ADVERTISEMENT

കാസർകോട് ∙ ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്’ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഡിജിറ്റൽ സർവേ ഒന്നാം ഘട്ടം പൂർത്തിയാകുന്നു. ആദ്യഘട്ടത്തിൽ ആരംഭിച്ച മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിലെ 18 വില്ലേജുകളിലും പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയാകാറായി. ഇതു വരെ 15 വില്ലേജുകളിൽ സർവേ അതിര് അടയാള നിയമപ്രകാരമുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇവ ഭൂവുടമകൾ പരിശോധിച്ച് വ്യക്തത വരുത്തി പൂർണമായും കുറ്റമറ്റ രീതിയിൽ രേഖകൾ കൈമാറാനാണ് ലക്ഷ്യം. എല്ലാ ഭൂമി സംബന്ധമായ സേവനങ്ങളും തുടർന്ന് ഓൺലൈൻ വഴി മാത്രമേ ലഭിക്കുകയുള്ളൂ.

10500 ഹെക്ടർ സർവേ പൂർത്തിയായി
ജില്ലയിൽ ഒന്നാം ഘട്ടത്തിൽ സർവേ ചെയ്യാനുണ്ടായിരുന്ന ആകെ 10122 ഹെക്ടർ ഭൂമിയിൽ ഇതുവരെ 9800 ഹെക്ടർ സർവേ പൂർത്തിയായി. ജില്ലയിൽ രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട 18 വില്ലേജുകളിലെ 5 വില്ലേജുകളിൽ ഡിജിറ്റൽ സർവേ ആരംഭിച്ചു. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് രണ്ടാം ഘട്ടം ഡിജിറ്റൽ സർവേ ആരംഭിച്ചത്. പേരോൽ, ബാര, കുഞ്ചത്തൂർ, ഇച്ചിലങ്കോട്, ചീമേനി-2 എന്നീ 5 വില്ലേജുകളിലാണ് സർവേ ആരംഭിച്ചത്. ഇത് ഉൾപ്പെടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി 10500 ഹെക്ടർ സ്ഥലത്ത് സർവേ പൂർത്തിയായി. സംസ്ഥാനത്ത് 1666 വില്ലേജുകളിൽ 1550 വില്ലേജുകളിൽ ആണ് ഡിജിറ്റൽ സർവേ. ജില്ലയിൽ 129 വില്ലേജുകളുണ്ട്.

പോർട്ടലിൽ പരിശോധിക്കാം
ഡിജിറ്റൽ സർവേ ചെയ്ത ഭൂമിയുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് എന്റെ ഭൂമി പോർട്ടലിൽ സിറ്റിസൻ ലോഗിൻ ചെയ്ത് പരിശോധിക്കാൻ സാധിക്കും. സർവേ അതിരടയാള നിയമപ്രകാരം പ്രസിദ്ധീകരിച്ച ശേഷം പരാതികൾ ഓൺലൈൻ ആയി നൽകാനും സൗകര്യം ഉണ്ട്. 30 ദിവസം ഇതിനു സമയം അനുവദിക്കും. അതിനുശേഷം രേഖകൾ അന്തിമമായി പ്രസിദ്ധികരിച്ച് റവന്യു ഭരണത്തിന് കൈമാറും. ബന്ധപ്പെട്ട ക്യാംപ് ഓഫിസിലും ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടും പരാതി പരിഹരിക്കാം. എന്റെ ഭൂമി പോർട്ടൽ ലോഗിൻ ചെയ്യാനുള്ള വിലാസം : htpp://entebhoomi.kerala.gov.in

സർവേ നടത്താൻ 161 പേരുടെ ടീം
വകുപ്പ് സർവേയർ കൂടാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കരാർ വ്യവസ്ഥയിൽ നിയമിച്ച 56 സർവേയർമാർ, 105 ഹെൽപർമാർ എന്നിവരുടെ സേവനമാണ് സർവേയ്ക്കായി ഉപയോഗപ്പെടുത്തുന്നത്. സർവേ ഡപ്യൂട്ടി ഡയറക്ടർ എസ്.സലീം, അസി.ഡയറക്ടർ ആസിഫ് അലിയാർ, ടെക്നിക്കൽ അസിസ്റ്റന്റ് കെ.പി.ഗംഗാധരൻ റീസർവേ സൂപ്രണ്ടുമാരായ പ്രസാദ്, ബിന്ദു, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് സർവേ നടക്കുന്നത്. അതേസമയം കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ഹെൽപർമാർ, സർവേയർമാർ എന്നിവരുടെ കാലാവധി 179 ദിവസം കഴിഞ്ഞിട്ടും അവരെ പിരിച്ചു വിടാതെ അവരെ തന്നെ വീണ്ടും കരാർ പുതുക്കി നിയമിക്കുന്നത് മറ്റ് ഉദ്യോഗാർഥികളുടെ അവസരം നഷ്ടമാകുമെന്ന പരാതി ഉയർന്നിട്ടുണ്ട്.

അതേ സമയം ഫീൽഡ് പ്രവർത്തനത്തിൽ നല്ല മികവു പുലർത്തുന്നവർക്കാണ് കരാർ പുതുക്കി നൽകുന്നതെന്നും അല്ലാതെ വരുന്ന ഒഴിവുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കും എന്നുമാണ് അധികൃതരുടെ വിശദീകരണം. പലപ്പോഴും നിശ്ചിത യോഗ്യത ഉള്ളവരെ കിട്ടാത്ത പ്രശ്നവും ഉണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചവരിൽ തന്നെ പലരും ജോലി എടുത്തു തുടങ്ങുന്നതിനിടെ വിട്ടു പോകുന്നുമുണ്ട്. ഇത് നിലവിലുള്ള സർവേയുടെ സുഗമമായ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു എന്നു അധികൃതർ പറയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com