ADVERTISEMENT

കാസർകോട്‌∙ കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ കാസർകോട്‌ അണിനിരന്നത് ആയിരങ്ങൾ. കാസർകോട്‌ റെയിൽവേ സ്‌റ്റേഷൻ മുതൽ കാലിക്കടവ്‌ ആണൂർ പാലം വരെ 46.4 കിലോമീറ്റർ ദൂരത്തിലാണ്‌ ജില്ലയിൽ മനുഷ്യച്ചങ്ങല തീർത്തത്‌.വൈകിട്ട് മൂന്നോടെ തന്നെ പ്രവർത്തകർ അതതു കേന്ദ്രങ്ങളിൽ എത്തിയിരുന്നു. 4.30ന് ചങ്ങലയുടെ റിഹേഴ്സൽ നടന്നു.

5ന് മനുഷ്യച്ചങ്ങല തീർത്ത് ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണ’ എന്ന മുദ്രാവാക്യമുയർത്തി  പ്രതിജ്ഞയെടുത്തു. ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ ശത്രു രാജ്യത്തെ പോലെയാണ് കേന്ദ്ര സർക്കാർ കാണുന്നതെന്നും ആർഎസ്എസിനെ പ്രതിരോധിക്കുന്നു എന്നതാണ് ഇതിനു കാരണമെന്നും പ്രതിജ്ഞയിൽ പറയുന്നു. അവകാശപ്പെട്ട കേന്ദ്ര വിഹിതം നിഷേധിക്കുന്ന, തൊഴിലില്ലായ്മ അതിരൂക്ഷമാക്കിയ ബിജെപി സർക്കാരിന്റെ ഭരണം തുടർന്നാൽ രാജ്യം ഇല്ലാതാകുമെന്നും ഇതിനെതിരായ പോരാട്ടത്തിൽ അചഞ്ചലമായി നിലകൊള്ളുമെന്നും പ്രതിജ്‍‍‍ഞയെടുത്തു. 

കാസർകോട്‌ റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്‌ എ.എ.റഹിം എംപി ആദ്യ കണ്ണിയായി. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്‌ണൻ, ഡിവൈഎഫ്‌ഐ കർണാടക പ്രസിഡന്റ്‌ മുനീർ കാട്ടിപ്പള്ള, സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി.സതീഷ്‌ചന്ദ്രൻ, സി.എച്ച്‌.കുഞ്ഞമ്പു എംഎൽഎ, നടൻ പി.പി.കുഞ്ഞികൃഷ്‌ണൻ, സിപിഎം ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടേറിയറ്റംഗം സുനിൽകുമാർ ബജാൾ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, പ്രസിഡന്റ് ഷാലു മാത്യു, എഐവൈഎഫ്‌ ജില്ലാ സെക്രട്ടറി ശ്രീജിത്ത്‌ മടിക്കൈ, കെഎസ്‌ടിഎ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.രാഘവൻ, പി.ശിവപ്രസാദ് എന്നിവർ കാസർകോട്‌ റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ കണ്ണികളായി.

കാലിക്കടവിൽ മുൻ എംപി പി.കരുണാകരൻ ജില്ലയിലെ അവസാന കണ്ണിയായപ്പോൾ  കണ്ണൂർ ജില്ലയിലെ ആദ്യത്തെ കണ്ണിയായി ടി.ഐ മധുസുദനൻ എംഎൽഎ അണിചേർന്നു. എം.രാജഗോപാലൻ എംഎൽഎ, നിരൂപകൻ ഇ.പി.രാജഗോപാലൻ, നോവലിസ്‌റ്റ്‌ പി.വി.കെ.പനയാൽ, നടൻ സി ഷുക്കൂർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു ഏബ്രഹാം എന്നിവരും വിവിധ കേന്ദ്രങ്ങളിൽ കണ്ണികളായി. ജില്ലയിൽ ഒന്നേകാൽ ലക്ഷത്തിലധികം പേർ പങ്കെടുത്തതായി ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. ചന്ദ്രിഗിരി കെഎസ്‌ടിപി റോഡുവഴിയാണ്‌ ചങ്ങല കാഞ്ഞങ്ങാടേക്ക്‌ നീണ്ടത്‌. കാഞ്ഞങ്ങാട്‌ നഗരത്തിൽ നിന്നും സൗത്ത്‌ വഴി ദേശീയപാതയിലേക്ക്‌ പ്രവേശിച്ചു. ജില്ലയിൽ 12 ഏരിയ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിച്ചു. 

കോൺഗ്രസിന്റേത് ഒറ്റുകാരുടെ  നിലപാട്: എ.എ.റഹീം
കാസർകോട് ∙ സംസ്ഥാനത്തോട് കേന്ദ്രം അവഗണന തുടരുമ്പോൾ കോൺഗ്രസ് സ്വീകരിക്കുന്നത് ഒറ്റുകാരനായ യൂദാസിന്റെ നിലപാടാണെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് ഒരു പ്രത്യേകതരം കോൺഗ്രസാണ്. 2026ൽ ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിൽ വരരുതെന്ന ലക്ഷ്യം മാത്രമാണ് അവർക്കുള്ളത്. കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കാനിരിക്കുന്ന സംയുക്ത സമരത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ ബിജെപിക്കാണ് കോൺഗ്രസ് പിന്തുണ കൊടുക്കുന്നതെന്നും റഹീം മാധ്യമ പ്രവർത്തകരോട് പറ‍ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com