ADVERTISEMENT

കാസർകോട് ∙ ജില്ലയിൽ പുതുതായി 1144 പേർക്കു കൂടി പട്ടയം വിതരണം ചെയ്യും. നാളെ വൈകിട്ട് 3നു മുൻസിപ്പൽ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പട്ടയവിതരണം ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. അന്നേദിവസം പട്ടയ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

868 ലാൻഡ് ട്രിബ്യൂണൽ, 66 ലാൻഡ് ട്രിബ്യൂണൽ ദേവസ്വം, 1964 റൂൾ പ്രകാരം 148 എൽഎ, 1995 റൂൾ പ്രകാരം ഒൻപത്, 31 വനഭൂമി, 3 ലാൻഡ് ബാങ്ക്, 19 മിച്ചഭൂമി ഉൾപ്പെടെയുള്ള പട്ടയങ്ങളാണു  ജില്ലയിൽ വിതരണം ചെയ്യുന്നത്. 2022 ഫെബ്രുവരി 2നു നടന്ന പട്ടയമേളയിൽ 1052 പട്ടയങ്ങളും 2023 ജൂൺ 30ന് 1619 പട്ടയങ്ങളും വിതരണം ചെയ്തിരുന്നു. 1144 പട്ടയങ്ങൾ കൂടി വിതരണം ചെയ്യുന്നതോടെ ജില്ലയിൽ 3815 പട്ടയങ്ങളുടെ വിതരണം പൂർത്തിയാകും.

43 അതിദരിദ്രർക്ക് പട്ടയം ലഭിക്കും
ജില്ലയിൽ ആകെ അതിദരിദ്രരുടെ പട്ടികയിൽ പട്ടയം ലഭിക്കാത്ത 252 പേരാണ് ഉൾപ്പെട്ടിട്ടുള്ളതെന്നും അതിൽ 117 പേർ ഭൂരഹിതരാണെന്നും അവരിൽ 77 പേർക്കു ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും ഇത്തരത്തിലുള്ള 43 പട്ടയങ്ങൾ അനുവദിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായും കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. ജില്ലയിലെ 4 താലൂക്കുകളിലായി 11,953 ഭൂമി പതിവിനുള്ള അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. അതിൽ 6018 അപേക്ഷകൾ തീർപ്പാക്കി. 5935 അപേക്ഷകളിൽ നടപടികൾ പുരോഗമിക്കുകയാണ്.

എല്ലാ മാസവും വില്ലേജ് ഓഫിസർമാരുടെയും തഹസിൽദാർമാരുടെയും യോഗം വിളിച്ചു പുരോഗതികൾ വിലയിരുത്തുന്നുണ്ടെന്നും കലക്ടർ അറിയിച്ചു. ഹൊസ്ദുർഗിലെ പുല്ലൂർ, മടിക്കൈ, ബാര, പനയാൽ, പെരിയ, പേരോൽ തുടങ്ങിയ വില്ലേജുകളിലായി 2164 അപേക്ഷകളും കാസർകോട് താലൂക്കിലെ ബദിയടുക്ക, ബേള, അഡൂർ, മുളിയാർ, ചെങ്കള, തെക്കിൽ, ബേഡഡുക്ക, പാടി വില്ലേജുകളിലായി 1889 അപേക്ഷകളുമായി ആകെ 4053 അപേക്ഷകൾ റീസർവേ നടപടികൾ പൂർത്തിയാകാത്തതിനാൽ ബാക്കിയാണ്.

ഈ വില്ലേജുകളിൽ ഡിജിറ്റൽ റീസർവേയിൽ ഉൾപ്പെടുത്താനുള്ള നടപടികളായിട്ടുണ്ട്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 206 ഭൂരഹിതരെ കണ്ടെത്തിയിട്ടുള്ളതും അതിൽ 67 പേർക്കു പുനരധിവാസ പദ്ധതി പ്രകാരം പട്ടയം നൽകിയിട്ടുണ്ടെന്നും ശേഷിക്കുന്നവർക്കു പട്ടയം നൽകുന്നതിനായി ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം 21 ഏക്കർ സ്ഥലം വിലയ്ക്കു വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com