കാലം തെറ്റി വന്ന മഴ ചതിച്ചു; കുണിയൻ പുഴയോരത്ത് കർഷകരുടെ കണ്ണീർ

Mail This Article
തൃക്കരിപ്പൂർ ∙ കുണിയൻ പുഴയോരത്തെ ഏക്കർ കണക്കിനു നെൽപാടത്തിൽ കർഷകരുടെ കണ്ണീർ. കനത്തമഴയിൽ ഒടിഞ്ഞുകുത്തി വീണ നെൽക്കതിരുകൾ മുള പൊട്ടി. കൃഷി സംരക്ഷണവും നഷ്ടപരിഹാരവും വേണമെന്നു കർഷകർ.
ജില്ലയുടെ തെക്കനതിരിൽ കൊയങ്കര–എടാട്ടുമ്മൽ മേഖലയിലെ ഏക്കർ കണക്കിനു നെൽക്കൃഷിയാണ് നാശം നേരിട്ടത്. കാലം തെറ്റിവന്ന മഴ ദിവസങ്ങൾ തകർത്തു പെയ്തപ്പോൾ കൃഷിയാകെ വെള്ളത്തിൽ മുങ്ങി. ഒഴുകിപ്പോകാൻ ഇടമില്ലാത്ത വെള്ളത്തിൽ വീണു തണ്ടു ചീഞ്ഞ കതിരുകൾ പൊട്ടിമുളക്കുന്ന അവസ്ഥയാണിപ്പോൾ. നിലത്തു പറ്റെ വീണു കിടക്കുന്ന കതിരുകൾ അരിഞ്ഞെടുക്കാൻ കഴിയില്ല.
മുണ്ടകൻ കൃഷിയിലാണ് കാര്യമായ നാശം. കൃഷിയിറക്കിയ തൊണ്ണൂറാൻ, ചിറ്റേനി തുടങ്ങിയ വയലിലും വ്യാപകമായ നാശമുണ്ട്.പാടത്തിൽ നിന്നു കുണിയൻ പുഴയിലേക്കു വെള്ളം ഒഴുക്കി വിടുന്നതിനു സംവിധാനമില്ലാത്തതാണ് നാശത്തിന്റെ ആക്കം കൂട്ടിയത്. മുൻപ് പരിസരത്തെ റോഡിനു ഉണ്ടായിരുന്ന ഡിപ്പിലൂടെ പുഴയിലേക്കു വെള്ളം ഒഴുകിയിരുന്നു. റോഡ് ഉയരം കൂട്ടി നവീകരണം നടത്തിയപ്പോൾ ഡിപ്പില്ലാതായി. പാടത്തു നിന്നു പുഴയിലേക്കു വെള്ളം ഒഴുക്കുന്നതിനു കലുങ്ക് ആവശ്യമാണെന്നു കർഷകർ നേരത്തെ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, പദ്ധതിയില്ല. കാലാവസ്ഥാ മാറ്റം തുടർന്നാൽ ഈ മേഖലയിൽ നെൽക്കൃഷി ഇറക്കാൻ സാധിക്കാതെ വരും.
മഴ കൃഷിനാശകാരിയായി മാറുന്ന സാഹചര്യത്തിൽ വെള്ളക്കെട്ട് പുഴയിലേക്കു ഒഴുക്കി വിടുന്നതിനു സംവിധാനം ഒരുക്കണമെന്നും നാശം നേരിട്ട കർഷകർക്ക് സാമ്പത്തിക സഹായം എത്തിക്കണമെന്നും ആവശ്യമുണ്ട്.