സ്കൂട്ടറിലെത്തി മാല പൊട്ടിക്കാൻ ശ്രമം; അധ്യാപിക ചെറുത്തതോടെ മോഷ്ടാവ് കടന്നുകളഞ്ഞു
Mail This Article
ബദിയടുക്ക∙ താമസസ്ഥലത്ത് നിന്ന് ഇടവഴിയിലൂടെ സ്കൂളിലേക്ക് നടന്നു പോയ അധ്യാപികയുടെ സ്വർണമാല സ്കൂട്ടറിലെത്തിയ ആൾ തട്ടിപ്പറിക്കാൻ ശ്രമിച്ചു. അധ്യാപിക പിടിച്ചു വലിച്ചതിനാൽ തിരിച്ചു കിട്ടി. ബദിയടുക്കയിലെ ഹൈസ്കൂളിലെ എൽപി വിഭാഗം മലയാളം അധ്യാപിക തിരുവനന്തപുരം സ്വദേശിനിയുടെ മാലയാണ് മോഷ്ടാവ് തട്ടിപ്പറിച്ചത്. സ്കൂളിനു സമീപത്തെ ബോളുക്കട്ടയിലെ ക്വാട്ടേഴ്സിൽ നിന്ന് ഇന്നലെ രാവിലെ സ്കൂളിലേക്ക് വരുമ്പോഴാണു സ്റ്റേഡിയത്തിനു സമീപത്തെ പവിലിയനിനു സമീപത്ത് നിന്നു മാല കവരാൻ ശ്രമം നടത്തിയത്.
ബലപ്രയോഗത്തിനിടയിൽ മാലയുടെ താലിയിലാണു പിടിത്തം കിട്ടിയത്. ബാക്കി ഭാഗം അധ്യാപികയുടെ കയ്യിലായിരുന്നു. പിന്നീട് താലിയും വീണ നിലയിൽ കണ്ടെത്തി. വിജനമായ സ്ഥലമാണ് ഈ പ്രദേശം. പ്രവൃത്തി ഉപേക്ഷിച്ച ടൗൺ ഹാൾ കെട്ടിടവും സ്റ്റേഡിയത്തിന്റെ പവിലിയനും സാമൂഹിക വിരുദ്ധരുടെ താവളമായതായി പരാതിയുയർന്നിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് അർത്തിപ്പള്ളത്തു നിന്നു മാല തട്ടിപ്പറിച്ചിരുന്നു. വെള്ള സ്കൂട്ടറിലാണ് മോഷ്ടാവെത്തിയത്.