ADVERTISEMENT

കാസർകോട് ∙ ഇന്നു സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോൾ ജില്ല പ്രതീക്ഷയിലാണ്. കഴിഞ്ഞ ബജറ്റുകളിൽ പ്രഖ്യാപിച്ച പദ്ധതികൾ തന്നെ പലതും നടപ്പാകാനുമുണ്ട്. ജില്ലയെ സംബന്ധിച്ചു നിർണായകമായ വിദ്യാഭ്യാസം, ആരോഗ്യം, വിനോദസഞ്ചാരം, വ്യവസായം, മറ്റു മരാമത്ത് മേഖലകളിൽ കൂടുതൽ അനുകൂലമായ പ്രഖ്യാപനങ്ങളാണു പ്രതീക്ഷിക്കുന്നത്. പ്രത്യേക പാക്കേജിൽ 75 കോടിയാണു കഴിഞ്ഞ 2 ബജറ്റിലും പ്രഖ്യാപിച്ചത്. ഇതിൽ വലിയ വർധന ജില്ല അർഹിക്കുന്നുണ്ട് എന്നതാണു യാഥാർഥ്യം. 

‌ടൂറിസം– സാംസ്കാരികം 
∙ കാസർകോട് എയർസ്ട്രിപ് പ്രാരംഭ പ്രവർത്തനത്തിനു കഴിഞ്ഞ സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല. പ്രഖ്യാപിച്ചിട്ട് 13 വർഷങ്ങളായെങ്കിലും പദ്ധതി ലക്ഷ്യം കാണാത്തതിൽ പ്രദേശവാസികൾക്കും ആശങ്കയുണ്ട്. സർക്കാർ ഏറ്റെടുക്കുമെന്നതിനാൽ സ്വന്തം സ്ഥലത്തു നിർമാണ പ്രവർത്തനം നടത്താനോ കൃഷിയിറക്കാനോ കഴിയാത്ത അവസ്ഥയിലാണിവർ. കാസർകോട് ഉൾപ്പെടെ വിവിധ ജില്ലകളിലെ എയർസ്ട്രിപ്പുകൾക്കു പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിക്കുമെന്നായിരുന്നു കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം. ഇതിന് 20 കോടി രൂപ മാറ്റിവെക്കുകയും ചെയ്തിരുന്നു. 

പെരിയ വില്ലേജിലെ കനിംകുണ്ടിൽ എയർസ്ട്രിപ് സ്ഥാപിക്കുന്നതിന് 2011ലാണു സർക്കാർ തത്വത്തിൽ അംഗീകാരം നൽകുന്നത്. ഇതുപ്രകാരം ബിആർഡിസി സ്ഥലമെടുപ്പിനായുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു. എയർസ്ട്രിപ്പിനായി 80.41 ഏക്കർ സ്ഥലമാണു കണ്ടെത്തിയത്. ഇതിൽ 58 ഏക്കർ സ്ഥലം സ്വകാര്യ വ്യക്തികളുടെയും 23 ഏക്കർ സ്ഥലം സർക്കാരിന്റേതുമാണ്. പദ്ധതി പ്രദേശത്ത് 16 കുടുംബങ്ങൾക്കാണു സ്ഥലമുള്ളത്. ഇതിൽ 12 കുടുംബങ്ങൾ‍ക്കാണു വീടുകളുള്ളത്. 

∙ നീലേശ്വരത്ത് അഴിത്തല ടൂറിസം പദ്ധതി, കൊടക്കാട് കലാഗ്രാമം, വീരമലക്കുന്ന് ടൂറിസം പദ്ധതി, ബാവിക്കര ടൂറിസം പദ്ധതി ഇവയുടെ തുടർ നടപടികൾ.
∙ കയ്യൂർ രക്തസാക്ഷി സ്മാരകം.
∙ കല്ലളൻ വൈദ്യർ സ്മാരക സാംസ്കാരിക സമുച്ചയം വൈകുന്നു. കല്ലളൻ വൈദ്യർ സമുച്ചയത്തിനു പാലായിയിലാണു സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
∙ കുമ്പളയിലെ യക്ഷഗാന അക്കാദമി വേഗത്തിൽ യാഥാർഥ്യമാക്കണം.

