ADVERTISEMENT

കാസർകോട് ∙ കേന്ദ്ര–സംസ്ഥാന സർക്കാരുകളെ കുറ്റവിചാരണ ചെയ്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര ഇന്ന് കാസർകോട് തുടക്കമാകും. വൈകിട്ട് 3നു വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, പ്രവർത്തക സമിതി അംഗം ശശി തരൂർ എംപി, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എംപി തുടങ്ങിയവർ പങ്കെടുക്കും. 

നാളെ രാവിലെ 10നു നഗരസഭ മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന ജനകീയ ചർച്ച സദസ്സിൽ ദുരിതമനുഭവിക്കുന്നവരുമായി നേതാക്കൾ സംവദിക്കും. ഉച്ചയ്ക്ക് 12നു കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും സംയുക്ത വാർത്താ സമ്മേളനം. സമരാഗ്നിയുടെ ഭാഗമായി 14 ജില്ലകളിലായി 30 സമ്മേളനങ്ങൾ സംസ്ഥാനത്താകെ നടക്കും. 

തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ മൂന്നു വീതവും കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ രണ്ടു വീതവും കാസർകോട്, വയനാട്, പത്തനംതിട്ട ജില്ലകളിൽ ഒന്നു വീതവും പൊതുസമ്മേളനങ്ങളാണു ക്രമീകരിച്ചിരിക്കുന്നത്. ജാഥ 29നു തിരുവനന്തപുരത്തു സമാപിക്കും. 

പ്രതീക്ഷിക്കുന്നത് കാൽലക്ഷത്തോളം പേരെ
ജില്ലയിലെ ഒറ്റ പൊതുയോഗം എന്ന നിലയിൽ ഇന്നു കാസർകോട്ടു നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ കാൽലക്ഷത്തോളം പ്രവർത്തകരെയാണു നേതൃത്വം പ്രതീക്ഷിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ പറ‍ഞ്ഞു. മണ്ഡലം, ബൂത്ത് അടിസ്ഥാനത്തിൽ കൃത്യമായ പരിപാടികളാണ് ഇതിനായി നടത്തിയത്. ജില്ലാതലം മുതൽ ബൂത്ത്തലം വരെ സംഘാടക സമിതികൾ രൂപീകരിച്ച് അതിന്റെ ഭാരവാഹികൾക്കാണു പ്രവർത്തകരെ എത്തിക്കാനുള്ള ചുമതല.

പോസ്റ്റർ സ്ഥാപിക്കൽ, കുടിലുകൾ നിർമിക്കൽ, ബൈക്ക് റാലി തുടങ്ങിയ വ്യത്യസ്തമായ പ്രചാരണ രീതികളും സ്വീകരിച്ചു. കെഎസ്‌യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് തുടങ്ങിയ പോഷക സംഘടനകളുടെ നേതൃത്വത്തിലും പ്രചാരണങ്ങൾ നടന്നു. വേദിയിലെ അവസാന പ്രവൃത്തികൾ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ നേതൃത്വത്തിൽ വിലയിരുത്തി.

ജാഥയ്ക്കൊപ്പം സഞ്ചരിക്കുന്ന  പുസ്തകശാലയും
സമരാഗ്നി ജാഥയ്ക്കൊപ്പം സഞ്ചരിക്കുന്ന പുസ്തകശാലയും. കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസാണു പുസ്തകശാല തയാറാക്കിയത്. ഏഴര വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തെക്കുറിച്ചുള്ള പ്രമുഖരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തിയ ‘തുടർഭരണം സൃഷ്ടിച്ചത് നവകേരളമോ സർവനാശമോ’ എന്ന പുസ്തകം ഇതിൽ ലഭിക്കുമെന്നു വൈസ് ചെയർമാൻ പഴകുളം മധു പറഞ്ഞു. 

നാളെ പൗര പ്രമുഖരില്ലാ സദസ്സ്; പകരം ദുരിതം പേറുന്നവർ
കാസർകോട് ∙ സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിൽ പൗരപ്രമുഖരെ പങ്കെടുപ്പിച്ചുള്ള പ്രഭാത ചർച്ചയ്ക്കു ബദലായി ജനകീയ ചർച്ചാ സദസ്സാണു സമരാഗ്നിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിൽ ദുരിതമനുഭവിക്കുന്നവരെയാണ് ഇതിലേക്കു ക്ഷണിച്ചിട്ടുള്ളത്.  

എൻഡോസൾഫാൻ ദുരിതബാധിതർ, അടയ്ക്ക കർഷകർ, വന്യജീവിശല്യം നേരിടുന്ന കർഷകർ, സാമൂഹിക സുരക്ഷാ പെൻഷൻ കിട്ടാതെ വിഷമിക്കുന്നവർ, തീരദേശ പരിപാലന നിയമത്തിന്റെ ഭാഗമായി കഷ്ടപ്പെടുന്നവർ അടക്കം ഇരുനൂറോളം പേരെയാണു കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന ചർച്ചയിലേക്കു ക്ഷണിച്ചിട്ടുള്ളത്. ഇവരുടെ പരാതികൾ നേതാക്കൾ കേൾക്കുകയും പരിഹാരിക്കാനുള്ള ഇടപെടൽ നടത്തുകയും ചെയ്യും. രാവിലെ 10 മുതൽ 2 മണിക്കൂറാണ് ഇതിനു മാറ്റിവച്ചിരിക്കുന്നതെന്ന് ജില്ലയുടെ ചുമതലയുള്ള കെപിസിസി  ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com