കാസർകോട് മെഡിക്കൽ കോളജ് 2 വർഷത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും: മന്ത്രി നിയമസഭയിൽ
Mail This Article
ബദിയടുക്ക ∙ 2 വർഷത്തിനുള്ളിൽ കാസർകോട് ഗവ.മെഡിക്കൽ കോളജ് പ്രവർത്തനമാരംഭിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പണം നൽകാത്തതു സംബന്ധിച്ച് കരാറുകാരൻ കോടതിയിൽ നൽകിയ കേസ് പരിഹരിച്ചതായും മന്ത്രി പറഞ്ഞു. നിയമസഭയിൽ എൻ.എ.നെല്ലിക്കുന്ന് എംഎൽഎ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മന്ത്രി. 100 സീറ്റുള്ള മെഡിക്കൽ കോളജെങ്കിലും ലഭ്യമാക്കാനാണ് ശ്രമം. 273 അധ്യാപക – അനധ്യാപക തസ്തികകൾ സൃഷ്ടിച്ചതിൽ 173 തസ്തികകൾ അനുവദിച്ചു.
പൂർണ സജ്ജമാകുമ്പോൾ ബാക്കി നിയമനം നടക്കും. ഇടുക്കിയിലും കാസർകോടും തറക്കല്ലിട്ടത് ഒന്നിച്ചാണെങ്കിലും ഇടുക്കിയിൽ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞത് അവിടത്തെ സാഹചര്യങ്ങൾ അനുകൂലമായതിനാലാണ്. ഇടുക്കിയിൽ ജില്ലാ ആശുപത്രിയുടെ ബോർഡ് മാറ്റിയാണ് അവിടെ മെഡിക്കൽ കോളജ് തുടങ്ങിയത്. നേരത്തേ ഒരു ആശുപത്രി അവിടെയുണ്ടായിരുന്നു. കാസർകോട്ടെ സ്ഥിതി വ്യത്യസ്തമാണ്.
പത്തനംതിട്ടയിലെ കോന്നിയിൽ ജനറൽ ആശുപത്രി 10 കിലോമീറ്റർ അടുത്താണ്. ഇതുപയോഗപ്പെടുത്തിയാണ് ഇവിടെ ആശുപത്രി പ്രവർത്തിപ്പിക്കാനായത്. കാസർകോട് മെഡിക്കൽ കോളജുള്ള ഉക്കിനടുക്കയിൽ നിന്ന് 30 കിലോമീറ്ററോളം ദൂരമുണ്ട് കാസർകോട് ജനറൽ ആശുപത്രിയിലേക്ക്. അതിനെക്കാൾ ദൂരമുണ്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് –മന്ത്രി പറഞ്ഞു.