ADVERTISEMENT

കാസർകോട് ∙ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ സെമിനാർ നടത്തിപ്പ് ഏറ്റെടുത്ത ജനകീയ സംഘാടക സമിതിയോട് കമ്മിഷൻ ചെയർമാൻ അപമര്യാദയായി പെരുമാറുകയും അപമാനിക്കുകയും ചെയ്തുവെന്ന് പരാതി. സർക്കാരിനു ഫണ്ടില്ലാത്തതിനാൽ 43000 രൂപയോളം ചെലവു ചെയ്ത് ജനകീയ സംഘാടക സമിതിയാണ് സെമിനാർ നടത്തിയത്. ഇതിൽ 22000 രൂപ മാത്രമാണ് പിരിഞ്ഞു കിട്ടിയത്. ബാക്കി തുക 21000 രൂപ കടമായതിനു പുറമെ ചെയർമാന്റെ വക അവഹേളവും കേൾക്കേണ്ടി വന്നെന്ന് സംഘാടകർ പറയുന്നു. കമ്മിഷൻ ചെയർമാൻ എ.എ.റഷീദിനെതിരെയാണു പരാതി. കഴിഞ്ഞ 17ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു സെമിനാർ. സെമിനാറിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തെത്തിയവരുടെ പരാതികളും ആവശ്യങ്ങളും കേൾക്കാൻ ചെയർമാൻ തയാറായില്ല.

‘ഇവർക്കൊക്കെ സമയം കൊടുത്താൻ സർക്കാരിനെതിരെ കമ്മിഷന്റെ ചെലവിൽ വിമർ‌ശിക്കുമെന്നും മറ്റു സമുദായത്തെ കുറിച്ച് പലതും പറയാൻ ശ്രമിക്കുമെന്നും അതിനാൽ ഇത്രയൊക്കെ മതി’ എന്നും പറ‍ഞ്ഞു തിരക്കിട്ട് ചെയർമാൻ പരിപാടി അവസാനിപ്പിച്ചതായി ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ ജനറൽ സെക്രട്ടറി സി.മുഹമ്മദ്‌ കുഞ്ഞി, വൈസ് പ്രസിഡന്റ് മൂസ ബി.ചെർക്കള, സെക്രട്ടറി മുഹമ്മദലി പീടികയിൽ, എക്സിക്യൂട്ടീവ് അംഗം നാസർ ചെർക്കളം എന്നിവർ ആരോപിച്ചു. പരിപാടിയിലെത്തിയവർ രാവിലെ നടന്ന ക്ലാസിൽ ഞങ്ങൾ പല സംശയങ്ങളും ഉണ്ടെന്നും അവ ദൂരീകരിച്ചു തരണമെന്നും പറഞ്ഞപ്പോൾ അതു ചെവിക്കൊള്ളാതെ ചെയർമാൻ നന്ദി പറഞ്ഞ് പരിപാടി അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

മന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ സ്ഥലം എംഎൽഎ ആയ എൻ.എ.നെല്ലിക്കുന്നിനെ അധ്യക്ഷനായി ഇരുത്തണമെന്ന സംഘാടക സമിതിയുടെ ആവശ്യം ചെയർമാൻ തള്ളിയതു മുതൽ തന്നെ പ്രശ്നം തുടങ്ങിയെന്നും സംഘാടകർ ആരോപിച്ചു. എല്ലാ ന്യൂനപക്ഷ സമുദായ നേതൃത്വങ്ങളെയും നേരിട്ട് ക്ഷണിച്ച് പരിപാടി വിജയിപ്പിക്കാൻ ആത്മാർഥതയോടെ പ്രവർത്തിച്ച സംഘാടക സമിതി ചെയർമാനോട് ‘നിങ്ങളുടെ രാഷ്ട്രീയം ഇവിടെ നടക്കില്ല എന്ന്’ പറഞ്ഞ് കമ്മിഷൻ ചെയർമാൻ പറഞ്ഞതായി ഇവർ ആരോപിച്ചു.

ന്യൂനപക്ഷ കമ്മിഷൻ എന്ന സ്റ്റാറ്റ്യൂട്ടറി പദവിയുള്ള ചുമതലയിൽ ഇരിക്കുന്ന ഒരാൾ തനി രാഷ്ട്രീയക്കാരനെ പോലെ പെരുമാറുന്നത് ഒട്ടും യോജിച്ചതല്ലെന്നും പൂർണമായും ജില്ലയിലെ ജനങ്ങൾ സംഘടിപ്പിച്ച ജില്ലാ സെമിനാറിൽ കമ്മിഷൻ ചെയർമാന്റെ ധിക്കാരം പരിപാടിക്ക് തന്നെ അപമാനമായി മാറിയെന്നുമാണ് ആരോപണം.കമ്മിഷൻ അംഗങ്ങൾക്ക് പോലും ചെയർമാനെ ഭയമാണെന്നും സെമിനാറിൽ ജനങ്ങളുടെ ആവശ്യങ്ങളും പരാതിയും കേൾക്കാൻ തയാറാകാത്ത കമ്മിഷൻ ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്നും അല്ലെങ്കിൽ സർക്കാർ അദ്ദേഹത്തെ തൽസ്ഥാനത്തു നിന്ന് നീക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. 

‘ന്യൂനപക്ഷ ക്ഷേമത്തിന് സർക്കാർ ഒന്നും ചെയ്തില്ല’
കാസർകോട്∙ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി കഴിഞ്ഞ ഏഴര വർഷക്കാലത്തെ ഭരണത്തിനിടയിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതികളും ചെലവഴിച്ച ബജറ്റ് വിഹിതവും ധവള പത്രത്തിലൂടെ വെളിപ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ വിദ്യാഭ്യാസ ജില്ലാ സമിതി ആവശ്യപ്പെട്ടു.

കഴിഞ്ഞ 12ന് ചേർന്ന നിയമസഭാ സമ്മേളനത്തിൽ മന്ത്രി വി.അബ്ദുറഹ്മാൻ വെളിപ്പെടുത്തിയ ഫണ്ട് വിനിയോഗ കണക്കുകൾ ശ്രദ്ധിച്ചാൽ ന്യൂനപക്ഷ മേഖലയോടുള്ള സർക്കാരിന്റെ സമീപനം എന്താണെന്ന് ബോധ്യപ്പെടും. ബജറ്റിൽ വകയിരുത്തിയ 76.1 കോടി രൂപയിൽ ചെലവഴിച്ചത് 10.79 കോടി മാത്രമായിരുന്നു. വെറും 14% മാത്രം. ഒരു രൂപ പോലും ചെലവഴിക്കാത്ത ഒട്ടേറെ പദ്ധതികൾ വേറെയുണ്ട്. 

ക്രൈസ്തവ വിഭാഗത്തിന്റെ ക്ഷേമത്തിനായുള്ള ജെബി കോശി കമ്മിഷൻ മാതൃകയിൽ മുസ്‍ലിം വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയെ പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ രൂപീകരിക്കണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com