ആരോഗ്യം
∙ ഉക്കിനടുക്കയിലെ മെഡിക്കൽ കോളജിലെ ആവശ്യങ്ങൾ പരിഗണിക്കണം. കൂടുതൽ തസ്തികകൾ വേണം. നിർമാണം വേഗത്തിലാക്കാൻ അധികതുക വകയിരുത്തണം. 
∙ ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകരുടെ തസ്തികകൾ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
∙ ടാറ്റാ കോവിഡ് ആശുപത്രിയെ മെച്ചപ്പെട്ട ചികിത്സാ കേന്ദ്രമാക്കാൻ കൂടുതൽ പരിഗണന വേണം.

വിദ്യാഭ്യാസം 
∙ വിവിധ കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കണം.
∙ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനു മുൻഗണന നൽകണം.
∙ ചെറുവത്തൂർ ടിഎച്ച്എസ്എസിൽ എൻജിനീയറിങ് കോളജ് പദ്ധതികൾ പ്രഖ്യാപനത്തിൽ ഒതുങ്ങി.
∙ നീലേശ്വരത്തു പ്രഖ്യാപിച്ച ലോ കോളജ് യാഥാർഥ്യമാക്കണം.
∙ സീതാംഗോളി ഐടിഐ കെട്ടിടം.

വ്യവസായം

∙ പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് പ്രൊഡക്ട്സ് ലിമിറ്റഡിന്റെ പുതുക്കൈ യൂണിറ്റ് പ്രവർത്തനം പഴയരീതിയിൽ പുനഃരാരംഭിക്കണം.
∙ കാസർകോട് നെല്ലിക്കുന്നിൽ പ്രവർത്തിച്ചിരുന്ന ആസ്ട്രൽ വാച്ച് കമ്പനി പ്രവർത്തിച്ചിരുന്ന സ്ഥലത്തു വ്യവസായ സമുച്ചയം നിർമിക്കുമെന്ന പ്രഖ്യപനത്തിനു തുടർച്ചയുണ്ടാകുമോയെന്നു ജില്ല കാത്തിരിക്കുകയാണ്. മന്ത്രി പി.രാജീവ് മുൻപ് ഈ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. 
∙ കെൽ ഇഎംഎൽ കമ്പനിയുടെ പ്രവർത്തനത്തിൽ ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞിട്ടില്ല.
∙ ഉദുമ ടെക്സ്റ്റൈൽ മിൽ നവീകരണം വെറുംവാക്കായി.
∙ കാഞ്ഞങ്ങാട് ഫുഡ് പാർക്ക് യാഥാർഥ്യമാക്കണം.

നിർമാണ പദ്ധതികൾ
∙ കോട്ടിക്കുളം, ഉദുമ റെയിൽവേ മേൽപാലങ്ങൾ അടിയന്തരമായി നടപ്പാക്കണം.
∙ കാസർകോട് തുറമുഖ നിർമാണ ജോലികൾ തുടങ്ങാൻ കഴിയണം.
∙ കായിക മേഖലയിൽ സിന്തറ്റിക് ട്രാക്കുകൾക്കായി അധിക തുക വകയിരുത്തണം.
∙ തീരദേശ ഹൈവേയ്ക്ക് അധിക തുക വകയിരുത്തണം.
∙ നീലേശ്വരത്ത് തോട്ടം – അഴിത്തല റോഡ് നിർമാണത്തിനു ഫണ്ട് പരിഗണിക്കണം.


∙ ഭരണാനുമതി ലഭിക്കാതെ മുനമ്പം പാലം വൈകുന്ന പ്രശ്നം പരിഹരിക്കണം.
∙ നീലേശ്വരം മുണ്ടേമ്മാട് പാലം ടെൻഡർ വൈകുന്നു.
∙ മരുതോം – കാറ്റാംകവല വനമേഖലയിൽ മലയോരഹൈവേ നിർമാണം പൂർത്തിയാക്കണം.
∙ അഗ്നിരക്ഷാ സേനയുടെ ഉപ്പളയിലെ കെട്ടിടം വൈകുന്നത് പരിഹരിക്കണം.
∙ കാരാക്കോട്, ചെരണത്തല പാലങ്ങളുടെ നിർമാണം ടെൻഡറിലൊതുങ്ങി.
∙ നീലേശ്വരത്ത് മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച മിനി സിവിൽ സ്‌റ്റേഷൻ,  ചെറുവത്തൂർ റവന്യു ടവർ എങ്ങുമെത്തിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com