പരാതികളും നൊമ്പരങ്ങളും കേട്ട് സമരാഗ്നി ജനസദസ്സ്; തീമഴയായി നൊമ്പരങ്ങൾ
Mail This Article
കാസർകോട് ∙ കെപിസിസിയുടെ ‘സമരാഗ്നി’ ജനസദസ്സിൽ തീമഴയായി ജില്ലയുടെ നൊമ്പരങ്ങൾ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി കാസർകോട് മുനിസിപ്പൽ മിനി ഹാളിൽ നടന്ന ജനസദസ്സ് വികാരനിർഭരമായ രംഗങ്ങൾക്കു സാക്ഷ്യം വഹിച്ചു. ജില്ലയിലെ വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും അവതരിപ്പിക്കാൻ വിവിധ മേഖലകളിലുള്ള പൊതുപ്രവർത്തകരും സാധാരണക്കാരും സദസ്സിലേക്കെത്തി.
എൻഡോസൾഫാൻ ദുരിതം
രോഗികളോടുള്ള സർക്കാർ അവഗണന എൻഡോസൾഫാൻ സമര നേതാവ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണനും ആക്ടിവിസ്റ്റ് സിസ്റ്റർ മേരി ആന്റോ മംഗലത്തും അവതരിപ്പിച്ചു. ദുരിതബാധിതരുടെ പട്ടികയിൽ നിന്ന് അകാരണമായി വെട്ടിക്കുറച്ചവരെ കൂട്ടിച്ചേർക്കുക, മികച്ച സൗജന്യ ചികിത്സ എൻഡോസൾഫാൻ ബാധിതർക്ക് ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചു
വന്യമൃഗ ശല്യം, കൃഷി ദുരിതം
വന്യമൃഗങ്ങളുടെ ശല്യം നിയന്ത്രിക്കാൻ ശാസ്ത്രീയമായ സംവിധാനം ഏർപ്പെടുത്തണമെന്നും കൃഷി നശിച്ച കർഷകർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്നും ഇൻഫാമിന്റെ സാരഥി ഫാ.ജോസഫ് ഒറ്റപ്ലാക്കൻ ആവശ്യപ്പെട്ടു. സണ്ണി പൈക്കര എന്ന കർഷകൻ പങ്കിട്ടത്, കാട്ടുപോത്തിന്റെ തെറ്റയ്ക്കു മുന്നിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട അനുഭവം.
കമുക്, നാളികേര കൃഷി
രവിചന്ദ്ര എന്ന കർഷകനു നാളികേര സംഭരണത്തിലെ അപാകതയെ കുറിച്ചാണു പറയാനുണ്ടായിരുന്നത്. ഇലകൾ വാടിവീഴുന്ന രോഗബാധയെ തുടർന്ന് കമുക് കൃഷി ഉൽപാദനം 30,40 ശതമാനമായി കുറഞ്ഞെന്നും ഒരേക്കറിൽ മരുന്നു തളിക്കണമെങ്കിൽ 10000 രൂപ വേണമെന്നും വരുമാനം കുറഞ്ഞെന്നും ചന്ദ്രശേഖരറാവു എന്ന കർഷകൻ സങ്കടം വിവരിച്ചു.
മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ
മത്സ്യത്തൊഴിലാളികൾക്കുള്ള സബ്സിഡിയും ക്ഷേമ പെൻഷനുകളും ലഭിക്കാത്തതിനെ കുറിച്ചു ശൈലജ എന്ന മത്സ്യത്തൊഴിലാളിയുടെ നേതൃത്വത്തിലുള്ള വനിതാ സംഘം നേതാക്കളെ അറിയിച്ചു. കർഷകത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യം കിട്ടാത്തതിന്റെ നൊമ്പരമായിരുന്നു വി.ഗംഗാധരന്.
ക്ഷേമ പെൻഷൻ
ക്ഷേമ പെൻഷനുകൾ കിട്ടാത്ത ഒട്ടേറെപ്പേർ സങ്കട ഹർജിയുമായെത്തി. ഒരു വർഷം മുൻപു വിരമിച്ച എ.വി.കമ്മാടം എന്ന അങ്കണവാടി ജീവനക്കാരി ഇതുവരെ ക്ഷേമ പെൻഷൻ ലഭിച്ചിട്ടില്ലെന്നു പരാതിപ്പെട്ടു. വാർധക്യ, വിധവ പെൻഷനുകൾ മാസങ്ങളായി കിട്ടാത്ത ഒട്ടേറെ പേർ പരാതിയുമായി എത്തിയിരുന്നു.
