ADVERTISEMENT

തൃക്കരിപ്പൂർ∙ ഇന്ത്യയിൽ ഏറ്റവും അധികം കർഷകർ കയറിൻമേൽ കല്ലുമ്മക്കായ കൃഷി നടത്തുന്നെന്ന കീർത്തിയുള്ള കവ്വായിക്കായലിലെ കല്ലുമ്മക്കായ കർഷകർ ഇടത്തട്ടുകാരുടെ ചൂഷണത്തിൽ വലയുന്നു. വിത്തു വിതരണവും ഉൽപന്ന സംഭരണവും സർക്കാർ ഏജൻസികൾ മുഖേന വേണമെന്ന കർഷകരുടെ നിരന്തര ആവശ്യം പരിഹാരമില്ലാതെ നീളുന്നു. കവ്വായി കായലിലും കൈവഴികളിലുമായി രണ്ടായിരത്തോളം കർഷകരുണ്ട്. ഈ തൊഴിൽ മേഖലയെ ആശ്രയിച്ചു കഴിയുന്ന അനേകം കുടുംബങ്ങളുമുണ്ട്. സർക്കാർ ഈ കൃഷിമേഖലയെ നല്ലനിലയിൽ സംരക്ഷിച്ചാൽ വലിയ മുന്നേറ്റം നടത്താമെന്നിരിക്കെ, വർഷങ്ങളായി ഇടത്തട്ടുകാരുടെ നീരാളിപ്പിടുത്തത്തിലാണ് കല്ലുമ്മക്കായ കൃഷിരംഗം. ‌

യഥാസമയം വിത്തു ലഭിക്കാത്തതു മൂലം നിലവിൽ കർഷകർ കടുത്ത പ്രതിസന്ധി നേരിടുകയാണ്. വലിയപറമ്പ്, ഇടയിലക്കാട്, കാടങ്കോട് എന്നിവിടങ്ങളിലെ സൊസൈറ്റികൾ മുഖേനയും പയ്യന്നൂരിലെ ഹഡ്കോസ് മുഖേനയും വിത്തു വിതരണമുണ്ടായിരുന്നെങ്കിലും യഥാസമയം ലഭിക്കുന്നില്ല. നവംബർ ഒടുവിലാണ് കായലിൽ വിത്തിടുക. സൊസൈറ്റികളിൽ നിന്നു വിത്തു ലഭിക്കാത്തതിന്റെ ആനുകൂല്യം മുഴുവൻ ഈ മേഖലയിലെ ഇടത്തട്ടുകാർക്കാണ്. ഒരു ചാക്ക് വിത്തിനു സൊസൈറ്റിയിൽ നിന്നു ലഭിക്കുന്നതിനെക്കാൾ 1500 രൂപ വരെ കൂടുതൽ കൊടുക്കണം. നേരത്തെ 60 കിലോ അടങ്ങിയതായിരുന്നു ഒരു ചാക്ക് വിത്തെങ്കിൽ ഇപ്പോൾ അത് 50 കിലോയാക്കി വെട്ടിക്കുറയ്ക്കുകയും തോന്നിയ പോലെ വില ഈടാക്കുകയും ചെയ്യുകയാണ്.

സർക്കാരിൽ നിന്നു കല്ലുമ്മക്കായ കർഷകർക്ക് സാമ്പത്തിക സഹായം ലഭിക്കണമെങ്കിൽ സൊസൈറ്റികളിൽ നിന്നു വിത്ത് വാങ്ങിയതിന്റെ ബിൽ ഹാജരാക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെടും. സൊസൈറ്റിയിൽ യഥാസമയം വിത്തില്ലാത്തതിനാൽ വാങ്ങാൻ കഴിയാത്ത കർഷകർ എങ്ങനെയാണ് ബിൽ ഹാജരാക്കുകയെന്നാണ് കർഷകരുടെ ചോദ്യം. നിയമാനുസൃതം കൃഷി ചെയ്യുന്ന എല്ലാ കർഷകർക്കും സബ്സിഡി നൽകാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ഉയർത്തുകയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ.

കൃഷിക്ക് അനുയോജ്യമായ സമയത്ത് വിത്ത് ലഭിക്കുന്നില്ലെങ്കിൽ പിന്നെ കൃഷി നടത്താൻ പറ്റാത്ത സാഹചര്യമുണ്ടാകും. ഇടത്തട്ടുകാരെ കർഷകർ ആശ്രയിക്കുന്നത് ഇത്തരമൊരു അവസ്ഥയിലാണ്. നിയമവും നിബന്ധനകളും ഇല്ലാതാക്കാനുള്ള ശ്രമം ഇടത്തട്ടുകാർ നടത്തുന്നത് ഈ കൃഷിമേഖലയിൽ നിന്നുള്ള കൊയ്ത്തിനു വേണ്ടിയാണ്. സൊസൈറ്റികൾ മുഖേനയുള്ള വിത്ത് വിതരണം കാര്യക്ഷമമാക്കിയും ഉൽപന്ന സംഭരണം സർക്കാർ ഏജൻസികൾ മുഖേന നടത്തിയും കല്ലുമ്മക്കായ കർഷകരെ സംരക്ഷിക്കാനും കർഷകരുടെ കണ്ണീര് തുടയ്ക്കാനും സർക്കാർ സംവിധാനം വേണമെന്ന ആവശ്യത്തിനു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. പക്ഷേ, അധികൃതർ കണ്ണു തുറക്കുന്നില്ല. വിത്ത് വിതരണത്തിലെന്ന പോലെ ഉൽപന്ന സംഭരണത്തിലും ഇടത്തട്ടുകാരുടെ കൊയ്്ത്താണ്. 

സമീപകാലത്ത് കൃഷിയിൽ നാശം കൂടി വരുന്ന സാഹചര്യവുമുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് കാരണം. ഇടത്തട്ടുകാരുടെ ചൂഷണത്തിനൊപ്പം കൃഷിനാശം കൂടി നേരിടേണ്ടി വരികയും അർഹമായ സാമ്പത്തിക സഹായം കിട്ടാതിരിക്കുകയും ചെയ്യുമ്പോൾ ഓരുജല കൃഷിയിൽ നിന്നു മെല്ലെ പിൻവാങ്ങുന്ന കർഷകരുണ്ട്. സ്ത്രീകൾ സ്വന്തം നിലയിലും കൂട്ടായും കൂടുതൽ പേർ കൃഷി ചെയ്യുന്ന രംഗം കൂടിയാണിത്. കവ്വായി കായലിലെ കല്ലുമ്മക്കായക്ക് മാർക്കറ്റിൽ നല്ല പ്രിയമുണ്ട്. ഇടനിലക്കാർ ഇതു നന്നായി മനസ്സിലാക്കിയാണ് ഉൽപന്ന സംഭരണം നടത്തുന്നത്. എന്നാൽ ബന്ധപ്പെട്ടവർ ഇതു മനസ്സിലാക്കിയിട്ടും കർഷകരുടെ ദുരിതം കാണാതെ പോകുന്നു. സംസ്ഥാന സർക്കാർ മനസ്സു വച്ചാൽ കേന്ദ്ര സഹായം നല്ലതോതിൽ ലഭിക്കാവുന്ന കായൽജല കൃഷി രംഗമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com