കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പ്രവർത്തനങ്ങൾക്കു ഇന്ന് തുടക്കം
Mail This Article
കാസർകോട്∙ മൃഗസംരക്ഷണ വകുപ്പിന്റെ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള നാലാംഘട്ട കുളമ്പു രോഗ പ്രതിരോധ കുത്തിവയ്പ് പ്രവർത്തനങ്ങൾക്കു ജില്ലയിൽ ഇന്ന് തുടക്കമാകും. 27 വരെയായി 21 പ്രവൃത്തി ദിവസങ്ങളിലാണ് കുത്തിവയ്പ് നടത്തുന്നത്. പഞ്ചായത്ത് –നഗരസഭാ തലത്തിൽ വീടുവീടാന്തരമായോ, ക്യാപുകളായോ പ്രാദേശിക നിർവഹണ സമിതിയുടെ തീരുമാനപ്രകാരം നടത്തും.
20ാമത് കന്നുകാലി സെൻസസ് അവലംബമാക്കിയുള്ള വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ 75474 കന്നുകാലികളെ കുത്തിവയ്പിന് വിധേയമാക്കും. നാഷനൽ സ്റ്റിയറിങ് കമ്മിറ്റി, പ്രോഗ്രാം മാനേജ്‌മെന്റ് ഏജൻസി വഴി സംഘാടനം നിർവഹിക്കും. 2025ൽ രാജ്യത്ത് കുളമ്പ് രോഗം നിയന്ത്രണ വിധേയമാക്കുകയും 2030ൽ കുളമ്പ് രോഗം വിമുക്ത ഭാരതം സൃഷ്ടിക്കുകയുമാണ് ലക്ഷ്യത്തോടെയാണ് പ്രവർത്തനം നടത്തുന്നത്.
പ്രത്യേക പരിശീലനം നൽകി സജ്ജമാക്കിയ 97 സ്‌ക്വാഡുകളെ കുത്തിവയ്പിനായി നിയോഗിച്ചിട്ടുണ്ട്. കുത്തിവയ്പ് നടത്തിയശേഷം ബാർകോഡ് അടങ്ങിയ 12 അക്കമുള്ള ഇയർടാഗ് (കമ്മൽ) ചെവിയിൽ ഘടിപ്പിക്കും. ക്ഷീര കർഷകരേയും ഉരുക്കളെയും തിരിച്ചറിയുന്നതിനായി ഈ വിവരങ്ങൾ പ്രത്യേക സോഫ്റ്റ് വെയറിലൂടെ ഡേറ്റ എൻട്രി നടത്തി സൂക്ഷിക്കും.
ഇവ ഉരുക്കളുടെ ഇൻഷുറൻസ്, കാലിത്തീറ്റ വിതരണ പദ്ധതി, ദുരിതാശ്വാസ-ദുരന്ത നിവാരണ ധനസഹായം തുടങ്ങിയവയ്ക്ക് നിർബന്ധമാക്കിയിട്ടുണ്ട്. കുത്തിവയ്പ് തുടങ്ങിയ സേവനങ്ങൾ അടക്കമുള്ള ഉരുക്കളുടെ വിവരണമടങ്ങിയ ഒരു ആരോഗ്യ കാർഡും വാക്‌സിനേഷൻ സർട്ടിഫിക്കറ്റും കർഷകർക്ക് നൽകുന്നുണ്ട്.
കേന്ദ്ര ഏജൻസി നേരിട്ട് മോണിറ്ററിങ് നടത്തും. കൂടാതെ ജില്ല, താലൂക്ക്, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിൽ മോണിറ്ററിങ് നടത്തും. പ്രതിരോധ കുത്തിവയ്പ് തീർത്തും സൗജന്യമാണ്.കുളമ്പ് രോഗ മുക്ത ഭാരതം ലക്ഷ്യമിട്ട് സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന കുളമ്പ് രോഗ പ്രതിരോധ തീവ്രയജ്ഞ പരിപാടിയിൽ മുഴുവൻ ക്ഷീരകർഷകരും സഹകരിക്കണമെന്നും ഉരുക്കളെ കുത്തിവയ്പിന് വിധേയമാക്കി എന്ന് ഉറപ്പാക്കണമെന്നും ആനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് ജില്ലാ കോഓർഡിനേറ്റർ അറിയിച്ചു.