ADVERTISEMENT

പെരിയ ∙ കേരള കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിനു യോഗ്യത നേടിയ ദലിത് വിദ്യാർഥിയുടെ പ്രവേശന നടപടികൾ വകുപ്പ് മേധാവിയും വൈസ് ചാൻസലർ ഇൻ ചാർജും മനപൂർവ്വം വൈകിപ്പിക്കുന്നതായി ആരോപിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ സർവകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ചു.

ഇക്കണോമിക്സ് ഡിപ്പാർട്മെന്റിൽ പിഎച്ച്ഡിക്ക് ജനറൽ വിഭാഗത്തിൽ പ്രവേശനം ലഭിച്ച തൃശൂർ സ്വദേശി ശ്യാംജിത്തിന്റെ പ്രവേശനനടപടികൾ അധികൃതർ കാരണമില്ലാതെ 3 മാസമായി നീട്ടിക്കൊണ്ടു പോവുകയാണെന്ന് എസ്എഫ്ഐ കുറ്റപ്പെടുത്തി. 2014ൽ കേരള കേന്ദ്ര സർവകലാശാലയിൽ ഇക്കണോമിക്സ് വിഭാഗത്തിൽ പിജി വിദ്യാർഥിയായിരുന്നു ശ്യാംജിത്ത്.

ഇക്കണോമിക്സ് വിഭാഗത്തിലെ മുൻ അധ്യാപകനാണു നിലവിൽ സർവകലാശാലയിൽ വിസിയുടെ ചുമതല വഹിക്കുന്ന പ്രഫ.കെ.സി.ബൈജുവെന്നും അദ്ദേഹത്തിന്റെയും ഡിപ്പാർട്മെന്റ് മേധാവി ഡോ.സ്വാമി കണ്ണന്റെയും നിക്ഷിപ്ത താൽപര്യങ്ങളാണ് അനാവശ്യ കാരണങ്ങൾ കാട്ടി ഗവേഷക വിദ്യാർഥിയുടെ പ്രവേശനം വൈകിക്കുന്നതിന്റെ കാരണമെന്നും ആരോപിച്ചായിരുന്നു എസ്എഫ്ഐ ഉപരോധം.

ഉപരോധ സമയത്ത വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന പ്രഫ.കെ.സി.ബൈജു ഓഫിസിലുണ്ടായിരുന്നില്ല. തുടർന്ന് റജിസ്ട്രാർ ഡോ.എം.മുരളീധരൻ നമ്പ്യാർ, റിസർച് ഡയറക്ടർ പ്രഫ.വിൻസെന്റ് മാത്യു എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഒരാഴ്ചയ്ക്കകം നടപടികൾ പൂർത്തിയാക്കി ശ്യാംജിത്തിനു പ്രവേശനം നൽകാമെന്ന് ഉറപ്പു ലഭിച്ചെന്നും അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും എസ്എഫ്ഐ ഭാരവാഹികൾ അറിയിച്ചു. 

എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി കെ.അഭിറാം, യൂണിയൻ പ്രസിഡന്റ് എ.ശ്രീഹരി, എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം അശ്വതി അമ്പലത്തറ എന്നിവർ ഉപരോധത്തിനു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com