നീലേശ്വരം നഗരസഭയ്ക്ക് പുത്തൻ ആസ്ഥാനമന്ദിരം
Mail This Article
നീലേശ്വരം ∙ സംസ്ഥാനത്തെ നഗരസഭകളിൽ ഏറ്റവും വലിയ ആസ്ഥാന മന്ദിരം ഇനി നീലേശ്വരം നഗരസഭയുടേതാകുമെന്ന് നഗരസഭാ അധികൃതർ. പുഴയോരത്തെ കച്ചേരിക്കടവ് റോഡിൽ നഗരസഭ വിലയ്ക്ക് വാങ്ങിയ 75 സെന്റ് ഭൂമിയിൽ 30,000 ചതുരശ്ര അടി വിസ്്തൃതിയിലാണ് 3 നില കെട്ടിടം നിർമിച്ചത്. 11.3 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്. 78 ലക്ഷം രൂപ ചെലവിൽ ഇവിടെ ഫർണിച്ചർ സൗകര്യമൊരുക്കും. ആദ്യത്തെ 2 നിലകളിൽ വിവിധ സെക്‌ഷനുകളും ഫ്രണ്ട് ഓഫിസും പ്രവർത്തിക്കും.
വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്കുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. കൗൺസിൽ ഹാളിനു പുറമെ യോഗങ്ങൾ ചേരുന്നതിനായി 250 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളും സ്ത്രീകൾക്കുള്ള പ്രത്യേക വിശ്രമമുറിയും ഫീഡിങ് സെന്ററും ഉണ്ട്. കൃഷിഭവൻ, കുടുംബശ്രീ ഓഫിസുകൾ കൂടി ഇവിടെ പ്രവർത്തിച്ചു തുടങ്ങുന്നതോടെ പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ കിട്ടും. നഗരത്തിന്റെ ഭാവി വികസനം കൂടി കണക്കിലെടുത്താണ് മൂന്നാംനില നിർമിച്ചത്. രാജാ റോഡിലെ ട്രഷറി ജംക്‌ഷനിൽ നിന്നു പുതിയ ഓഫിസ് സമുച്ചയം വരെ ഇന്റർലോക് പാകിയ റോഡും നിർമിച്ചിട്ടുണ്ട്.
2010 ൽ നഗരസഭയായി ഉയർന്ന ശേഷം കഴിഞ്ഞ 13 വർഷത്തിൽ അധികമായി പഞ്ചായത്തിൽ നിന്നു കൈമാറിക്കിട്ടിയ ഓഫിസ് മിനുക്കി ഉപയോഗിച്ചു വരികയാണ് നീലേശ്വരം നഗരസഭ. പുതിയ ആസ്ഥാനമന്ദിരത്തിലേക്കു പ്രവർത്തനം മാറുന്നതോടെ ഈ അസൗകര്യങ്ങൾക്കെല്ലാം പരിഹാരമാകും. 26 നു രാവിലെ 10 നു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവഹിക്കും. സംഘാടക സമിതി രൂപീകരണ യോഗം 15 നു വൈകിട്ടു 4 നു നീലേശ്വരം വ്യാപാരഭവൻ ഹാളിൽ ചേരും.