ADVERTISEMENT

ചിറ്റാരിക്കാൽ∙ പ്രകൃതിക്ഷോഭത്താലും വന്യമൃഗ ശല്യത്താലും കൃഷിനാശം നേരിട്ട കർഷകർക്കുള്ള സഹായധനം വൈകുന്നതായി ആക്ഷേപം. മലയോര പഞ്ചായത്തുകളിൽ പലയിടത്തും ഇത്തരത്തിൽ സഹായധനം ലഭിക്കാത്ത കർഷകരുണ്ട്. കൃഷിനാശമുണ്ടായാൽ ഉടൻതന്നെ കർഷകർ ജനപ്രതിനിധികൾ മുഖേന കൃഷി ഓഫിസുകളിൽ വിവരങ്ങൾ നൽകാറാണ് പതിവ്. പലയിടത്തും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ കൃഷിനാശം സംബന്ധിച്ച വിവരങ്ങൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യാറുമുണ്ട്.

എന്നാൽ ഇത്തരം കർഷകരിൽ പലർക്കും കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി സഹായധനം ലഭിച്ചില്ലെന്നാണ് പരാതി. പേമാരി, കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾക്കു പുറമേ കാട്ടുപന്നി, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യത്താലും കാർഷിക വിളകൾ നശിക്കുന്നുണ്ട്. ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകളിലെ പല സ്ഥലങ്ങളിലും ഇത്തരത്തിൽ കൃഷിനാശം നേരിട്ട കർഷകരുണ്ട്. ഇവരിൽ പലർക്കും യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിട്ടുമില്ല. 

കാർഷിക വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ കർഷകർക്കു നൽകുന്ന നിർദേശം. ഇത്തരത്തിൽ ഇൻഷുറൻസിൽ ഉൾപ്പെട്ട വിളകൾക്കു നാശം നേരിട്ടാലാണ് ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭിക്കുക. ഇൻഷുറൻസ് ഇല്ലാത്ത കൃഷിനാശങ്ങളിൽ പലതും പ്രകൃതിക്ഷോഭങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തുന്നത്. അതിനാകട്ടെ പലപ്പോഴും സഹായധനം ലഭിക്കാറില്ല. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷി നശിച്ചാൽ വനം വകുപ്പ് മുഖേനയും കർഷകർ സഹായധനത്തിനായി അപേക്ഷിക്കാറുണ്ട്. പക്ഷേ പല കർഷകർക്കും ഓഫിസുകൾ കയറിയിറങ്ങാൻ മാത്രമാണ് വിധി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com