ക്ഷേത്ര ജീവനക്കാർ
ഉത്തര മലബാറിലെ ക്ഷേത്ര സ്ഥാനികർക്കും കോലധാരികൾക്കും 6 മാസത്തിലൊരിക്കൽ ലഭിച്ചിരുന്ന വേതനം ഇപ്പോൾ 8 മാസമായിട്ടും കിട്ടിയിട്ടില്ലെന്നു പ്രതിനിധികളായ ഇ.പ്രമോദ് കോമരവും സജീവും പറഞ്ഞു. വേതനം വർധിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു
തീരാത്ത പരാതികൾക്ക്
തീര പരിപാലന നിയമം വലിയപറമ്പ് ഗ്രാമത്തെ മുഴുവൻ ജനങ്ങളെയും ആശങ്കയിലാക്കിയിരിക്കുന്നതായി എം.ടി.അബ്ദുൽ ജബ്ബാർ പറഞ്ഞു. ചീമേനിയിൽ ആരംഭിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റിനെ കുറിച്ചുള്ള ആദിവാസികളുടെ ആശങ്കയാണ് അനീഷ് പയ്യന്നൂർ പങ്കുവെച്ചത്. പെരിയയിലെ കേന്ദ്ര സർവകലാശാലയിലെ പരിമിതികൾ പരിഹരിക്കാൻ അധികൃതർ കാണിക്കുന്ന നിസംഗതയിലുള്ള പ്രതിഷേധമായിരുന്നു വിദ്യാർഥിയായ ഡിവിൻ ചാക്കോയ്ക്ക്. മയിച്ച ഗവ.സ്കൂൾ കെട്ടിടം പുനർ നിർമിക്കാത്ത സർക്കാർ അലഭാവമാണ് ടി.പി.അനിൽ ചൂണ്ടിക്കാണിച്ചത്. ബീച്ച് ടൂറിസവുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു ബുർഹാൻ തളങ്കരയുടെ ആവശ്യം. ഇന്ധന സെസ് ഏർപ്പെടുത്തിയതോടെ അതിർത്തിയിലെ പമ്പുകൾ അടച്ചു പൂട്ടേണ്ട അവസ്ഥയിലാണെന്ന് എം.സി.ഹനീഫ ചൂണ്ടിക്കാട്ടി. റേഷൻകടകൾ വഴി വിതരണം ചെയ്ത കിറ്റിന്റെ വിതരണ കൂലി ഇതുവരെ നൽകിയിട്ടില്ലെന്ന് റേഷൻ വ്യാപാരി എ.നടരാജൻ പറഞ്ഞു. വെളുത്തുള്ളി പോലുള്ള ജൈവ കീടനാശിനിയുടെ വിലവർധന മൂലം അടുക്കളത്തോട്ടം പോലും സംരക്ഷിക്കാൻ കഴിയാത്തതിൽ സങ്കടമായിരുന്നു വീട്ടമ്മ ഗീതാ ബാലകൃഷ്ണന്.
‘ഉണ്ണിത്താൻ വന്നു, കണ്ടു, കീഴടക്കി’ കെ.സി.വേണുഗോപാൽ പറഞ്ഞത് ആവർത്തിച്ച് പ്രതിപക്ഷ നേതാവ്
കാസർകോട് ∙ എംപി എന്ന നിലയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ കഴിഞ്ഞ 5 വർഷം നടത്തിയ പ്രവർത്തനങ്ങളിൽ പാർട്ടിക്കും യുഡിഎഫിനും അഭിമാനമുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാജ്മോഹൻ ഉണ്ണിത്താൻ വീണ്ടും മത്സരിക്കുന്ന കാര്യം തീരുമാനമായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതുപോലെ ജനങ്ങൾക്ക് എളുപ്പം ബന്ധപ്പെടാവുന്ന ഒരു എംപി വേറെ അധികം എവിടെയുണ്ട്? അതുകൊണ്ടാണ് ‘സമരാഗ്നി’ ജാഥ ഉദ്ഘാടന വേളയിൽ ഉണ്ണിത്താനെ കുറിച്ച് ‘വന്നു കണ്ടു കീഴടക്കിയെന്ന്’ കെ.സി.വേണുഗോപാൽ പറഞ്ഞത്. ഇപ്പോഴാണ് കാസർകോടുകാർ എംപിയെ കാണുന്നത്. എല്ലാ വിഷയങ്ങളിലും എംപി ഇടപെട്ടിട്ടുണ്ടെന്നാണു സമരാഗ്നി പരിപാടിയിൽ പരാതി പറയാൻ എത്തിയവരെല്ലാം പറഞ്ഞത്. രാജ്‌മോഹൻ ഉണ്ണിത്താൻ പാർലമെന്റിൽ ആദ്യം അവതരിപ്പിച്ച വിഷയം എൻഡോസൾഫാനുമായി ബന്ധപ്പെട്ട വിഷയമാണ്–വി.ഡി.സതീശൻ പറഞ്ഞു.