ADVERTISEMENT

കാറഡുക്ക ∙ വ്യത്യസ്ത അഭിപ്രായവും അഭിരുചിയും ഉള്ളവരെ യോജിപ്പിക്കുന്നതാണു സ്കൂൾ കലാമേളകളുടെ പ്രത്യേകതയെന്നു സ്പീക്കർ എ.എൻ.ഷംസീർ. കാറഡുക്ക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുമ്പോൾ സംരക്ഷിക്കുക എന്നതു ഓരോ പൗരന്റെയും കടമയാണ്. മാലിന്യ സംസ്കരണത്തിനും ലഹരിക്കുമെതിരായ പൊതുബോധം കുട്ടികളിൽ വളർത്തണമെന്നും സ്പീക്കർ പറഞ്ഞു. അടുത്ത സംസ്ഥാന സ്കൂൾ കലോത്സവം കാസർകോട് മണ്ഡലത്തിൽ അനുവദിക്കണമെന്നും സർക്കാരിൽ നിർണായക സ്വാധീനമുള്ള സ്പീക്കർ ഇതിനായി സഹായിക്കണമെന്നും അധ്യക്ഷ പ്രസംഗത്തിൽ എൻ.എ.നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. 

ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസ് ടീം.
ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസ് ടീം.

എംഎൽഎ അഭ്യർഥന മുന്നോട്ടു വച്ചാൽ, നിയമസഭാധ്യക്ഷൻ എന്ന നിലയിൽ തന്റെ പിന്തുണയുണ്ടാകുമെന്നും ഒരു ‘തള്ള്’ എന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും സ്പീക്കർ പറഞ്ഞപ്പോൾ സദസിലും വേദിയിലും ചിരി പടർന്നു. എംഎൽഎമാരായ ഇ.ചന്ദ്രശേഖരൻ, എ.കെ.എം.അഷ്റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ഡിഡിഇ എൻ.നന്ദികേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്.എൻ.സരിത, അംഗങ്ങളായ പി.ബി.ഷഫീഖ്, ശൈലജ എൻ.ഭട്ട്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.സവിത, എം.രത്നാകര, എ.പ്രസീജ, രൂപ സത്യൻ, വി.ദിനേശ, ജെ.ജയറാം, പിടിഎ പ്രസിഡന്റ് കെ.സുരേഷ് കുമാർ, ഗീത തമ്പാൻ, സുരേഷ് കുമാർ മൂടാങ്കുളം, എം.സഞ്ജീവ എന്നിവർ പ്രസംഗിച്ചു.  ആർട്ടിസ്റ്റ് സി.കെ.നായർ കാനത്തൂർ സുവനീർ ഏറ്റുവാങ്ങി.

ചവിട്ടുനാടകത്തിൽ ചുവടുറപ്പിച്ചു വീണ്ടും ചട്ടഞ്ചാൽ എച്ച്എസ്എസ്. തുടർച്ചയായ 13–ാം വർഷവും ഹയർസെക്കൻഡറി വിഭാഗത്തിൽ ചട്ടഞ്ചാൽ എച്ച്എസ്എസ് ജേതാക്കളായി.  ഹൈസ്കൂൾ വിഭാഗത്തിൽ കഴിഞ്ഞ തവണ കൈവിട്ട ഒന്നാം സ്ഥാനം ഇക്കുറി ചട്ടഞ്ചാൽ സ്കൂൾ തിരിച്ചു പിടിച്ചു. 13 വർഷത്തിൽ ഒരു തവണ മാത്രമാണ് ഹൈസ്കൂൾ വിഭാഗത്തിൽ ചട്ടഞ്ചാൽ സ്കൂളിനു വിജയം നഷ്ടമായത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ രാജുവും ഹൈസ്കൂൾ വിഭാഗത്തിൽ ഭവ്യശ്രീയുമാണ് പരിശീലകർ. 

ഹൊസ്ദുർഗ്  മുന്നിൽ
ജില്ലാ സ്‌കൂൾ കലോത്സവത്തിൽ 427 പോയിന്റോടെ ഹൊസ്ദുർഗ് ഉപജില്ല മുന്നിൽ. 418 പോയിന്റ് നേടിയ കാസർകോട് ഉപജില്ല രണ്ടാം സ്ഥാനത്തും 400 പോയിന്റോടെ കുമ്പള ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്. സ്്കൂൾതലത്തിൽ 129 പോയിന്റോടെ കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂൾ മുന്നിലാണ്.

അപ്പീലുകൾ 32 
ഇന്നലെ കനത്ത വെയിലിനെ പോലും വക വയ്ക്കാതെ ഒട്ടേറെ കലാസ്വാദകരാണു വേദികളിലെത്തിയത്. ഉച്ചസമയത്തു പോലും ഒപ്പന വേദി നിറഞ്ഞു കാണികളുണ്ടായിരുന്നു. എന്നാൽ ഹൈസ്കൂൾ വിഭാഗം ഒപ്പന മത്സരത്തിന്റെ വിധി നിർണയത്തിനെതിരെ ജിഎച്ച്എസ്എസ് ഉദിനൂർ അപ്പീൽ നൽകി. ഇതുവരെ കലോത്സവത്തിൽ ലഭിച്ച അപ്പീലുകൾ 32. 

 രാം ദ്രൗപദ് കൃഷ്ണയും അച്ഛൻ രാമകൃഷ്ണനും.
രാം ദ്രൗപദ് കൃഷ്ണയും അച്ഛൻ രാമകൃഷ്ണനും.

അച്ഛന്റെ ശിക്ഷണത്തിൽ  മോണോആക്ടിൽ രാം ദ്രൗപദ് ഒന്നാമൻ
പൊലീസ് ഉദ്യോഗസ്ഥനായ അച്ഛന്റെ ശിക്ഷണത്തിൽ മോണോആക്ട് വേദിയിലെത്തിയ രാം ദ്രൗപദ് കൃഷ്ണ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. ആലുവയിൽ പിഞ്ചുകുഞ്ഞിനെ അതിഥിത്തൊഴിലാളി കൊലപ്പെടുത്തിയ സംഭവമാണ് അവതരിപ്പിച്ചത്. ജിവിഎച്ച്എസ്എസ് പെരിയയിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ രാം ധ്രുവിൻ കൃഷ്ണ മുൻ സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ട് എ ഗ്രേഡ് നേടിയിട്ടുണ്ട്.  സബ് ഇൻസ്പെക്ടറായ പി.കെ.രാമകൃഷ്ണനാണ് രാം ദ്രൗപദിന്റെയും ഗുരു. നാടക, ഷോർട്ട് ഫിലിം മേഖലകളിൽ ഇദ്ദേഹം സജീവമാണ്. മാതമംഗലം ഗവ.ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക പി.ബിന്ദുമോളാണ് രാം ദ്രൗപദിന്റെ മാതാവ്. 

3 വിദ്യാഭ്യാസ  ഉപജില്ലകൾക്ക് അവധി
ജില്ലാ കലോത്സവം കണക്കിലെടുത്ത് ഇന്ന് മഞ്ചേശ്വരം, കുമ്പള, കാസർകോട് വിദ്യാഭ്യാസ ഉപജില്ലകൾക്കു വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ അവധി പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി വരെയുള്ള കേരള സിലബസ് അൺ എയ്ഡഡ് വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com