രുചിയോർമകളിൽ...
Mail This Article
കാഞ്ഞങ്ങാട് ∙ നഗരത്തിലെത്തിയവർ ഒരിക്കലെങ്കിലും ഗണേശ് ഭവൻ ഹോട്ടലിൽ കയറിയിട്ടുണ്ടാകും. അവിടെ നിന്നു സ്വാദൂറുന്ന വെജിറ്റേറിയൽ ഭക്ഷണം കഴിച്ച് ഉടമ അനന്തറായി ഷേണായിയുടെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ടാകും. 6 പതിറ്റാണ്ട് കാഞ്ഞങ്ങാടിന് രുചിക്കൂട്ട് ഒരുക്കിയ അദ്ദേഹം ഇനി ഓർമയിൽ മാത്രം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് മണിപ്പാൽ ആശുപത്രിയിൽ വച്ചാണ് നിര്യാതനായത്.
ഗണേശ് ഭവൻ ഹോട്ടലിന്റെ പേരിനും പ്രശസ്തിക്കും പിന്നിൽ അനന്തറായി ഷേണായിയുടെ ആത്മാർഥതയുണ്ട്. തന്റെ കടയിൽ നിന്നു ഭക്ഷണം കഴിച്ചു പോകുന്നവരുടെ മനവും നിറയണമെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്. ഗണേശ് ഹോട്ടലിന്റെ മാത്രം രുചിക്കൂട്ടുകളും ആളുകളെ ആകർഷിച്ചിരുന്നു. നഗരത്തിൽ എത്തുന്നവരുടെ പ്രിയപ്പെട്ട ഇടമായിരുന്നു ഈ ഹോട്ടൽ.
ഒട്ടേറെ പ്രമുഖർ അനന്തറായി ഷേണായി എന്ന ‘സ്വാമി’യുടെ ഹോട്ടലിലെ സ്ഥിരം സന്ദർശകരായിരുന്നു. ഭക്ഷണ സാധനങ്ങൾ കൃത്യമായി വിളമ്പാൻ സ്വാമി തന്നെ നേരിട്ട് ഇടപെടും. ശുദ്ധമായ ഭക്ഷണം നൽകിയ അദ്ദേഹത്തിന് രോഗാവസ്ഥയിൽ പോലും വീട്ടിൽ ഇരിപ്പുറച്ചില്ല. കഴിയുന്ന കാലം വരെ അദ്ദേഹം ഹോട്ടലിൽ എത്തി. ] പിതാവ് വാസുദേവ ഷേണായിയുള്ള കാലം മുതൽ ഗണേഷ് ഭവനിൽ അനന്തറായി ഷേണായി എത്തിയിരുന്നു. അന്ന് തുടങ്ങിയ യാത്രയാണ് ഇന്നലെ അവസാനിച്ചത്.