാരണം സാമൂഹിക വിരുദ്ധരുടെ ശല്യം ഏറെയാണ്.. ഇതു പരിഹരിക്കാനായി രണ്ടു കൊമേഴ്സ്യൽ ക്ലാർക്കുമാരെ നിയമിക്കണമെന്നും തൽക്കാൽ അടക്കമുള്ള റിസർവേഷൻ സൗകര്യം പുനരാരംഭിക്കണമെന്നും നാട്ടുകാർ എംപിയോടു ആവശ്യപ്പെട്ടു.ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ സന്ദർശനത്തിന്റെ ഭാഗമായി ഉപ്പള റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു.
സന്ദർശന വേളയിൽ സ്റ്റേഷൻ അടഞ്ഞു കിടക്കുകയായിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എം.പിക്ക് നിവേദനങ്ങൾ സമർപ്പിച്ചു.നേത്രാവതി, മാവേലി, കണ്ണൂർ–ബെംഗളൂരു തുടങ്ങിയ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ്, റിസർവേഷൻ സൗകര്യം, ഉപ്പള ടൗണും മണിമുണ്ടയെയും ബന്ധിപ്പിക്കുന്ന മേൽപാലം തുടങ്ങിയ ആവശ്യങ്ങൾ നാട്ടുകാർ ആവശ്യപ്പെട്ടു.മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് റുബീന നൗഫൽ, മഞ്ജുനാഥ ആൾവ, അസീസ് മരിക്കെ, എം.ബി യൂസുഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ബി.ഹനീഫ്, പഞ്ചായത്ത് അംഗങ്ങളായ ടി.എ.ഷെരീഫ്, ഉമ്പായി പെരിങ്കടി, ബാബു, ഷാഹുൽ ഹമീദ് ബന്തിയോട്, അഷ്‌റഫ് സിറ്റിസൺ, സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ ഭാരവാഹികളായ അസീം മണിമുണ്ട, എം. കെ. അലി, നാഫി ബപ്പായിതൊട്ടി, പി.എം സലീം, മാതേരി അബ്ദുല്ല, കുട്ടിക്കൃഷ്ണൻ, ഷാഫി പത്വാടി, കൃഷ്ണൻ, അബ്ദുൽ റഷീദ്, അശോകൻ, ഷബീർ മണിമുണ്ട എന്നിവർ പ്രസംഗിച്ചു.