ബിജെപി 400 സീറ്റ് നേടുമെന്ന വിശ്വാസം ഇപ്പോൾ ഉറപ്പിക്കുകയാണ്: സുരേഷ് ഗോപി
Mail This Article
പരവനടുക്കം ∙ മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനും അതീതമായി ജനങ്ങൾ അനുഭവിക്കുന്ന സുഖങ്ങളുടെ പട്ടിക പരിശോധിച്ചാൽ രാജ്യത്തിന്റെ നന്മകളും നേട്ടങ്ങളും എല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിലൂടെ ഉണ്ടായതാണെന്നു ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ബിജെപി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിക്കായി നിർമിച്ച ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ തിമിരം ബാധിച്ചവരുടെ ഇടയിലേക്കാണ് വികസന സങ്കൽപയാത്രയെന്ന പാഠപുസ്തകം കൊണ്ട് വന്നിട്ടുള്ളത്. ഇതിന്റെ ഉറപ്പിലാണ് 400 സീറ്റ് നേടുമെന്ന് ബിജെപി വിശ്വാസം ഉറപ്പിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി നിർമിച്ച ഹാൾ സാധാരണക്കാരന്റെ ആവശ്യങ്ങൾക്ക് നൽകുമ്പോഴാണ് യാഥാർഥ നൻമയുള്ള മാനവ ദർശനം സാധ്യമാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിട നിർമാണ കമ്മിറ്റി ചെയർമാൻ കെ.ടി.പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, ജനറൽ സെക്രട്ടറിമാരായ എ.വേലായുധൻ, വിജയ്കുമാർറൈ, വൈസ് പ്രസിഡന്റുമാരായ പ്രമീള.സി.നായക്, എം.ബൽരാജ്, പി.രമേശൻ, എം.ജനനി, സംസ്ഥാന സമിതി അംഗം.
മനോജ് നീലേശ്വരം, സെക്രട്ടറിമാരായ എൻ.മധു, ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് സദാശിവൻ മണിയങ്കാനം, മണികണ്ഠൻ ചാത്തങ്കൈ, സെൽ കോഓർഡിനേറ്റർ എൻ.ബാബുരാജ് എന്നിവർ പ്രസംഗിച്ചു. ബിജെപി കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തിലും സുരേഷ്ഗോപി പങ്കെടുത്തു.