ADVERTISEMENT

കാഞ്ഞങ്ങാട് ∙ ഇന്ന് കാൻസർ ദിനം ആചരിക്കുമ്പോൾ കാൻസർ ചികിത്സയിൽ മുന്നേറ്റവുമായി ജില്ലയിലെ സർക്കാർ ആശുപത്രികൾ. ഒരുവർഷം കൊണ്ട് 3500 കീമോതെറപ്പിയാണ് ജില്ലാ ആശുപത്രിയിൽ നടത്തിയത്. കാസർകോട് ജനറൽ ആശുപത്രിയിൽ 1000 കീമോയും ഒരു വർഷത്തിനുള്ളിൽ നടത്തി. കഴിഞ്ഞ വർഷം 8000 പേരാണ് ജില്ലാ ആശുപത്രിയിലെ കാൻസർ ഒപിയിൽ ചികിത്സ തേടിയെത്തിയത്. കോവിഡ് കാലത്ത് ജില്ലയിലുള്ള കാൻസർ രോഗികൾക്ക് ചികിത്സ കിട്ടാത്ത സ്ഥിതി വന്നതോടെയാണ് ജില്ലാ ആശുപത്രിയിൽ കാൻസർ വാർഡും ചികിത്സയും ആരംഭിച്ചത്.

മുൻപ് കാൻസർ നിർണയത്തിനുള്ള ചെറിയ പരിശോധനകൾ പോലും ജില്ലയ്ക്ക് പുറത്ത് പോയി ചെയ്യേണ്ട സ്ഥിതിയുണ്ടായിരുന്നു. ഇപ്പോൾ പിഇടി സ്കാൻ ഒഴികെ കാൻസർ നിർണയത്തിന് വേണ്ടതെല്ലാം ജില്ലയിലെ‍ സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. ശസ്ത്രക്രിയ, കീമോതെറപ്പി, ഇമ്യൂണോ തെറപ്പി, റേഡിയേഷൻ തെറപ്പി, പാലിയേറ്റീവ് തെറപ്പി എന്നിവയാണ് കാൻസർ ചികിത്സയ്ക്ക് പ്രധാനമായി ഉപയോഗിക്കുന്നത്. ഇതിൽ റേഡിയേഷൻ തെറപ്പി ഒഴിച്ചുള്ളതെന്നും ജില്ലാ ആശുപത്രിയിൽ ലഭ്യമാണ്.

കാൻസർ ചികിത്സയിൽ വലിയ വെല്ലുവിളി സാമ്പത്തികമാണ്. സർക്കാരിന്റെ വിവിധ ഇൻഷുറൻസ് പദ്ധതികളിലൂടെ‍ ഇതിനും പരിഹാരമാകുന്നു. ‘കാൻസർ ചികിത്സ രംഗത്തുള്ള വിടവുകൾ നികത്തുക’ എന്നതാണ് ഈ വർഷത്തെ സന്ദേശം. ചുരുക്കം ചിലരിൽ കാണുന്ന ലിവർ കാൻസർ ആണ് കൂടുതൽ മരണകാരണമാകുന്നത്. സ്താനാർബുദ കാൻസർ 70 ശതമാനത്തിന് മുകളിൽ ഭേദമാകുന്നുണ്ട്.

ലോകത്തിൽ കൂടുതലായി കാണുന്നതും സ്താനാർബുദമാണ്. ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും കാൻസർ ചികിത്സ ആരംഭിച്ചതോടെ രോഗികൾക്ക് വലിയ ആശ്വാസമാണ് ഉണ്ടായത്. മുൻപ് ചികിത്സയ്ക്കായി മംഗളൂരുവിലേക്കും തെക്കൻ ജില്ലകളിലേക്കും പോയിരുന്ന പലരും ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com