സ്കൂളിന്റെ കളിമുറ്റം വേണമെന്ന് പഞ്ചായത്ത്; തരില്ലെന്ന് പിടിഎ

Mail This Article
തൃക്കരിപ്പൂർ ∙ ടൗണിന്റെ ഹൃദയഭാഗത്തുള്ള തൃക്കരിപ്പൂർ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന്റെ കളിമുറ്റത്ത് കെട്ടിടം പണിയാനുള്ള പഞ്ചായത്ത് നീക്കം പ്രതിഷേധമുയർത്തി. സ്ഥലം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് പിടിഎ. കായിക സംഘാടകരും എതിർപ്പുമായി രംഗത്തുവന്നു. പഞ്ചായത്ത് ബസ് സ്റ്റാൻഡിനു എതിർഭാഗത്ത് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്ന ഭാഗത്തിനു സമാന്തരമായി ഗതാഗത നിയന്ത്രണത്തിന്റെ കൂടി ലക്ഷ്യത്തോടെ പാർക്ക് പണിയുന്നതിനാണ് ഭൂമി വിട്ടു കിട്ടുന്നതിനു അപേക്ഷ നൽകിയതെന്നു പഞ്ചായത്തിന്റെ വിശദീകരണമുണ്ട്.
അപേക്ഷയിൽ വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് സ്കൂൾ അധികൃതർ വിവരം അറിയുന്നത്. സ്കൂൾ വളപ്പിലെ ആദ്യ ഗേറ്റിനു തെക്കു ഭാഗത്ത് പ്രധാന റോഡരികിലെ ഭൂമിയാണ് പരിശോധിച്ചത്. ഈ ഭാഗം കുട്ടികൾ കളിക്കുന്നിടമാണ്. പതിറ്റാണ്ട് മുൻപ് ഇതേ സ്ഥലത്ത് മാതൃകാ വൊക്കേഷനൽ ഹയർസെക്കൻഡറി കെട്ടിടം പണിയാൻ തീരുമാനിച്ചതാണ്. കളിസ്ഥലം നഷ്ടപ്പെടുത്തുന്നതിനെതിരെ പ്രതിഷേധം ഉയർന്നതിനെ തുടർന്നു പിന്നീട് ഹയർസെക്കൻഡറി ബ്ലോക്കിനരികിൽ കെട്ടിടം മാറ്റി പണിയുകയാണുണ്ടായത്.
സ്കൂളോ ബന്ധപ്പെട്ടവരോ അറിയാതെയാണ് സ്ഥലം വിട്ടു കിട്ടാനുള്ള നീക്കം പഞ്ചായത്ത് നടത്തിയതെന്നും ഭൂമി വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്നും പിടിഎ പ്രസിഡന്റ് എ.ജി.നൂറുൽ അമീൻ അറിയിച്ചു. ഇതു സംബന്ധിച്ച് പിടിഎ യോഗം ചേർന്നു ബന്ധപ്പെട്ടവർക്ക് വിവരം കൈമാറിയിട്ടുണ്ട്. കുട്ടികളുടെ കായിക പരിശീലനത്തിന് ഉൾപ്പെടെ മികച്ച നിലയിൽ പ്രയോജനപ്പെടുന്ന സ്ഥലമാണിതെന്നും ഇത് മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് കായിക സംഘടനകളും ആവശ്യപ്പെട്ടു.