ADVERTISEMENT

നീലേശ്വരം ∙ ജില്ലയിലെ നാലാമത്തെ കേന്ദ്രീയ വിദ്യാലയമായ നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടോദ്ഘാടനം ഇന്നു നടക്കാനിരിക്കെ അനുവദിച്ച വിദ്യാലയത്തിനു വർഷങ്ങളോളം താൽക്കാലിക സൗകര്യമൊരുക്കിയ നീലേശ്വരം നഗരസഭയും വിദ്യാലയ സ്പോൺസറിങ് കമ്മിറ്റിയും ഔട്ട്. വിദ്യാലയം പ്രവർത്തിക്കുന്ന പാലാത്തടം വാർഡ് കൗൺസിലർക്കും ഉദ്ഘാടന പരിപാടിയിൽ സ്ഥാനമില്ല.

ഈ അധ്യയനവർഷം ആദ്യം തന്നെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയിരുന്നെങ്കിലും കെട്ടിടോദ്ഘാടനം ഇന്നു രാവിലെ 11ന് ആണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പങ്കെടുക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എം.രാജഗോപാലൻ എംഎൽഎ, കലക്ടർ കെ.ഇമ്പശേഖർ, കേന്ദ്രീയ വിദ്യാലയ സംഘതൻ എറണാകുളം റീജനൽ ഡപ്യൂട്ടി കമ്മിഷണർ എൻ.സന്തോഷ് കുമാർ എന്നിവരുടെ പേര് നോട്ടിസിലുണ്ട്. 

അതേസമയം, നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി.ശാന്തയ്ക്കു കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ ബി.ഗായത്രിയുടെ ഫോൺ വഴിയുള്ള ക്ഷണം മാത്രമാണു ലഭിച്ചത്. പ്രഫ.കെ.പി.ജയരാജൻ നഗരസഭ ചെയർമാനും ഇപ്പോഴത്തെ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി വിദ്യാഭ്യാസ സ്ഥിരസമിതി ചെയർമാനും ആയിരിക്കെ 2017 നവംബറിൽ പ്രവർത്തനം തുടങ്ങിയ കേന്ദ്രീയ വിദ്യാലയത്തിന് ഇരുവരും മുൻകയ്യെടുത്താണു കടിഞ്ഞിമൂല ജിഡബ്ല്യുഎൽപിഎസ് വളപ്പിൽ വർഷങ്ങളോളം താൽക്കാലിക സൗകര്യമൊരുക്കിയത്.

കെട്ടിടത്തിലേക്കാവശ്യമായ ഫർണിച്ചറും 10 ലക്ഷത്തിന്റെ ശുചിമുറി സമുച്ചയവും പൂർത്തീകരിക്കാൻ നീലേശ്വരം നഗരസഭയുടെ നിരന്തരശ്രമമുണ്ടായി. വിദ്യാലയ സ്പോൺസറിങ് കമ്മിറ്റിയുടെ സജീവ പിന്തുണയുമുണ്ടായി. പ്രഫ.കെ.പി.ജയരാജൻ തന്നെയായിരുന്നു സ്പോൺസറിങ് കമ്മിറ്റി ചെയർമാൻ. പി.സുനിൽ കുമാർ കൺവീനറും. സ്പോൺസറിങ് കമ്മിറ്റിക്കും പരിപാടിയിലേക്കു ക്ഷണമില്ല.

കേന്ദ്രീയ വിദ്യാലയം പേരന്റ്സ് വൊളന്ററി ഓർഗനൈസേഷനു പോലും ഉദ്ഘാടന പരിപാടിയിൽ മതിയായ പ്രാതിനിധ്യമില്ലെന്നും പരാതി ഉയർന്നു. ഇതോടെയാണു നഗരസഭാ കൗൺസിൽ ഒന്നടങ്കം പരിപാടി ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. നഗരസഭാ ചെയർപഴ്സൻ, സ്ഥലം കൗൺസിലർ എന്നിവരെ പരിപാടിയിൽനിന്നും ശിലാഫലകത്തിൽനിന്നും ഒഴിവാക്കിയതു കേന്ദ്രസർക്കാരിന്റെയും വിദ്യാലയ അധികൃതരുടെയും ധാർഷ്ട്യവും ജനാധിപത്യവിരുദ്ധ നടപടിയുമാണെന്നു നഗരസഭാ ചെയർപഴ്സൻ ടി.വി.ശാന്ത, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഇ.ഷജീർ, ഡപ്യൂട്ടി ലീഡർ റഫീഖ് കോട്ടപ്പുറം എന്നിവർ കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com