ADVERTISEMENT

നീലേശ്വരം ∙ ജില്ലയിലെ മൂന്നാമത്തെ നഗരസഭയായ നീലേശ്വരം നഗരസഭ ഓഫിസിന് സ്വന്തമായി പണിത ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം 26 ന്. രാവിലെ 10 ന് മന്ത്രി എം.ബി.രാജേഷ് ഓഫിസ് ഉദ്ഘാടനം നിർവഹിക്കും. എം.രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാകും. നീലേശ്വരം പുഴയോരത്ത് കച്ചേരിക്കടവ് റോഡിൽ നഗരസഭ വിലയ്ക്കു വാങ്ങിയ 75 സെന്റ് ഭൂമിയിൽ 30, 000 ചതുരശ്ര അടി വിസ്തൃതിയിൽ 11.3 കോടി രൂപ ചെലവിലാണ് മലബാർ മേഖലയിൽ തന്നെ സുസജ്ജമായ നഗരസഭ ഓഫിസ് കെട്ടിടം ഒരുക്കിയത്.

വായ്പയില്ലാതെ നഗരസഭയുടെ തനതു ഫണ്ടും വികസന ഫണ്ടും ഉപയോഗിച്ചാണ് ഓഫിസ് കെട്ടിടം പൂർത്തിയാക്കിയതെന്ന പ്രത്യേകതയുമുണ്ട്.  3 നില മന്ദിരത്തിലെ ആദ്യ 2 നിലകളിലും വിവിധ സെക്ഷനുകളും ഫ്രണ്ട് ഓഫിസ് സംവിധാനവും പ്രവർത്തിക്കും. പൊതുജനങ്ങൾക്കുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയൊരുങ്ങി. കൗൺസിൽ ഹാളിനു പുറമേ മറ്റു യോഗങ്ങൾക്കായി 250 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, സ്ത്രീകൾക്കുള്ള പ്രത്യേക വിശ്രമമുറി, ഫീഡിങ് മുറി എന്നിവയുമുണ്ട്. കൃഷിഭവൻ, കുടുംബശ്രീ ഓഫിസുകളും ഇങ്ങോട്ടേക്കു മാറും. നഗരത്തിന്റെ ഭാവി വികസനം കൂടി കണക്കിലെടുത്താണ് മൂന്നാം നില സജ്ജീകരിച്ചതെന്നു നഗരസഭ ചെയർപഴ്സൻ ടി.വി.ശാന്ത, വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷരായ കെ.പി.രവീന്ദ്രൻ, ഷംസു അരിഞ്ചിര, കൗൺസിലർ ഇ.ഷജീർ, സെക്രട്ടറി കെ.മനോജ് കുമാർ തുടങ്ങിയവർ അറിയിച്ചു.

രാജാറോഡിലെ സബ് ട്രഷറി ജംക്‌ഷനിൽ നിന്ന് ഇങ്ങോട്ടേക്ക് ഇന്റർലോക് പാകിയ റോഡും നിർമിച്ചിട്ടുണ്ട്. ഓഫിസിന്റെ സുപ്രധാനമായ നിർമിതികൾ പ്രഫ.കെ.പി.ജയരാജൻ, വി.ഗൗരി എന്നിവർ നേതൃത്വം നൽകിയ കഴിഞ്ഞ ഭരണസമിതിയുടെ കാലത്തു തന്നെ പൂർത്തിയായിരുന്നു.

ഷോപ്പിങ് കോംപ്ലക്സുകൾ പണിയും
നീലേശ്വരം ∙ നഗരസഭ ഓഫിസ് സ്വന്തം കെട്ടിടത്തിലേക്കു മാറുന്നതോടെ പഞ്ചായത്തിൽ നിന്നു കൈമാറിക്കിട്ടിയ നിലവിലെ ഓഫിസും കൃഷിഭവൻ, കുടുംബശ്രീ ഓഫിസുകൾ ഉൾപ്പെടുന്ന കെട്ടിടവും പൊളിച്ചു മാറ്റി ഷോപ്പിങ് കോംപ്ലക്സുകൾ പണിയും.  ഇതിന്റെ ഡിപിആർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ധാരണയായിട്ടുണ്ട്. നഗരസഭയുടെ തനതു വരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം.

ആധുനിക രീതിയിലുള്ള വ്യാപാരസമുച്ചയത്തിന്റെ താഴത്തെ നിലകളിൽ കച്ചവടമുറികളും മുകളിലത്തെ നില മറ്റാവശ്യങ്ങൾക്കും ഉതകും വിധമായിരിക്കും നിർമാണം. അതേസമയം, ആദ്യ നഗരസഭയുടെ കാലം മുതൽ പറഞ്ഞു കേൾക്കുന്ന ടൗൺ ഹാൾ, സുസജ്ജമായ മുനിസിപ്പൽ ലൈബ്രറി എന്നിവയും ഇതോടൊപ്പം പരിഗണിക്കണമെന്നത് നഗരസഭയിലെ സാംസ്കാരിക സംഘടനകളുടെയും പ്രവർത്തകരുടെയും സജീവമായ ആവശ്യങ്ങളിലൊന്നാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com