ADVERTISEMENT

നീലേശ്വരം ∙ നൂറ്റാണ്ട് പിന്നിട്ട നീലേശ്വരം വലിയമഠം കൊട്ടാരം ഏറ്റെടുത്ത് പൈതൃക മ്യൂസിയമാക്കുന്നതിനുള്ള പദ്ധതിക്ക് വീണ്ടും ജീവൻ വെക്കുമെന്ന പ്രതീക്ഷയിൽ നീലേശ്വരം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ പുരാവസ്തു വകുപ്പിന്റെ ചുമതലയിലുണ്ടായിരുന്നപ്പോൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തുടക്കമിട്ട പദ്ധതിയാണിത്. ഇതിനായി മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും സന്ദർശനങ്ങൾ നടന്നുവെന്നതൊഴിച്ചാൽ പദ്ധതി തുടങ്ങിയിടത്തു നിൽക്കുകയാണ്. രാമചന്ദ്രൻ കടന്നപ്പള്ളി വീണ്ടും മന്ത്രിസ്ഥാനത്തെത്തിയതോടെ ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ വീണ്ടും ഊർജിതമാകുമെന്നാണു പ്രതീക്ഷ.

മന്ത്രി ഇന്ന് നീലേശ്വരത്തെത്തുന്നുണ്ട്. മന്ത്രി, ഉദ്യോഗസ്ഥ തലങ്ങളിൽ നടന്ന സന്ദർശനങ്ങളുടെ ഭാഗമായി നീലേശ്വരം രാജവംശം, അന്നു നീലേശ്വരം നഗരസഭ ചെയർമാൻ ആയിരുന്ന പ്രഫ.കെ.പി.ജയരാജൻ എന്നിവരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. പിന്നീട് തുടർപ്രവർത്തനങ്ങൾ നിലച്ചു. രണ്ടാം എൽഡിഎഫ് സർക്കാർ നിലവിൽ വന്നപ്പോൾ ഇന്നത്തെ നഗരസഭ ചെയർപഴ്സൻ ടി.വി.ശാന്ത, വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, മുൻ ചെയർമാൻ പ്രഫ.കെ.പി.ജയരാജൻ എന്നിവരുടെ നേതൃത്വത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെ സന്ദർശിച്ച് നിവേദനം നൽകിയിരുന്നു.

മന്ത്രി വലിയമഠം സന്ദർശിച്ച് ഏറ്റെടുക്കാൻ ഉടൻ നടപടിയുണ്ടാകുമെന്ന് ഉറപ്പു നൽകിയെങ്കിലും  തുടർനടപടിയുണ്ടായില്ല. പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് എസ് നേതാവും മലബാർ ദേവസ്വം ബോർഡ് അംഗവുമായ നീലേശ്വരത്തെ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കേരളത്തെ ഇതര രാജവംശങ്ങളുടെയെല്ലാം ശേഷിപ്പുകൾ ചരിത്രസ്മാരകമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നീലേശ്വരം രാജവംശത്തിന്റെ ശേഷിപ്പുകൾ നാശോന്മുഖമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com