ADVERTISEMENT

കാസർകോട് ∙ ഇന്നലെ അവതരിപ്പിച്ച ബജറ്റിൽ കാസർകോട് വികസന പാക്കേജിന് 75 കോടി രൂപ വകയിരുത്തിയത് ആശ്വാസമാണെങ്കിലും ഇതര ജില്ലകൾക്ക് അനുവദിച്ചതു പോലെയുള്ള പ്രത്യേക പദ്ധതികളൊന്നും അനുവദിക്കാത്തത് പിന്നാക്ക ജില്ലയെന്ന പരിഭവം മാറാത്ത കാസർകോടിനു നിരാശയായി.  കേന്ദ്രാവിഷ്കൃതം ഉൾപ്പെടെ ആകെ 11123 കോടി രൂപയുടെ കാസർകോട് വികസന പാക്കേജിൽ സംസ്ഥാന സർക്കാർ ബജറ്റിൽ 10 വർഷത്തിനിടെ വിവിധ ബജറ്റുകളിലായി വകയിരുത്തിയത് 975 കോടി രൂപയാണ്.

2013 മുതലാണു റിട്ട. ചീഫ് സെക്രട്ടറി പി.പ്രഭാകരൻ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരമുള്ള പദ്ധതികൾ അംഗീകാരത്തിനു വിധേയമായി സംസ്ഥാന സർക്കാർ ബജറ്റിൽ തുക വകയിരുത്തുന്നത്. ഉമ്മൻചാണ്ടി സർക്കാർ അംഗീകരിച്ച് അനുവദിച്ചതാണ് പ്രഭാകരൻ കമ്മിഷൻ പാക്കേജ്. 11123 കോടിയുടെ പദ്ധതികളിൽ 3100 കോടിയുടെ പദ്ധതികളുടെ നി‍ർമാണം വിവിധ ഘട്ടങ്ങളിലാണ്.

നടപ്പാക്കാ‍ൻ കഴിയാത്തതു കാരണം മാറ്റിവച്ച 6500 കോടി രൂപയുടെ പദ്ധതികൾ ഒഴിവാക്കിയാൽ ബാക്കിയുള്ള 1500 കോടിയുടെ വിവിധ പദ്ധതികൾ ഇനിയും ആരംഭിക്കാനുണ്ട്. 6500 കോടി രൂപയുടെ പദ്ധതികൾക്കു പകരം പദ്ധതികൾ 2 വർഷം മുൻപ് സംസ്ഥാന സർക്കാരിനു സമർപ്പിച്ചതാണ്. ഇതു സംസ്ഥാന ആസൂത്രണ സമിതി അംഗീകരിച്ചതാണെങ്കിലും ഇതുവരെ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടില്ല.

കൃഷി, മത്സ്യബന്ധനം, ജലസേചനം, മൃഗസംരക്ഷണം, ക്ഷീരവികസനം, വ്യവസായം, വിദ്യാഭ്യാസം, കായികം, കുടുംബക്ഷേമം തുടങ്ങി എല്ലാ മേഖലകളുമായി ബന്ധപ്പെട്ട 410 പദ്ധതികളായിരുന്നു സമർപ്പിച്ചിരുന്നത്. ജില്ലയിലെ എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരൻ, എം.രാജഗോപാലൻ തുടങ്ങിയവർ ഇതിനുവേണ്ടി നിയമസഭയിൽ സബ്മിഷൻ വരെ ഉന്നയിച്ചതാണ്. എന്നാൽ ഈ ബജറ്റിൽ അതുമായി ബന്ധപ്പെട്ട് ഒന്നും കണ്ടില്ല.

മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശുദ്ധജല സൗകര്യം, ജലസംരക്ഷണ പ്രവർത്തനം, മുഴുവൻ ആരോഗ്യ കേന്ദ്രങ്ങൾക്കും സ്വന്തം കെട്ടിടം, ജില്ലയിൽ സർക്കാർ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ ജില്ലയിലുള്ളവർക്കു മത്സര പരീക്ഷകളിൽ വിജയം നേടാനുള്ള പരിശീലനം, അങ്കണവാടികൾക്കു സ്വന്തം കെട്ടിടം, പാടശേഖരങ്ങളിൽ സമഗ്ര വികസനം, കായിക രംഗത്തു സ്റ്റേഡിയം തുടങ്ങിയവ നേരത്തെ കാസർകോട് വികസന പാക്കേജിൽ നടപ്പിലാക്കി വരുന്നതാണ്. ജില്ലയിൽ 150 ഓളം ചെക്ക് ഡാമുകളും തടയണകളും സ്ഥാപിക്കാൻ കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com