ADVERTISEMENT

കാസർകോട്∙ സാമൂഹിക ശാസ്ത്ര പഠനം എളുപ്പമാക്കാൻ ചെറു വിഡിയോകളുമായി അധ്യാപകൻ. കാസർകോട് ഗവ.ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം അധ്യാപകൻ സി.കെ.മദനനാണ് സ്വയം കഥാപാത്രമായി ഈ സംരംഭത്തിനു തുടക്കമിട്ടത്. ചരിത്രം ജ്യോഗ്രഫി, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രതന്ത്രം ആന്ത്രപ്പോളജി തുടങ്ങി വിവിധ വിഷയങ്ങളിൽ നിന്നായി ആകെ 21 പാഠഭാഗങ്ങളാണ് എസ്എസ്എൽസി പരീക്ഷയ്ക്കുള്ളത്. ഓരോ പാഠഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ആശയങ്ങൾ ഉൾക്കൊള്ളിച്ചുള്ള പരമാവധി 2 മിനിറ്റ് വരെ മാത്രം ദൈർഘ്യമുള്ള വിഡിയോകളാണ് തയാറാക്കിയത്.

നെൽക്കൃഷിക്ക് അനുയോജ്യമായ ഭൂമിശാസ്ത്ര സവിശേഷതകൾ അറിയാൻ അടുക്കത്ത് ബയൽ കൃഷിപാടമാണ് ചിത്രീകരിച്ചത്. ഉപഭോക്തൃ തർക്ക പരിഹാരം സംബന്ധിച്ച് കുട്ടികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് സംഭാഷണമായി ഉത്തരം നൽകുന്ന രൂപത്തിലാണ് വിഡിയോ. ജല ഗതാഗതത്തിന്റെ മേന്മകൾ,  ഇ-ഗവേർണൻസിന്റെ നേട്ടങ്ങൾ തുടങ്ങി 50ലേറെ വിഷയങ്ങളാണ് വിഡിയോ രൂപത്തിലാക്കിയത്. കുട്ടികൾക്ക് എളുപ്പത്തിൽ ഗ്രഹിക്കാൻ സാധിക്കും വിധമാണ് ഇവയുടെ ശൈലി. സോഷ്യൽ സയൻസ് കാസർകോട് ജില്ലാ റിസോഴ്സ് അംഗമായ മദനൻ വിവിധ ആനുകാലികങ്ങളിൽ കവിതകൾ എഴുതാറുണ്ട്. പ്രഭാഷകൻ കൂടിയാണ് അദ്ദേഹം. കുട്ടികൾക്ക് പഠനം ഭാരമാകാതെ കാഴ്ചകളിലൂടെ പഠിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സ്കൂളിലെ എസ്എസ്എൽസി ഉന്നത വിജയത്തിനുള്ള മിഷൻ 24 കൺവീനറായ മദനൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com