ADVERTISEMENT

കോതമംഗലം∙ വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്നു വൻതുക തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ. മൈസൂരു കാഡ്ബഗരുവിൽ താമസിക്കുന്ന ചാവക്കാട് സ്വദേശി ഷാജഹാനെയാണു (36) മീനാക്ഷിപുരത്തു നിന്നു കോതമംഗലം പൊലീസ് പിടികൂടിയത്. ചേലാട് വാടകയ്ക്കു താമസിക്കുന്ന സഹോദരങ്ങൾക്കു യുകെയിൽ തൊഴിൽ വീസ നൽകാമെന്നു പറഞ്ഞ് 6.14 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. സംസ്ഥാനത്തു സമാനമായ മുപ്പതിലേറെ കേസുകൾ പ്രതിയുടെ പേരിലുണ്ടെന്നു പൊലീസ് പറഞ്ഞു. യുകെ സിം ഉൾപ്പെടെ 4 മൊബൈൽ സിമ്മുകളാണ് ഷാജഹാനുള്ളത്. ഉദ്യോഗാർഥികളെ നേരിൽ സമീപിക്കാതെ വിഡിയോകോളിൽ ബന്ധപ്പെട്ട് പണം അക്കൗണ്ടിലൂടെ സ്വീകരിക്കും. യുകെയിൽ വലിയ ബന്ധങ്ങളുണ്ടെന്നും ഒട്ടേറെ പേരെ വിദേശത്തേക്കും കൊണ്ടുപോയെന്നും പറഞ്ഞാണ് ഇരകളെ വലയിലാക്കുന്നത്. ഷാജഹാന്റെ 2 അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ 30 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി വിവരം ലഭിച്ചു. വേറെയും അക്കൗണ്ടുകൾ ഉണ്ടെന്നാണു സൂചന.

3 വോട്ടർ ഐഡിയും 3 പാസ്പോർട്ടുകളും ഉണ്ട്. കർണാടക, തമിഴ്നാട്, കേരള സംസ്ഥാനങ്ങളിലെ വിലാസങ്ങളാണ് ഇതിലുള്ളത്. മീനാക്ഷിപുരത്തെ ഉൾഗ്രാമത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ഷാജഹാനെ റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സാഹസികമായാണു പിടികൂടിയത്. പൊലീസിനെ ആക്രമിച്ചു വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നു പിടികൂടുകയായിരുന്നു. വാഹനത്തിൽനിന്നു വ്യാജ പാസ്പോർട്ട്, ഉദ്യോഗാർഥികളുടെ പാസ്പോർട്ട്, ചെക്ക് ബുക്കുകൾ, പ്രോമിസറി നോട്ട് എന്നിവ കണ്ടെടുത്തു. ഇൻസ്പെക്ടർ പി.ടി.ബിജോയി, എസ്ഐമാരായ ആൽബിൻ സണ്ണി, കെ.ആർ.ദേവസ്സി, എസ്‌സിപിഒമാരായ ടി.ആർ.ശ്രീജിത്ത്, നിയാസ് മീരാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com