നീലേശ്വരം ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സ്; ശിലാസ്ഥാപനം 16ന്

Mail This Article
നീലേശ്വരം∙ നഗരസഭ പുതുതായി നിർമിക്കുന്ന ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം 16ന്. രാവിലെ 11ന് എം.രാജഗോപാലൻ എംഎൽഎ നിർവഹിക്കും. ഇവിടെയുണ്ടായിരുന്ന ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സ് പൊളിച്ചു മാറ്റിയ ഇടത്ത് 16.15 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. 3 നിലകളിലുള്ള കെട്ടിടത്തിൽ ബസ് സ്റ്റാൻഡ് യാർഡും അണ്ടർഗ്രൗണ്ട് പാർക്കിങ് സൗകര്യവുമുണ്ടാകും. ആദ്യ 2 നിലകളിൽ കടമുറികളും മൂന്നാം നിലയിൽ ഓഫിസുകളും പ്രവർത്തിക്കും.
എസ്റ്റിമേറ്റ് തുകയിൽ 14.53 കോടി രൂപ കേരള അർബൻ ആൻഡ് റൂറൽ ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ മുഖേനയുള്ള വായ്പയാണ്. ശേഷിക്കുന്ന തുക നഗരസഭയുടെ തനതു ഫണ്ടിൽ നിന്നു കണ്ടെത്തും. 11.6 കോടി രൂപയുടെ സിവിൽ വർക്കുകളുടെ കരാർ നടപടികളാണ് പൂർത്തിയായത്. 24 മാസമാണ് കരാർ കാലാവധി. ബസ് സ്റ്റാൻഡ് നിർമാണം തുടങ്ങുന്നതോടെ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുമെന്നു അധികൃതർ അറിയിച്ചു.