ADVERTISEMENT

നീലേശ്വരം ∙ പ്രദേശവാസികളുടെ കാത്തിരിപ്പിനു വിരാമമിട്ട് കിനാനൂർ കരിന്തളം പഞ്ചായത്തിലെ തീരദേശ റോഡിലൂടെ ബസ് സർവീസ് തുടങ്ങി. കമ്പല്ലൂർ- മുക്കട- പുലിയന്നൂർ- അണ്ടോൾ- വേളൂർ- പാറക്കോൽ- കിനാനൂർ- ചായ്യോത്ത്- കാഞ്ഞങ്ങാട് വഴി കാസർകോട്ടേക്കാണ് കെഎസ്ആർടിസി സർവീസ് തുടങ്ങിയത്.

സിപിഎം നീലേശ്വരം ഏരിയ കമ്മിറ്റിയുടെയും കരിന്തളം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെയും നിരന്തര ഇടപെടലിലാണ് സർവീസ് അനുവദിച്ചത്. കെഎസ്ആർടിസി കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നു തീരദേശ- ഗ്രാമീണ മേഖലകളെ ബന്ധിപ്പിച്ചുള്ള പ്രത്യേക സർവീസ് ആണിത്. ഇതിനായി എം.രാജഗോപാലൻ എംഎൽഎയുടെ നേതൃത്വത്തിൽ സിപിഎം നേതാക്കളായ പാറക്കോൽ രാജൻ, കയനി മോഹനൻ, വരയിൽ രാജൻ എന്നിവർ ഗതാഗത മന്ത്രിയെ നേരിട്ടു കണ്ട് നിവേദനം നൽകിയിരുന്നു.

വൈകിട്ട് മൂന്നരയ്ക്ക് കാഞ്ഞങ്ങാട്ട് നിന്നു പുറപ്പെട്ട് ബങ്കളം, ചായ്യോം, കിണാവൂർ, മുക്കട, പെരുമ്പട്ട പാലം, കാക്കടവ്, ബെഡൂർ വഴി 5.30 ന് ബസ് കമ്പല്ലൂരിലെത്തും. തിരിച്ച് 5.50 ന് കമ്പല്ലൂരിൽ നിന്നു പുറപ്പെട്ട് കടുമേനി, പെരളം, മൗക്കോട്, കുന്നുംകൈ വഴി രാത്രി 7.40 ന് നീലേശ്വരത്തെത്തും. രാത്രി 8 നു നീലേശ്വരത്തു നിന്ന് ബങ്കളം, ചായ്യോം, കിനാനൂർ, അണ്ടോൾ, പുലിയന്നൂർ, മുക്കട, ബെഡൂർ വഴി 9.35 നു കമ്പല്ലൂരിൽ എത്തും.

ഇവിടെ നിന്നു രാവിലെ 7 നു പുറപ്പെട്ട് 9.50 ന് കാസർകോട്ടെത്തും. 10 ന് തിരിച്ചു വന്ന് ദേശീയപാത വഴി കാഞ്ഞങ്ങാട്ട് എത്തും വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ബസ് സർവീസിനു ചായ്യോം പെൻഷൻമുക്ക്, കിനാനൂർ, കീഴ്മാല, അണ്ടോൾ, പുലിയന്നൂർ, മുക്കട എന്നിവിടങ്ങളിൽ സിപിഎം നേതൃത്വത്തിൽ സ്വീകരണങ്ങൾ നൽകി. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, വൈസ് പ്രസിഡന്റ് ടി.പി.ശാന്ത, സിപിഎം നേതാക്കളായ പാറക്കോൽ രാജൻ, കയനി മോഹനൻ, ടി.പി.ശാന്ത, വരയിൽ രാജൻ, പി.ശാർങി, പി.പി.രാജേഷ്, ഒ.എം.സച്ചിൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com