ADVERTISEMENT

അജാനൂർ കടപ്പുറം ∙ ഒരു പതിറ്റാണ്ടിലധികമായി അജാനൂർ മിനി മത്സ്യബന്ധന തുറമുഖമെന്ന സ്വപ്നവുമായി ഒരു നാട് കാത്തിരിക്കാൻ തുടങ്ങിയിട്ട്. എന്നിട്ടും തുറമുഖമെന്ന സ്വപ്നം ഇനിയും തീരമണിഞ്ഞിട്ടില്ല. ചിത്താരി മുതൽ നീലേശ്വരം വരെ 1700ൽ അധികം മത്സ്യത്തൊഴിലാളി കുടുംബങ്ങളുണ്ട്. ഇവരിൽ ഭൂരിഭാഗത്തിന്റെയും ഉപജീവനമാർഗം കടലിൽ നിന്നു മീൻ പിടിക്കുന്നതാണ്. എന്നാൽ തുറമുഖമില്ലാത്തിനാൽ മഴക്കാലങ്ങളിൽ കടലിൽ പോയി തിരിച്ചു വരാൻ കഴിയാത്ത സ്ഥിതിയാണ്. തോണി അപകടത്തിൽ കടലിൽ പൊലിഞ്ഞ ജീവിതങ്ങളും ഏറെയാണ്. തുറമുഖമെന്ന സ്വപ്നം യാഥാർഥ്യമാകാൻ നാട്ടുകാർ കർമസമിതിയും രൂപീകരിച്ചിരുന്നു. അജാനൂർ കുറുംബാ ഭഗവതി ക്ഷേത്ര ഭരണ സമിതിയും പദ്ധതി യഥാർഥ്യമാകാ‍ൻ ഒട്ടേറെത്തവണ നിവേദനവുമായി അധികൃതരെ സമീപിച്ചു. 

കേന്ദ്രസംഘത്തിന്റെ പഠനം
തുറമുഖത്തിന്റെ സാധ്യതാ പഠനത്തിനായി സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പലതവണ സ്ഥലം സന്ദർശിച്ചിരുന്നു. അവസാനഘട്ട പഠനവും പൂർത്തിയാക്കി. കടൽ വെള്ളത്തിന്റെ വേഗം, മണലിന്റെ ഘടന, വെള്ളം, ചിത്താരി പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ്, വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും സമയ ദൈർഘ്യം എന്നിവയും സംഘം പഠന വിധേയമാക്കിയിരുന്നു. 

ഹാർബർ നിർമാണത്തിന്റെ ഭാഗമായി 2 പുലിമുട്ടും ഒരു പുഴ സംരക്ഷണ ഭിത്തിയുമാണ് പണിയുക. ചിത്താരിപ്പുഴയുടെ ഗതി മാറാതിരിക്കാനാണ് അഴിമുഖത്തോട് ചേർന്നു സംരക്ഷണ ഭിത്തി പണിയുന്നത്. കൂടാതെ 2 ഭാഗങ്ങളിലായി പുലിമുട്ടും നിർമിക്കും. 101.33 കോടി രൂപയാണ് തുറമുഖത്തിന്റെ നിർമാണ ചെലവ് കണക്കാക്കിയത്. പദ്ധതിയുടെ വിശദ പദ്ധതി രേഖ ഹാർബർ എൻജിനീയറിങ് വിഭാഗം നേരത്തേ സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ, പുതിയതായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇതിന് മാറ്റം വരാൻ സാധ്യതയുണ്ട്.

മന്ത്രിയെ കണ്ടു, പ്രതീക്ഷകൾ തളിർത്തു
തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് ഇ.ചന്ദ്രശേഖരൻ എംഎൽഎയുടെ നേതൃത്വത്തിൽ അജാനൂർ പഞ്ചായത്ത് ജനപ്രതിനിധികളും മത്സ്യത്തൊഴിലാളികളും കുറുംബ ഭഗവതി ക്ഷേത്ര ഭാരവാഹികളും ദിവസങ്ങൾക്ക് മുൻപ് മന്ത്രിയെ കണ്ടിരുന്നു. ഇതിന് ശേഷം മന്ത്രിയുടെ ഓഫിസിൽ നിന്നു കിട്ടിയ മറുപടി പ്രതീക്ഷയ്ക്ക് വക നൽകുന്നതാണെന്ന് മന്ത്രിയെ സന്ദർശിച്ച സംഘത്തിലുള്ളവർ പറയുന്നു. കഴിഞ്ഞ വർഷം നടന്ന പിഎംഎംഎസ്‌വൈ പദ്ധതികളുടെ സാങ്കേതികത്വ പരിശോധനാ സമിതിയിലും പദ്ധതി അനുമതി സമിതിയിലും ഈ പദ്ധതി പരിഗണിച്ചിരുന്നു. 

ഭാവി വികസനം കൂടി കണക്കിലെടുത്ത് തുറമുഖത്തിന്റെ ബേസിൻ ഏരിയ വലുപ്പം കൂട്ടുന്നതിന് പുതുക്കിയ മോഡൽ സ്റ്റഡി നടത്താനും പുലിമുട്ടിന്റെ ഫ്ലൂം സ്റ്റഡി നടത്തുന്നതിനും റിവർ ട്രെയിനിങ് പ്രവൃത്തിയുടെ മാതൃക പഠിക്കുന്നതിനും സി‍ഡബ്ല്യുപിആർഎസിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിൽ ബേസിൽ ഏരിയ വലിപ്പം കൂട്ടുന്നതിനുള്ള പഠന റിപ്പോർട്ടും ഫ്ലൂം സ്റ്റഡി റിപ്പോർട്ടും സി‍ഡബ്ല്യുപിആർഎസ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതി രൂപരേഖ പുതുക്കി വരുന്നു. ഇനി റിവർ ട്രെയിനിങ് പ്രവൃത്തിയുടെ അന്തിമ പഠന റിപ്പോർട്ട് കൂടി കിട്ടാനുണ്ട്. 

ഇതോടൊപ്പം സിആർസെഡ് ക്ലിയറൻസ് ലഭിക്കാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. റിവർ ട്രെയിനിങ് പ്രവൃത്തിയുടെ അന്തിമ പഠന റിപ്പോർട്ട് കൂടി കിട്ടുന്നതോടെ പദ്ധതി രൂപരേഖ പുതുക്കി അംഗീകാരത്തിനായി സർക്കാരിലേക്ക് സമർപ്പിക്കുമെന്നാണ് മന്ത്രിയുടെ ഓഫിസിൽ നിന്നു കിട്ടിയ വിവരം. പദ്ധതിക്ക് പരിസ്ഥിതി അനുമതിയും സർക്കാർ അനുമതിയും ഫണ്ടും ലഭ്യമാകുന്ന മുറയ്ക്ക് പണി ആരംഭിക്കുമെന്നും പറയുന്നു. ഇതിന് ഇനി എത്ര കാലമെടുക്കുമെന്നതാണ് തീരദേശത്തിന്റെ ആശങ്ക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com