കാലം തെറ്റി പെയ്ത ശക്തമായ മഴയിൽ വീടുകൾ തകർന്നു
Mail This Article
നീലേശ്വരം ∙ കാലം തെറ്റി പെയ്ത ശക്തമായ മഴയിൽ നീലേശ്വരം തൈക്കടപ്പുറത്തും കിനാനൂർ കരിന്തളം വീടുകൾ തകർന്നു.തൈക്കടപ്പുറം പാലിച്ചോൻ മുപ്പതിൽക്കണ്ടം പുനത്തിൽ വീട്ടിലെ കുതിരുമ്മൽ മാധവിയുടെ ഓടുമേഞ്ഞ വീടാണ് തകർന്നത്. ആളപായമില്ല. മാധവി വീടിനു പുറത്തിറങ്ങിയ നേരത്താണ് അപകടമുണ്ടായത്.
നീലേശ്വരം നഗരസഭ കൗൺസിലർമാരായ വി.അബൂബക്കർ, അൻവർസാദിഖ്, നീലേശ്വരം പഞ്ചായത്ത് മുൻ അംഗം കെ.കൃഷ്ണാഭായി എന്നിവരും റവന്യു അധികൃതരും വീടു സന്ദർശിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ ഓമച്ചേരിയിൽ ഒ.ഭാസ്കരന്റെ വീടാണ് മഴയിൽ തകർന്നത്. വീടിനു മുകളിൽ മരം വീഴുകയായിരുന്നു.
വീട്ടുകാർ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ ആളപായമുണ്ടായില്ല. 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വില്ലേജ് അധികൃതർ വീട് സന്ദർശിച്ചു. ഓമച്ചേരിയിലെ ഒ.ദേവകിയുടെ വീടിനും കേടുപാടുണ്ടായി. പിൻവശത്തെ കഴുക്കോലുകൾ തകർന്നു.