ADVERTISEMENT

വെള്ളരിക്കുണ്ട്∙ ബളാൽ– രാജപുരം ജില്ലാ പഞ്ചായത്ത് റോഡ് പൊതുമരാമത്തിന് വിട്ടുകൊടുത്ത്  സിആർഐഎഫ് മുഖേന റോഡ് വികസിപ്പിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കള്ളാർ, പനത്തടി ബളാൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തേക്ക്  ജനങ്ങൾക്ക് എത്തിച്ചേരാൻ കൂടുതൽ ബസ് റൂട്ടുകൾ എത്തിച്ചേരുന്ന വിധത്തിൽ പത്തര കിലോമീറ്റർ ദൈർഘ്യത്തിലുള്ള റോഡായി  വികസിപ്പിക്കണം. 

നിലവിൽ ഒടയൻചാൽ വഴി 40 ഓളം കിലോമീറ്റർ ചുറ്റിവേണം താലൂക്ക് ആസ്ഥാനത്തേക്ക് എത്താൻ. വലിയ കയറ്റവും വളവും ഉള്ള ബളാൽ രാജപുരം റോഡ് പൊതുമരാമത്തിന് കൈമാറണമെന്നാണ് പ്രധാന ആവശ്യം. ഇതുസംമ്പന്ധിച്ച് വെള്ളരിക്കുണ്ട് ടൗൺ വികസനസമിതി പ്രസിഡന്റ് ബാബു കോഹിനൂർ പ്രമേയം അവതരിപ്പിച്ചു. ടി.പി തമ്പാൻ പിൻതാങ്ങി. വെള്ളരിക്കുണ്ട് ട്രാഫിക് പരിഷ്കരണത്തിനായി റെഗുലേറ്ററി കമ്മിറ്റി ചേർന്നിട്ടുള്ളതാണെന്നും ഉടൻ നടപടിക്രമം പൂർത്തിയാക്കുമെന്നും ബളാൽ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 

കോട്ടഞ്ചേരി വനസംരക്ഷണ സമിതിക്ക് റജിസ്ട്രേഷൻ അനുവദിച്ച വിവരവും  ടൂറിസവുമായി ബന്ധപ്പെട്ട് ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ഓഫിസറും ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും അനുബന്ധ ഉദ്യോഗസ്ഥരും സ്ഥല പരിശോധന നടത്തിയ വിവരവും വനംവകുപ്പ്  ഉദ്യോഗസ്ഥർ  അറിയിച്ചു.  കോളിച്ചാൽ– ചെറുപുഴ മലയോര ഹൈവേയുടെ വനഭൂമിയിൽ കൂടി കടന്നു പോകുന്ന ഭാഗം കൂടി ഉൾപ്പെടുത്തിയിട്ടുള്ള റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്നും കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ബളാൽ പഞ്ചായത്ത് സ്ഥിരസമിതി അംഗം ടി.അബ്ദുൾ ഖാദർ അധ്യക്ഷനായി  ടി.പി തമ്പാൻ, എൻ പുഷ്പരാജൻ, ബാബു കോഹിനൂർ, എ.സി.എ ലത്തീഫ്, ബിജു തുളിശ്ശേരി, പ്രിൻസ് ജോസഫ്, ബെന്നി നാഗമറ്റം, തഹസിൽദാർ പി.വി മുരളി എന്നിവരും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com