ADVERTISEMENT

തൃക്കരിപ്പൂർ∙ കഴിഞ്ഞദിവസം രാത്രി വൈകിയുണ്ടായ കനത്ത മിന്നലിലും മഴയിലും ജില്ലയുടെ തെക്കൻ മേഖലയിൽ പലയിടത്തും നാശനഷ്ടം. പ്രധാനമായും ചെറുവത്തൂർ, തൃക്കരിപ്പൂർ മേഖലയിലാണു പ്രശ്നങ്ങളുണ്ടായത്. മലയോരത്ത് ചിലയിടങ്ങളിൽ ശക്തമായ കാറ്റും മഴയുമുണ്ടായി. തൃക്കരിപ്പൂരിൽ രാത്രി ഒരു മണിക്കൂറിനുള്ളിൽ 128 മില്ലിമീറ്റർ, പാണത്തൂരിൽ 48 മില്ലിമീറ്റർ എന്നിങ്ങനെ മഴ ലഭിച്ചു.ഇന്നലെ രാവിലെ വരെ പെയ്ത മഴയുടെ ശരാശരി കണക്കെടുക്കുമ്പോൾ പടന്നക്കാട്, ഹൊസ്ദുർഗ്, പിലിക്കോട്, പാണത്തൂർ, എരിക്കുളം, ഷേണി, ഉപ്പള, പരപ്പ തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചു. മഴയും മിന്നലും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിപ്പ് നൽകിയിരുന്നു.

ഖാദി ബോർഡിന്റെ കിടക്ക നിർമാണ യൂണിറ്റ് മിന്നലേറ്റു കത്തിനശിച്ചു
ഖാദി ബോർഡിന്റെ പയ്യന്നൂർ ഖാദി കേന്ദ്രത്തിനു കീഴിൽ തെക്കേ തൃക്കരിപ്പൂരിലെ ഇളമ്പച്ചിയിൽ പ്രവർത്തിക്കുന്ന കിടക്ക നിർമാണ യൂണിറ്റ് കെട്ടിടം ഉൾപ്പെടെ പൂർണമായും കത്തിയെരിഞ്ഞു.രാത്രി 12.30 നു ശേഷമാണ് കിടക്ക നിർമാണ യൂണിറ്റിൽ നിന്നു പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. അരികിൽ താമസിക്കുന്ന ജീവനക്കാരൻ ആന്റണി അഗ്നിരക്ഷാ സേനയെയും നാട്ടുകാരെയും വിവരം അറിയിച്ചു. ഖാദി കേന്ദ്രം ഡയരക്ടർ കെ.വി.രാജേഷും മറ്റു ജീവനക്കാരും ഒരു മണിയോടെ സ്ഥലത്തെത്തി.

അസി.സ്റ്റേഷൻ ഓഫിസർ എൻ.കുര്യാക്കോസ്, ലീഡിങ് ഫയർമാൻ ഗണേശൻ കിണറ്റുങ്കര എന്നിവരുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേനയുടെ 5 യൂണിറ്റുകൾ ചേർന്നാണ് തീയണച്ചത്. സ്റ്റോക്ക് മുറിയിലേക്കു തീ പടരാതെ നോക്കിയതിനാൽ കൂടുതൽ നാശം സംഭവിക്കുന്നത് തടയാനായി. കെട്ടിടത്തിൽ നിന്നു തീയും പുകയും ഉയർന്നത് പരിസരത്ത് താമസിക്കുന്നവരിൽ പരിഭ്രാന്തി പരത്തി. ഉന്നത്തിന്റെ പുകമണം ചിലരിൽ പ്രയാസവുമുണ്ടാക്കി.13 ലക്ഷം രൂപയുടെ ഉന്നവും മറ്റും നശിച്ചതായാണ് ബന്ധപ്പെട്ടവരും കണക്ക്. കെട്ടിടത്തിന്റെ നാശം ഉൾപ്പെടെ 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നു ഖാദി ബോർഡ് അധികൃതർ കണക്കാക്കിയിട്ടുണ്ട്. ഇടിമിന്നലിൽ ഷോർട്ട് സർക്യൂട്ട് സംഭവിച്ചതാണ് തീ പിടുത്തത്തിനു കാരണമെന്നു പ്രാഥമിക നിഗമനം. 

കൃഷിനാശവും
തൃക്കരിപ്പൂർ∙കഴിഞ്ഞ ദിവസത്തെ ഇടിമിന്നലിലും മഴയിലും കൃഷിനാശത്തിനൊപ്പം വ്യാപാര സ്ഥാപനങ്ങൾക്ക് നാശംം വരുത്തി. എടാട്ടുമ്മലിൽ സി.കെ.ശാരദയുടെ വീട്ടിലെ പശുത്തൊഴുത്തിനു മുകളിൽ തെങ്ങ് കടപുഴകി. തൊഴുത്തിലുണ്ടായിരുന്ന പശുക്കൾക്ക് പരുക്ക് പറ്റി. ബി.ശശിയുടെ വീടിനു മുകളിൽ തെങ്ങ് മുറിഞ്ഞു വീണു കേടുപാട് സംഭവിച്ചു.തൃക്കരിപ്പൂർ ടൗണിൽ നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളും മറ്റും കാറ്റെടുത്തു. ചില കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ നാശമുണ്ടായി. വിവിധ പ്രദേശങ്ങളിൽ തെങ്ങ്, വാഴ തുടങ്ങിയവക്ക് നാശമുണ്ടായി. പച്ചക്കറി കൃഷിക്കും നാശം സംഭവിച്ചു. രാത്രി 11 നു ആരംഭിച്ച കനത്ത മഴയും ശക്തമായ ഇടിമിന്നലും മണിക്കൂറുകൾ നീണ്ടു. കനത്ത കാറ്റിൽ വീടുകളുടെ ഓടുകൾ പറന്നും നാശം നേരിട്ടു.

വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു
 തെങ്ങ് കടപുഴകി വീണ് ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു . കാരിയിൽ കുറ്റിവയലിലെ അരയാംതരുത്തി ചിരുതയുടെ വീടിന്റെ മുകളിലാണ് കഴിഞ്ഞ ദിവസം രാത്രി തെങ്ങ് വീണത്. മേൽക്കൂരയുടെ കഴുക്കോൽ, ഓട് എന്നിവ വീടിനുള്ളിൽ പതിച്ചെങ്കിലും അകത്തുണ്ടായിരുന്ന കുട്ടികളടക്കമുള്ളവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com