കാസർകോട് ജനറൽ ആശുപത്രിയിൽ ഉച്ചയ്ക്ക് ശേഷം ഒപി നിലച്ചു; കാഷ്വൽറ്റിയിൽ ജോലി ഭാരം
Mail This Article
കാസർകോട്∙ജനറൽ ആശുപത്രിയിൽ ഉച്ചയ്ക്കു ശേഷം ജനറൽ ഒപി, പനി ഒപി എന്നിവ നിർത്തിയതോടെ കാഷ്വൽറ്റി വിഭാഗത്തിന് അധിക ഭാരം. പൊതുവേയുള്ള ഡോക്ടർമാരുടെ എണ്ണക്കുറവിനു പുറമേ ചില ഡോക്ടർമാർ കോഴ്സ് അവധിയിലുമായതോടെയാണ് രണ്ടു ദിവസം ഫീവർ ഒപി നിലച്ചത്. ഇന്നലെയും ഉണ്ടായില്ല. കാഷ്വാലിറ്റി വിഭാഗത്തിലാകട്ടെ ഒരു ഡോക്ടർ മാത്രമാണ് ഉള്ളത്.
നീണ്ട ക്യൂ നേരിടാൻ കഴിയാത്തത്ര സാഹസം അനുഭവിക്കേണ്ടി വരുന്ന സ്ഥിതിയിലാണ് ഇവിടെയുള്ള ഡോക്ടർ. പേര് അത്യാഹിത വിഭാഗം ആണെങ്കിലും അടിയന്തര ചികിത്സ ആവശ്യം ഇല്ലാത്തവർ പോലും ഇവിടെ പരിശോധനയ്ക്കെത്തുന്നത് ദുരിതം ഉണ്ടാക്കുന്നുണ്ട്. ജലജന്യ രോഗങ്ങൾ, ഡെങ്കിപ്പനി തുടങ്ങിയവ ഭീതി പരത്തുന്ന സാഹചര്യത്തിൽ ജനറൽ–പനി ഒപികളുടെ പ്രവർത്തനം നിലച്ചത് ദുരിതമായിട്ടുണ്ട്..
രാവിലെ ഒപികളിൽ തിരക്ക്
രാവിലെ വിവിധ ഒപി വിഭാഗങ്ങളിൽ ചികിത്സ തേടുന്നവരുടെ നീണ്ട നിരയാണ്. ജനറൽ ആശുപത്രിയിൽ മികച്ച ചികിത്സയും ആവശ്യമായ മരുന്ന്, ലാബ് സൗകര്യവും ലഭിക്കുന്നു എന്ന കാരണത്താലാണ് രോഗികൾ ഏറെയും ഇവിടെ എത്തുന്നത്. മതിയായ ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിച്ച് കൂടുതൽ സൗകര്യം രോഗികൾക്ക് നൽകണമെന്ന ആവശ്യം ഉയർന്നു വരുമ്പോൾ ദിവസ വേതനത്തിൽ പോലും ഡോക്ടർമാരെ കിട്ടാനില്ലെന്നാണ് അധികൃതർ പറയുന്നത്. രാവിലെ പതിവ് ഒപിയിൽ തന്നെ പലപ്പോഴും ഡോക്ടർമാർ കൂടുതൽ സമയം ഉണ്ടാകുന്നില്ലെന്ന പരാതിയും ഉണ്ട്.
ഉച്ചയ്ക്കു ശേഷവും സ്പെഷൽ ഒപി വേണം
ഇതിനിടെ സ്പെഷ്യൽറ്റി വിഭാഗം ഡോക്ടർമാരുടെ സേവനം ഉച്ചയ്ക്കു ശേഷവും ആശുപത്രിയിൽ ഒപിയിലും മറ്റുമായി ലഭ്യമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.