കണ്ണീരാകുമോ ഈ മഴ?; അസമയത്തെ മഴ ഭൂരിഭാഗം കൃഷികൾക്കും ദോഷം
Mail This Article
ബോവിക്കാനം ∙ അസമയത്തെ മഴ കൃഷിക്കു നല്ലതോ ദോഷമോ? കമുക്, റബർ, കുരുമുളക്, കശുവണ്ടി, പച്ചക്കറി തുടങ്ങി ഭൂരിഭാഗം വിളകൾക്കും ദോഷം ചെയ്യുമ്പോൾ തെങ്ങിനു ഗുണം ചെയ്യുമെന്നാണു വിദഗ്ധരുടെ അഭിപ്രായം. മഴ പെയ്തു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇതിന്റെ ദുരിതം കർഷകർ അനുഭവിച്ചു തുടങ്ങുകയും ചെയ്തു.
വൈകും ചക്കയും മാങ്ങയും
ചക്കയും മാങ്ങയും കായ്ക്കാൻ നല്ല കുളിരാണ് ആവശ്യം. കുളിരിനു പകരം മഴ കിട്ടിയത് ഇവ വൈകാൻ കാരണമാകും. ഭൂരിഭാഗം സ്ഥലങ്ങളിലും മാവു പൂവിട്ടിട്ടു പോലുമില്ല.
തിരി പൊഴിഞ്ഞ് കുരുമുളക്
കാലാവസ്ഥാ മാറ്റത്തിന്റെ ഏറ്റവും വലിയ ഇര കുരുമുളകാണ്. ഇതു തിരിയിടേണ്ട ഓഗസ്റ്റിൽ കാലവർഷം മാറി നിന്നതിനാൽ തിരിയിടാൻ വൈകി. അതുകൊണ്ടുതന്നെ ഇപ്പോൾ കുരുമുളകു മണികൾ വണ്ണം വയ്ക്കുന്നതേയുള്ളൂ. അന്തരീക്ഷത്തിൽ ഈർപ്പം കൂടി തിരി പൊഴിച്ചിൽ വ്യാപകമാണ്. മണികൾ പാകമാകാറായ തിരിയാണ് ഇങ്ങനെ വീണു നശിക്കുന്നത്. പകൽ സമയത്തെ അമിതചൂടും കുരുമുളകിനു ദോഷമാണ്.
പച്ചക്കറി വളരും; വിളവ് കുറയും
പച്ചക്കറിക്കു പൊതുവേ മഴ നല്ലതാണെന്നു തോന്നുമെങ്കിലും വിളവിനെ ബാധിച്ചേക്കും. മഴയിൽ തൈകൾ നല്ലപോലെ വളരും. പക്ഷേ പുഷ്പിക്കാനും കായ്ക്കാനും തണുപ്പ് ആവശ്യമാണ്. അന്തരീക്ഷത്തിൽ കൂടുതൽ ഈർപ്പം നിലനിന്നാൽ പൂ കരിച്ചിലിനും കാരണമാകും.
കശുമാങ്ങ, റബർ
കശുമാവിന്റെ സ്ഥിതിയും ഇതു തന്നെ. കശുവണ്ടി വിളവെടുപ്പ് നീണ്ടാൽ കർഷകർക്കു വലിയ നഷ്ടമാകും ഉണ്ടാക്കുക. റബറിനും ടാപ്പിങ് ദിവസങ്ങൾ കുറയും.
ഇളം അടയ്ക്കയും പൊഴിയുന്നു
കമുകിൽ അടുത്ത വർഷത്തേക്കുള്ള അടയ്ക്കയുടെ പൂക്കുല വിരിയുന്ന സമയമാണിത്. പൂക്കുലയിൽ മഴവെള്ളത്തിന്റെ ഈർപ്പം കെട്ടിക്കിടന്ന് അണുബാധയ്ക്കു സാധ്യത ഏറെയാണ്. പല തോട്ടങ്ങളിലും തൊളി അടയ്ക്ക(മൂപ്പെത്താത്ത ഇളം അടയ്ക്ക) കൊഴിഞ്ഞു വീഴാൻ തുടങ്ങി. കുല കരിച്ചിലുമുണ്ട്. കോപ്പർ സൾഫേറ്റ് മിശ്രിതം തളിച്ചാൽ അണുബാധ തടയാൻ സാധിക്കുമെന്നു കൃഷി ശാസ്ത്രജ്ഞർ പറയുന്നു. പഴുത്ത അടയ്ക്ക ഉണക്കിയെടുക്കാനും മഴ തടസ്സമായി.