തുലാവർഷം ഔദ്യോഗികമായി വിടവാങ്ങി; ഈ മാസം കാസർകോട് 4317 % അധിക മഴ !!!
Mail This Article
കാഞ്ഞങ്ങാട് ∙ ഈ മാസം ആദ്യ രണ്ടാഴ്ച ജില്ലയിൽ പെയ്തത് ശരാശരി ലഭിക്കേണ്ട മഴയുടെ 43 ഇരട്ടിയിലേറെയാണ്. ശതമാനക്കണക്കിലാക്കിയാൽ ഇത് 4317 %. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം ഔദ്യോഗികമായി വിട വാങ്ങിയെന്ന് ഇന്നലെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബർ മുതൽ ഡിസംബർ 31 വരെ ലഭിക്കുന്ന മഴയാണ് തുലാമഴയായി കണക്കാക്കുന്നത്.
എന്നാൽ ഇതിനു ശേഷം സംസ്ഥാന വ്യാപകമായി അസാധാരണമായ മഴയാണു ലഭിച്ചത്. ഈ മാസം സാധാരണ ലഭിക്കുന്നതിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ജനുവരിയിലെ ആദ്യ 5 ദിവസം കൊണ്ട് 2 മാസം ലഭിക്കേണ്ട മഴ ലഭിച്ചിരുന്നു. ഒക്ടോബർ–ഡിസംബർ തുലാമഴക്കാലത്ത് ജില്ലയിൽ 10 % മാത്രമാണ് അധികമഴ ലഭിച്ചിരുന്നത്. സംസ്ഥാനത്ത് പൊതുവേ മഴ കുറഞ്ഞ വർഷമായിരുന്നു 2023. 24 % കുറവാണ് മഴപ്പെയ്ത്തിലുണ്ടായത്.
കാസർകോട് 21 % കുറവാണ് കഴിഞ്ഞ വർഷം ലഭിച്ച മഴ. കഴിഞ്ഞ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ 100 ദിവസത്തോളം ജില്ലയിൽ ചാറ്റൽമഴ പോലുമില്ലാത്ത സാഹചര്യമായിരുന്നു. ശരാശരി ലഭിക്കുന്ന മഴയേക്കാൾ 60 % അധികം ലഭിച്ചാൽ വളരെ വലിയ വ്യത്യാസമായാണു കണക്കാക്കുന്നത്. കൊല്ലം ഒഴികെ 13 ജില്ലകളിലും ഈ വർഷത്തെ ആദ്യ രണ്ടാഴ്ച വളരെ കൂടുതൽ മഴ കിട്ടി.
കൊല്ലത്ത് 31 % മഴ അധികം പെയ്തപ്പോൾ മറ്റു ജില്ലകളിലെല്ലാം ഇത് വളരെ കൂടുതലാണ്. സംസ്ഥാനത്ത് ശരാശരി 3.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 57.3 മില്ലിമീറ്ററാണ്. മഴ കൂടുതൽ ലഭിച്ചത് ശതമാനത്തിലാക്കിയാൽ സംസ്ഥാനത്ത് അധികമഴ 1491 %. കഴിഞ്ഞ വർഷം ജനുവരി 22നാണ് തുലാവർഷം പൂർണമായും പിന്മാറിയത്. മഴയുടെ ശക്തി ഇനിയുള്ള ദിവസങ്ങളിൽ കുറയാനാണു സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു.