കാസർകോട് ഗവ.മെഡിക്കൽ കോളജിന് തുകയില്ല; തുടങ്ങിയ നഴ്സിങ് കോളജ് വീണ്ടും തുടങ്ങുമെന്ന് പ്രഖ്യാപനം
Mail This Article
കാസർകോട് ∙ നിർമാണ പ്രവൃത്തികൾ വർഷങ്ങളായി ഇഴഞ്ഞു നീങ്ങുന്ന ഉക്കിനടുക്കയിലെ കാസർകോട് ഗവ.മെഡിക്കൽ കോളജിന് ഒരു തുക പോലും വകയിരുത്താതെ സംസ്ഥാന ബജറ്റ്. കാസർകോട് അടക്കം 5 ജില്ലയിൽ ഒരു സർക്കാർ നഴ്‌സിങ് കോളേജ് അനുവദിക്കുമെന്നു ബജറ്റിൽ പ്രഖ്യാപനമുണ്ടെങ്കിലും കാസർകോട്ടെ നഴ്സിങ് കോളജ് മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്കിൽ നേരത്തേ തന്നെ പ്രവർത്തനമാരംഭിച്ചതാണ്.
ബജറ്റിൽ കാസർകോട് മെഡിക്കൽ കോളജിനു തുക അനുവദിക്കുമെന്നായിരുന്നു ജില്ലയുടെ പ്രതീക്ഷ. പക്ഷേ പാലക്കാട് മെഡിക്കൽ കോളജിന് 50 കോടി നീക്കിവച്ചപ്പോൾ കാസർകോടിനെ തഴഞ്ഞു.
2021 ഓഗസ്റ്റിൽ കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് കാസർകോട് മെഡിക്കൽ കോളജിനു നേരത്തേ 160 കോടിയുടെ ഭരണാനുമതി നൽകിയത്. എന്നാൽ ഇതിൽ 32 കോടി രൂപ മാത്രമാണു സാമ്പത്തികാനുമതി ലഭിച്ചത്.
ഇതുപയോഗിച്ച് ഇലക്ട്രിക്കൽ വർക്കുകളാണ് ഇവിടെ നടക്കുന്നത്. ബാക്കി തുക ഇപ്പോഴും അനുവദിച്ചിട്ടില്ല.
ആശുപത്രി കെട്ടിടം നിർമാണത്തിനു കരാറുകാരൻ സമർപ്പിച്ച 69 ലക്ഷം രൂപയുടെ ബില്ലിൽ തുക ഇതുവരെ കൈമാറാത്തതിനു കോടതിയിലുള്ള കേസ് പരിഹരിച്ചതായി മന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും പണി ആരംഭിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.
മുൻ ബജറ്റുകളിൽ കാസർകോട് വികസന പാക്കേജ് പ്രകാരം 78 കോടി രൂപ അനുവദിച്ചിരുന്നു. അക്കാദമിക് ബ്ലോക്ക്, പെൺകുട്ടികൾക്കുള്ള ഹോസ്റ്റൽ, ഡോക്ടർമാർക്കുള്ള ക്വാർട്ടേഴ്സ്, ശുദ്ധജല സൗകര്യം എന്നിവയുടെ പണികൾക്കാണ് ഈ തുക അനുവദിച്ചത്.
എന്നാൽ ഇത്തവണ കാസർകോട് വികസന പാക്കേജിൽ അനുവദിച്ച 75 കോടി മെഡിക്കൽ കോളജിനു ലഭിക്കുമോ എന്ന് ഇപ്പോൾ വ്യക്തതയില്ല.