അവസാന ബസ് പെരുവഴിയിൽ; യാത്രക്കാരും പെരുവഴിയിൽ
Mail This Article
കാഞ്ഞങ്ങാട് ∙ അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിന് പകരം ബസ് ഏർപ്പെടുത്താത്തത്യാത്രക്കാരെ പെരുവഴിയിലാക്കി. കഴിഞ്ഞ ദിവസമാണ് വൈകിട്ടാണ് സംഭവം. കാഞ്ഞങ്ങാട് നിന്നും ഒടയംചാൽ വഴി കൊന്നക്കാട് വരെ പോകുന്ന അവസാന സർവീസ് ആണിത്. രാത്രി 7.30 നാണ് കാഞ്ഞങ്ങാട് നിന്നു പുറപ്പെടുന്നത്. എന്നാൽ ഉച്ചയോടെ ഈ ബസ് മാലോം പള്ളിക്കുന്നിൽ അപകടത്തിൽ പെട്ടു. പൊലീസ് കേസുമായി ബന്ധപ്പെട്ട് ബസ് സ്റ്റേഷനിൽ ആയതിനാൽ ബസിന് സർവീസ് നടത്താനായില്ല.എന്നാൽ അവസാന സർവീസ് ആയതിനാൽ അധികൃതർ പകരം സംവിധാനം ഒരുക്കാത്തത് ആണ് കടുത്ത പ്രതിഷേധത്തിന് കാരണമായത്. നായ്ക്കയം, ഇടത്തോട് പരപ്പ, കല്ലഞ്ചിറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പതിവായി യാത്ര ചെയ്യുന്നവരാണ് ഇതോടെ ദുരിതത്തിലായത്.
അതിനിടെ കെഎസ്ആർടിസി കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നു തെറ്റായ വിവരം നൽകിയതും യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കി. ബസ് അപകടത്തിൽപ്പെട്ട വിവരം അറിഞ്ഞ് ബസിന്റെ കാര്യം അന്വേഷിക്കാൻ വിളിച്ചവരോട് ബസ് ഉണ്ടെന്ന മറുപടി നൽകിയതാണ് കൂടുതൽ പ്രയാസമുണ്ടാക്കിയത്. തുടർന്ന് പലരും ബസിനെ കാത്തു നിന്ന് സമയം നഷ്ടപ്പെടുത്തി. ഇൻഫർമേഷൻ കൗണ്ടറിൽ ഒരു ധാരണയും ഇല്ലാത്തവരെ ഇരുത്തിയതും യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. പകരം സംവിധാനമുണ്ടാക്കാൻ ഏറെ സമയമുണ്ടായിട്ടും ഡിപ്പോ അധികൃതർ തയാറായില്ല എന്നാണ് യാത്രക്കാർ പറയുന്നത്.