എസ്എഫ്ഐ സമരം: സ്കൂളുകളിൽ സംഘർഷം

Mail This Article
നീലേശ്വരം, ∙എസ്എഫ്ഐ സമരത്തിനിടെ നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിലും കാടങ്കോട് ഗവ.ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലും സംഘർഷം. നീലേശ്വരത്ത് 2 പ്രവർത്തകർക്കു പരുക്കേറ്റതായി കെഎസ്‌യു. വിദ്യാർഥികളെ പിരിച്ചുവിടാൻ നീലേശ്വരം പൊലീസ് ലാത്തിവീശി. പഠിപ്പുമുടക്ക് സമരം കഴിഞ്ഞിറങ്ങിയ എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യുവിനെതിരെ മുദ്രാവാക്യം മുഴക്കി കൊടിതോരണങ്ങൾ നശിപ്പിച്ചുവെന്നും ഇതു ചോദ്യം ചെയ്ത 2 പ്രവർത്തകർക്ക് അടിയേറ്റന്നും കെഎസ്‌യു അറിയിച്ചു.
സംഘർഷം കനത്തതോടെ നീലേശ്വരം സിഐ, കെ.പ്രേം സദന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇരുവിഭാഗത്തെയും ലാത്തിവീശി ഓടിച്ചു. കഴിഞ്ഞ ദിവസം നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാജാസ് സ്കൂളിൽ 10 ൽ 8 സീറ്റും നേടി കെഎസ്‌യു വിജയിച്ചിരുന്നു. ഇതിനു മുന്നോടിയായി കൊടി തോരണങ്ങൾ കെട്ടുന്ന ഘട്ടം മുതൽ ഇവിടെ സംഘർഷാവസ്ഥയുണ്ട്.
എസ്എഫ്ഐ– എംഎസ്എഫ് സംഘർഷം
ചെറുവത്തൂർ ∙ കാടങ്കോട് ഗവ.ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എഫ്ഐ–എംഎസ്എഫ് സംഘട്ടനം. സംഘട്ടനത്തിൽ പരുക്കേറ്റ ഇരു വിഭാഗത്തിലെയും വിദ്യാർഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗവർണർ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പഠിപ്പുമുടക്കിന്റെ ഭാഗമായി നടത്തിയ പ്രകടനത്തെ എംഎസ്എഫ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു എന്നാണ് എസ്എഫ്ഐയുടെ പരാതി. പരുക്കേറ്റ 5എസ്എഫ്ഐ പ്രവർത്തകർ ചെറുവത്തൂർ ഗവ.കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. എന്നാൽ വിദ്യാഭ്യാസ ബന്ദിന്റെ പേരിൽ സ്കൂളിലെ എംഎസ്എഫ് പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചു എന്നാണ് എംഎസ്എഫിന്റെ ആരോപണം.
ഇതിൽ പരുക്കേറ്റവരെ ആശുപത്രിയിൽ വാഹനത്തിൽ കൊണ്ടു പോകുമ്പോൾ എസ്എഫ്ഐ–ഡിവൈഎഫ്ഐ പ്രവർത്തകർ ചെറുവത്തൂർ റെയിൽവേ മേൽപ്പാലത്തിന് സമീപം വാഹനം തടഞ്ഞു നിർത്തി വീണ്ടും മർദിച്ചതായി പരാതിയുണ്ട്. പരുക്കേറ്റ 2എംഎസ്എഫ് വിദ്യാർഥികളെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നു മുതൽ സ്കൂളിൽ അനിശ്ചിതകാല സമരം നടത്താൻ എംഎസ്എഫ് യൂണിറ്റ് കമ്മിറ്റി തീരുമാനിച്ചു.