ADVERTISEMENT

കാഞ്ഞങ്ങാട് ∙ റീസർവേയ്ക്കൊപ്പം പരാതികളും കുമിഞ്ഞു കൂടുന്നു. ഹൊസ്ദുർഗ് താലൂക്കിൽ മാത്രം 6000 പരാതികളാണു നിലവിൽ പരിഹരിക്കാനുള്ളത്.  ഓരോ ദിവസം 170 പരാതികൾക്കു പരിഹാരം കാണാൻ ശ്രമിക്കുമ്പോൾ അതിലേറെ പരാതികൾ വന്നു കൊണ്ടിരിക്കുന്നു. ആവശ്യത്തിനു ജീവനക്കാർ ഇല്ലാത്തതും പരാതിയിൽ പരിഹാരം കാണുന്നതിനു കാലതാമസമുണ്ടാക്കുന്നു. ഏറ്റവും ഒടുവിൽ റീസർവേ നടന്നതു പുതുക്കൈ വില്ലേജിലാണ്. ഇവിടെനിന്നു നൂറു കണക്കിനു പരാതികളാണു വന്നുക്കൊണ്ടിരിക്കുന്നത്.  7 വർഷം മുൻപ് ആദ്യം റീസർവേ നടന്ന അജാനൂർ, ചിത്താരി വില്ലേജുകളിൽ നിന്നുള്ള പരാതികൾക്കു പോലും പൂർണമായി പരിഹാരം കാണാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല.

നിലവിൽ 13 വില്ലേജുകളിലാണ് ഇതുവരെ റീസർവേ നടന്നത്. എല്ലാ വില്ലേജുകളിൽനിന്നും പരാതികൾ ധാരാളമായി വരുന്നുണ്ട്. സ്വന്തം പേരിൽ ഭൂനികുതി അടച്ചു വന്നവരുടെ ഭൂമി ജന്മിമാരുടെ പേരിൽ രേഖപ്പെടുത്തിയതിനാൽ നികുതി അടയ്ക്കാൻ പോലും കഴിയാത്ത സ്ഥിതിയുണ്ട്. 60 വർഷത്തിലേറെ പഴക്കമുള്ള ആധാരങ്ങൾ പരിശോധിച്ചു പരിഹാരം കാണാൻ ഉദ്യോഗസ്ഥർക്കും കാലതാമസം വേണ്ടി വരുന്നു. ബല്ല, പുതുക്കൈ വില്ലേജുകളിൽ മാത്രം രണ്ടായിരത്തോളം പരാതികളുണ്ട്. റീസർവേ അപാകത പരിഹരിക്കണമെങ്കിൽ വീണ്ടും ഭൂമി അളക്കാൻ ആവശ്യമായ തുക ഭൂ ഉടമ അടയ്ക്കണം. ഇതിനു സംവിധാനവുമില്ല.

പരാതികൾക്കു പരിഹാരം വൈകുന്നത് ഏറെ ബാധിക്കുന്നതു ബാങ്ക് വായ്പ എടുത്തവരെയാണ്. വായ്പ പുതുക്കാൻ കഴിയാത്തതു കർഷകരെ അടക്കം ഗുരുതരമായി ബാധിക്കുന്നു. അത്യാവശ്യഘട്ടത്തിൽ സ്ഥലം വിൽക്കേണ്ടി വന്നാൽ അതിനും കഴിയാത്ത സ്ഥിതിയുണ്ട്. ഇത്രയേറെ പരാതികൾ ഉയർന്നിട്ടും പ്രശ്നപരിഹാരത്തിന് ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കാൻ അധികൃതർ തയാറാകുന്നില്ല. നിലവിൽ 2 ക്ലാർക്ക് മാത്രമാണുള്ളത്. ആവശ്യത്തിന് ടൈപ്പിസ്റ്റും ഇല്ല. ഉപകരണങ്ങളുടെ കുറവും തിരിച്ചടിയാണ്. പ്രിന്റർ പോലുമില്ലാത്ത സ്ഥിതിയാണ്. പരാതികൾക്കു പരിഹാരം ഓൺലൈൻ വഴി അല്ലാത്തതും നടപടികൾ വൈകാൻ കാരണമാകുന്നു. ആവശ്യത്തിനു ജീവനക്കാരെ നിയമിച്ചു പരാതികൾക്ക് പരിഹാരം കാണാനാണ് അധികൃതർ ശ്രമിക്കേണ്ടത്. 

മാർച്ച് നാളെ
കാഞ്ഞങ്ങാട് ∙ റീസർവേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെഎസ്കെടിയു കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി നാളെ താലൂക്ക് ഓഫിസിലേക്കു മാർച്ച് നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com