മുച്ചിലോട്ടമ്മയുടെ അനുഗ്രഹം തേടി ഭക്തജനപ്രവാഹം
Mail This Article
തൃക്കരിപ്പൂർ ∙ നാട്ടുവഴികളെല്ലാം ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലേക്ക്. പെരുങ്കളിയാട്ടത്തിലെ രണ്ടാം ദിനം പിന്നിട്ടപ്പോൾ മുച്ചിലോട്ടമ്മയുടെ അനുഗ്രഹം തേടിയെത്തുന്നവരുടെ എണ്ണമേറി. മുച്ചിലോട്ടു ഭഗവതിയുടെ ഉച്ചത്തോറ്റവും അന്തിത്തോറ്റവും അരങ്ങിലെത്തി. കാണാനും വണങ്ങാനും അനേകരെത്തി. പുലർച്ചെ 4 നു മുച്ചിലോട്ടു ഭഗവതിയുടെ നേർ ചങ്ങാതി കണ്ണങ്ങാട്ട് ഭഗവതി പുറപ്പാടായി.‘രണ്ടു കിട്ടിയാലൊന്ന് ഒന്നു കിട്ടിയാലര’ എന്ന പ്രകാരത്തിൽ വായും മനസ്സുമായി മുച്ചിലോട്ടു ഭഗവതിയുടെ നേർ ചങ്ങാതിയായ കണ്ണങ്ങാട്ട് ഭഗവതി വാണിയ സമൂഹത്തിനും യാദവർക്കും പ്രിയങ്കരിയായ ദേവിയാണ്. ചിലപ്പതികാരത്തിലെ കണ്ണകിയാണ് കണ്ണങ്ങാട്ട് ഭഗവതിയെന്നു ചില പണ്ഡിതർ സമർഥിക്കുന്നുണ്ട്.
പുലിയൂർ കാളി, പുലിയൂർ കണ്ണൻ തുടങ്ങിയ തെയ്യങ്ങളും ഇന്നലെ ഭക്തരിൽ ആരാധനയും ആവേശവും നിറച്ച് നടനം ചെയ്തു. പുലിവേഷം ധരിച്ച് പാർവതിയും പരമേശ്വരനും കാട്ടിൽ കളിയാടി നടന്നപ്പോൾ പുലിപ്പെണ്ണ് മാതനാർ കല്ലിലെ ‘മടമാന്തി’ പ്രസവിച്ച പുലിക്കുഞ്ഞുങ്ങളിൽ വീര്യമുള്ള പൊൻമകളാണ് പുലിയൂർ കാളി. അതുപോലെ ദേവചൈതന്യമേറ്റു വാങ്ങിയ ദേവനാണ് പുലിയൂർ കണ്ണൻ. ഒരു ’വിളിക്കൊമ്പത് കൂറ്റുകാട്ടി ഓടിയെത്തി തുണ നിൽക്കുന്ന’ ദേവതകളാണ് ഇരുവരും. മോന്തിക്കോലം, രക്തചാമുണ്ഡി, കുണ്ടോർ ചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി തുടങ്ങിയ തെയ്യങ്ങളും ഇന്നലെ നർത്തനമാടി. മുച്ചിലോട്ടമ്മയുടെ പ്രസാദത്തിനായി ഭക്ഷണപ്പുരയിൽ ആയിരങ്ങളെത്തി.
സാംസ്കാരിക സദസ്സ് വൈകിട്ട് 6 നു സമാപന സമ്മേളനം. ഉദ്ഘാടനം മന്ത്രി കെ.രാധാകൃഷ്ണൻ. അധ്യക്ഷൻ എം.രാജഗോപാലൻ എംഎൽഎ. മുഖ്യാതിഥി. സിനിമാതാരം വിജയരാഘവൻ. സിനിമാ നടൻ പി.പി.കുഞ്ഞിക്കൃഷ്ണനു ഉപഹാര സമർപ്പണം. ടി.ഐ.മധുസൂദനൻ, സി.എച്ച്.കുഞ്ഞമ്പു, എം.കെ.എം.അഷ്റഫ് എന്നീ എംഎൽഎമാർ പങ്കെടുക്കും. രാത്രി 8 നു പിലാത്തറ ലാസ്യ കലാക്ഷേത്രത്തിന്റെ നൃത്താവിഷ്ക്കാരം ’കുരുക്ഷേത്ര’.
മംഗലക്കുഞ്ഞുങ്ങൾ ഇന്ന് തിരുമുറ്റത്തെത്തും
പെരുങ്കളിയാട്ടത്തിലെ പ്രധാന ആചാരമായ പന്തൽ മംഗലത്തിനുള്ള മംഗലക്കുഞ്ഞുങ്ങൾ മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റത്തിനൊപ്പം ഇന്നു തിരുമുറ്റത്തെത്തും. പൂർണ വ്രതാനുഷ്ഠാനത്തോടെയാണ് മംഗലക്കുഞ്ഞുങ്ങൾ ഇതിനായി ഒരുങ്ങുക. അച്ഛന്റെയോ അമ്മാവന്റെയോ ചുമലിലേറിയാണ് കുഞ്ഞുങ്ങൾ ഉച്ചത്തോറ്റത്തിനൊപ്പം ക്ഷേത്രം വലം വയ്ക്കുക. കുട്ടികൾ കയ്യിലുള്ള വെറ്റില മുറിച്ചെടുത്ത് പിറകോട്ടെറിഞ്ഞു കൊണ്ടാണ് വലം വയ്ക്കുക.
പുതുവസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് അണിഞ്ഞൊരുങ്ങിയാണ് മംഗലക്കുഞ്ഞുങ്ങൾ ചടങ്ങിനെത്തുക. പന്തൽമംഗലം കഴിയുന്നതോടെ കുഞ്ഞുങ്ങൾ മുച്ചിലോട്ടമ്മയുടെ ചങ്ങാതിമാരായെന്ന വിശ്വാസം വച്ചു പുലർത്താറുണ്ട്. പെരുങ്കളിയാട്ടത്തിലെ പ്രാധാന്യമാർന്ന തോരപ്പുഴുക്ക് ഇന്നു ഉണ്ടാക്കും. 10 ക്വിന്റലിൽ പരം തുവരയാണ് ഇതിനായി ഉപയോഗിക്കുക. കഴുകി വൃത്തിയാക്കി സാധാരണ വേവിനെക്കാൾ കൂടുതലായി രണ്ടായി പിളരുന്ന തരത്തിൽ വേവിച്ച് തേങ്ങയും പച്ചമുളകും ചതച്ച് ചേർത്തും വെളിച്ചെണ്ണ ചാലിച്ചും ഒരുക്കുന്ന തോരപ്പുഴുക്കിന്റെ രുചി വേറിട്ടതാണ്.
ഇന്ന് അരങ്ങിലെത്തുന്ന തെയ്യങ്ങളും തോറ്റങ്ങളും
കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, രക്ത ചാമുണ്ഡി, കുണ്ടോർ ചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി, മുച്ചിലോട്ടു ഭഗവതിയുടെ അടിച്ചുതളി തോറ്റം, മുച്ചിലോട്ടു ഭഗവതിയുടെ ഉച്ചത്തോറ്റം, തൽസ്വരൂപൻ ദൈവം, പുലിയൂർ കണ്ണൻ വെള്ളാട്ടം, ര്കത ചാമുണ്ഡി തോറ്റം, അങ്കക്കുളങ്ങര ഭഗവതി തോറ്റം, വിഷ്ണുമൂർത്തി തോറ്റം, കണ്ണങ്ങാട്ട് ഭഗവതിയുടെ തോറ്റം.