ADVERTISEMENT

തൃക്കരിപ്പൂർ∙ചന്തമുള്ള ഊരിലെ തമ്പുരാട്ടിയുടെ ഓമന കല്യാണം കൂടാനെത്തിയ പതിനായിരങ്ങളുടെ മനം കുളിർപ്പിച്ച് ചന്തേര മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു. തിങ്ങിക്കൂടിയെത്തിയ ഭക്തജനക്കൂട്ടം മുച്ചിലോട്ടമ്മയെ കണ്ട് സംപ്രീതരായി. 


ചന്തേര മുച്ചിലോട്ടു ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിൽ മുച്ചിലോട്ടു ഭഗവതിയുടെ പ്രതിപുരുഷനും 
വാല്യക്കാരും മേലേരി കയ്യേൽക്കുന്നു.
ചന്തേര മുച്ചിലോട്ടു ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിൽ മുച്ചിലോട്ടു ഭഗവതിയുടെ പ്രതിപുരുഷനും വാല്യക്കാരും മേലേരി കയ്യേൽക്കുന്നു.

ഉച്ചയ്ക്ക് 2.15ന് കന്നിമൂലയിലെ കൈലാസക്കല്ലിന് സമീപം ചെക്കിപ്പൂക്കളാൽ അലങ്കരിച്ച തിരുമുടി ഉയർന്നപ്പോൾ ആകാശത്ത് ശ്രീകൃഷ്ണപരുന്ത് വട്ടമിട്ടു. വർണമുടി ചാർത്തിയ ദേവിയെ വിശ്വാസികൾ അരിയെറിഞ്ഞു വരവേറ്റു. 

മുച്ചിലോട്ട് ഭഗവതിയുടെ പ്രതിപുരുഷനും വാല്യക്കാരും തിരുമുറ്റത്തെ മേലേരി കൈയേറ്റു.  ഇരുകൈകളിലും പന്തമേന്തി പൊയ്ക്കണ്ണണിഞ്ഞ് മുച്ചിലോട്ട് ഭഗവതി തകിലിന്റെയും ചീനി കുഴലിന്റെയും പതിഞ്ഞ താളത്തിനനുസരിച്ച് 3 വട്ടം ക്ഷേത്രത്തിനു വലംവച്ചു.  തുടർന്നു നർത്തനമാടി. മണിക്കിണറിൽ നോക്കി പൂവിട്ട് തിരുവായുധം ഏറ്റുവാങ്ങി. മണങ്ങിയാട്ടവും പന്തലാട്ടവും കഴിഞ്ഞ ശേഷം ഭക്തരെ മഞ്ഞൾക്കുറി നൽകി അനുഗ്രഹിച്ചു. നിത്യകന്യകയായ ദേവിയെ കാണാനെത്തിയവർക്ക് കായക്കഞ്ഞി നൽകി. 

പുലിയൂർ കണ്ണൻ, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂർത്തി, പുലിയൂർ കാളി, കുണ്ടോർ ചാമുണ്ഡി, മടയിൽ ചാമുണ്ഡി തുടങ്ങിയ തെയ്യക്കോലങ്ങളും അരങ്ങിലെത്തി. അർധരാത്രിയോടെ മുച്ചിലോട്ട് ഭഗവതിയെ ആറാടിച്ചു. വെറ്റിലാചരത്തോടെ നാടും നാട്ടുകാരും ഒത്തൊരുമിച്ച് കൊണ്ടുകൂട്ടിയ പെരുങ്കളിയാട്ടത്തിന് സമാപനം കുറിച്ചു.

  പതിനായിരക്കണക്കിനാളുകളാണ് ഇന്നലെ ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെത്തിയത്. റോഡുകളും നാട്ടുവഴികളുമെല്ലാം പെരുങ്കളിയാട്ടത്തിലേക്കായി. ഗ്രാമീണ റോഡുകളും പ്രധാന റോഡുകളും തിങ്ങി നിറഞ്ഞു. സംഘാടകരെ വിസ്മയിപ്പിച്ചായിരുന്നു ജനങ്ങളുടെ ഒഴുക്ക്. തലേന്നാൾ മുതൽ മുച്ചിലോട്ടമ്മയെ കാണാനുള്ള ഒഴുക്കിലായിരുന്നു വഴികൾ. അത് ഇന്നലെ പാതിരാത്രി വരെ നീണ്ടു. നീണ്ട 22 വർഷത്തിനു ശേഷം മുച്ചിലോട്ടമ്മയെ ഒരു നോക്ക് കാണാനുള്ള കാത്തിരിപ്പിലായ ഭക്തജനക്കൂട്ടം പൊള്ളുന്ന ചൂടും പ്രതികൂല സാഹചര്യങ്ങളും ഗൗനിക്കാതെയാണ് ഇവിടേക്കൊഴുകിയത്. 

ചന്തേര മുച്ചിലോട്ടു ഭഗവതി ക്ഷേത്രം ഉടലെടുത്ത ശേഷം നാലാമത്തെ പെരുങ്കളിയാട്ടം മികച്ച നിലയിൽ നടത്താൻ സംഘാടക സമിതിക്ക് കഴിഞ്ഞു. നാലു നാളത്തെ പെരുങ്കളിയാട്ടത്തിൽ 7 നേരം അന്നദാനമുണ്ടായിരുന്നു. ലക്ഷക്കണക്കിനാളുകൾ പങ്കാളികളായി. തെയ്യച്ചമയമണിഞ്ഞ ചന്തേരയിലെ ജനത പെരുങ്കളിയാട്ടമൊഴിയുമ്പോൾ അതീവ സന്തുഷ്ടരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com