ADVERTISEMENT

കാസർകോട് ∙ ഒരു ഭാഗത്തു വൈദ്യുതി മുടക്കം, മറ്റൊരു ഭാഗത്തു ജലവിതരണ മുടക്കം, ബിഎസ്എൻഎൽ വരിക്കാർക്കി മൊബൈൽ ഫോൺ റേഞ്ച് കിട്ടാത്ത തടസ്സം. ഇതിനൊക്കെ ഉപരി ഗതാഗതത്തിനു സർവത്ര തടസ്സം. നീളുന്ന ദേശീയപാത നിർമാണത്തിലെ പ്രതിസന്ധികൾ നാട്ടുകാർക്കു ദുരിതമാവുന്നതായി പരാതി. ജലം, വൈദ്യുതി മുടക്കം പതിവാകുമ്പോഴും കിട്ടാത്ത വൈദ്യുതിക്കും വെള്ളത്തിനും വരെ പണം അടയ്ക്കണം. 

നെറ്റ്‌വർക്ക്  കിട്ടുന്നില്ല
ദേശീയപാത പ്രവൃത്തി കാരണം കേബിൾ മുറിയുന്നതിനാൽ പലർക്കും നെറ്റ്‌വർക്ക് ഇല്ലാതാകുന്ന സ്ഥിതിയാണ്. നമ്പർ അമർത്തിയാൽ തന്നെ കോൾ കിട്ടാത്ത സ്ഥിതി. കോൾ കിട്ടിയാൽ തന്നെ കേൾക്കാത്ത ശബ്ദം. ഇങ്ങോട്ടു വരുന്ന കോൾ അറ്റൻഡ് ചെയ്താലും പറയുന്നതു കേൾക്കില്ല. വന്ന നമ്പർ അമർത്തി അങ്ങോട്ടു തിരിച്ചു വിളിക്കണം. കാസർകോട് നഗരത്തിലെ ഒരു ഗുണഭോക്താവിന്റെ അനുഭവമാണ് ഇത്.  പല ദിവസങ്ങളിലും ഇതാണ് സ്ഥിതി. 

ജല അതോറിറ്റി വെള്ളം കിട്ടാതെ 6 ദിവസം
വിദ്യാനഗർ ജല അതോറിറ്റി സബ് ഡിവിഷൻ ഓഫിസിനു സമീപം പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണു നഗരത്തിൽ കാസർകോട് ജനറൽ ആശുപത്രി ഉൾപ്പെടെ പല ഇടങ്ങളിലും 6 ദിവസം തുടർച്ചയായി വെള്ളം മുടങ്ങിയത്. ജല അതോറിറ്റി വെള്ളം മാത്രം ആശ്രയമായവർ ഇതു കാരണം വലഞ്ഞു. പകരം ജലവിതരണ സംവിധാനം ഏർപ്പെടുത്താതെയായിരുന്നു പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കൽ ജോലി തുടങ്ങിയത്. ഒന്നോ രണ്ടോ ദിവസം മുടക്കം എന്ന നിലയിലായിരുന്നു പണി തുടങ്ങിയത് എങ്കിലും പണി തീർക്കാൻ കഴിയാതെ നീണ്ടു. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ വെള്ളം പോലും കിട്ടാത്തവർ ബന്ധു വീടുകളിലും മറ്റും ആശ്രയം തേടി.

വൈദ്യുതി  ഇടയ്ക്കിടെ മുടങ്ങും
ഇന്നലെ പകൽ നഗരത്തിൽ മണിക്കൂറുകളോളമുണ്ടായ വൈദ്യുതി മുടക്കത്തിൽ വിയർത്ത് ഒഴുകുകയായിരുന്നു ജനം. ധനകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഇടപാടുകൾ നടത്തുന്നതിനും തടസ്സമായി. കമ്പി പൊട്ടിയതായിരുന്നു വൈദ്യുതി മുടക്കത്തിനിടയാക്കിയത്. ഇതിനിടെയാണ് മാസ കെഎസ്ഇബി ബില്ലിൽ വന്നിരിക്കുന്ന നിരക്ക് വർധന എന്ന ദുരിതവും.

യാത്രയാകട്ടെ ദുരിതമയം തന്നെ
ദേശീയപാത പ്രവൃത്തി നടക്കുന്നിടങ്ങളിൽ പലയിടത്തും സർവീസ് റോഡിനു വീതിയില്ലാത്തതിനാൽ ബസുകൾ സ്റ്റോപ്പിൽ നിർത്തുന്ന സമയത്തു പിറകിലെ വാഹനങ്ങൾ ഏറെ സമയം കാത്തിരിക്കണം. ഇതു പതിവ് ഗതാഗതക്കുരുക്കിനു കാരണമാകുന്നു. പൊടിശല്യവും തകർന്നു കിടക്കുന്ന റ‍ോഡും കാരണം യാത്രക്കാർ അനുഭവിക്കുന്ന പ്രയാസത്തിനു പുറമെയാണു ഗതാഗതക്കുരുക്കു കൂടി വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com