ADVERTISEMENT

കാസർകോട് ∙ ജീവിതത്തിലേക്കു തിരിച്ചുവരാൻ സ്വന്തം തലയോട്ടിയിലെ നീക്കം ചെയ്ത അസ്ഥിയുമായി(ബോൺ ഫ്ലാപ്) ദുബായിൽനിന്ന് കോഴിക്കോട്ടേക്കു മൂന്നര മണിക്കൂർ വിമാനയാത്ര. അവിടെനിന്ന് ആംബുലൻസിൽ നാലര മണിക്കൂർ മംഗളൂരുവിലേക്കു യാത്ര. ദുബായിലെ ആശുപത്രിയിൽ ഓപറേഷൻ വഴി നീക്കം ചെയ്ത യുവാവിന്റെ തലയോട്ടി അസ്ഥി കഴിഞ്ഞ ദിവസം മംഗളൂരു ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി തലയോട്ടിയിൽ തിരികെ വച്ചു. കാസർകോട് വിദ്യാനഗർ ചാലക്കുന്ന് സ്വദേശി സി.എ.അബ്ദുൽ നിസാഫ്(36) ജീവിതത്തിലേക്കു പിച്ച വയ്ക്കുമ്പോൾ വീട്ടുകാർക്കും സഹോദരതുല്യം കാരുണ്യം ചെയ്തവർക്കും സന്തോഷ നിമിഷം. ‍‌

യുഎഇ കരാമയിൽ എഡിസിബി മെട്രോ സ്റ്റേഷനു സമീപം കഫെറ്റീരിയയിൽ ചായ കുടിക്കുന്നതിനിടെ, നിയന്ത്രണംവിട്ട് ഇടിച്ചു കയറിയ കാറാണ് അബ്ദുൽ നിസാഫിന്റെ ജീവിതം മാറ്റിമറിച്ചത്. നവംബർ 15ന് ഇന്ത്യൻ സമയം വൈകിട്ട് ഏഴരയോടെയുണ്ടായ അപകടത്തിൽ നിസാഫിന്റെ തലയിൽ ഗുരുതരമായി പരുക്കേറ്റു. അവിടെവച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി. തലച്ചോറിനേറ്റ ആഘാതത്തിൽ ഇൻഫക്‌ഷനായതിനെ തുടർന്ന് ഇടതുഭാഗം തലയോട്ടി നീക്കം ചെയ്തു, 3 മാസത്തിനകം അസ്ഥി തിരികെ വയ്ക്കണമെന്ന നിബന്ധനയോടെ. ചലനശേഷി വീണ്ടെടുത്തു തുടങ്ങിയതോടെ തലയോട്ടി അസ്ഥി നാട്ടിൽ കൊണ്ടു പോയി തിരികെ വയ്ക്കുന്നതിനു ഡോക്ടർ നിർദേശിച്ചു. 

തലയോട്ടി അസ്ഥിയുമായി അബ്ദുൽ നിസാഫിനെ നാട്ടിലെത്തിക്കുന്നതു വലിയ കടമ്പയായി. പ്രത്യേക വിമാനത്തിൽ മാത്രമേ അനുവദിക്കൂ എന്ന നിബന്ധന കൂടിയായതോടെ കെഎംസിസി ഭാരവാഹികൾ അതു മറികടക്കാ‍ൻ കോൺസുലേറ്റിന്റെയും എയർ ഫ്ലൈ ദുബായ് കമ്പനിയുടെയും സഹായം തേടി. അവർ പ്രത്യേക അനുമതി നൽകി. വിമാനച്ചെലവ്, ആംബുലൻസ് ചെലവ് എന്നിവ ദുബായ് കെഎംസിസി വഹിച്ചു. ദുബായ് വിമാനത്താവളത്തിലെത്തിയപ്പോൾ വിമാനത്തിൽ കൂടെ കൊണ്ടുപോകാനായി ഡ്രൈ ഐസിൽ വച്ച തലയോട്ടി അസ്ഥി കവർഭാരം വിമാനയാത്രയുടെ സുരക്ഷിതത്വത്തിനും നിയമം പാലിക്കുന്നതിനും 2.5 കിലോഗ്രാമായി ചുരുക്കേണ്ടി വന്നു. ഭാര്യ തൻവീറിന്റെ കയ്യിലായിരുന്നിത്.

ജനുവരി 15നു മംഗളൂരു യൂണിറ്റി ആശുപത്രിയി‍ൽ നടത്തിയ ശസ്ത്രക്രിയയിൽ തലയോട്ടി അസ്ഥി നിസാഫിനു തിരികെവച്ചു. ഒരാഴ്ച പിന്നിട്ടെങ്കിലും തലച്ചോറിനെ ബാധിച്ച മറവിക്കു പരിഹാരമായില്ല. ശുചിമുറിയിലേക്കും മറ്റും എടുത്തു കൊണ്ടുപോകണം. ഓർമക്കുറവിനു പരിഹാരമാകണമെങ്കിൽ ഒന്നര വർഷം വരെ കാത്തിരിക്കണമെന്നാണു ഡോക്ടർമാർ പറയുന്നതെന്നു ബന്ധുക്കൾ പറഞ്ഞു.  12 വർഷത്തോളം ഗൾഫിലുണ്ടായിരുന്ന അബ്ദുൽ നിസാഫ് കോവിഡ് കാലത്തു നാട്ടിൽ മടങ്ങിയെത്തിയതായിരുന്നു. അപകടത്തിന് ഒരു മാസം മുൻപാണു ഗൾഫിലേക്കു മടങ്ങിയത്. ഭാര്യയുടെയും 8 മാസം പ്രായമുള്ള മകൾ ഉൾപ്പെടെ 3 പെൺമക്കളും ഒരു മകനും അടക്കം 4 മക്കളുടെ ആശ്രയമാണ് അബ്ദുൽ നിസാഫ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com