ADVERTISEMENT

നീലേശ്വരം ∙ തദ്ദേശസ്ഥാപനങ്ങൾ സ്വന്തമായി വരുമാനം കണ്ടെത്താൻ ശ്രമിക്കണമെന്നും നികുതി ഇതര വരുമാനം വർധിപ്പിക്കണമെന്നും മന്ത്രി എം.ബി.രാജേഷ്. നീലേശ്വരം നഗരസഭയുടെ ബഹുനില ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം അർഹമായ വിഹിതം നൽകാത്ത സ്ഥിതിയിലും ഇന്ത്യയിൽ തദ്ദേശസ്ഥാപനങ്ങൾക്ക് ഏറ്റവും കൂടുതൽ പദ്ധതി വിഹിതം അനുവദിക്കുന്ന സംസ്ഥാനം കേരളമാണ്. ജിഎസ്ടി വന്നതോടെ പെട്രോളിയം ഉൽപന്നങ്ങളിൽനിന്നും മദ്യവിൽപനയിൽ നിന്നുമുള്ള നികുതി വരുമാനം മാത്രമാണു സംസ്ഥാനത്തിനുള്ളത്.

പിരിച്ചെടുക്കേണ്ട നികുതി കൃത്യമായി പിരിച്ചെടുക്കുകയും പുതിയ വരുമാനസ്രോതസ്സുകൾ കണ്ടെത്തുകയും ചെയ്താൽ സംസ്ഥാന സർക്കാരിന്റെ ആശ്രയം പോലുമില്ലാതെ നിലനിൽക്കാൻ സാധിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നഗരസഭ ചെയർപഴ്സൻ ടി.വി.ശാന്ത അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. നഗരസഭ എൻജിനീയർ വി.വി.ഉപേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. 

നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, മാധവൻ മണിയറ, കെ.പി.രവീന്ദ്രൻ, വി.ഗൗരി, ഷംസുദ്ദീൻ അരിഞ്ചിറ, ടി.പി.ലത, പി.ഭാർഗവി, കെ.പി.സതീഷ് ചന്ദ്രൻ, പ്രഫ.കെ.പി.ജയരാജൻ,  ഇ.ഷജീർ, റഫീഖ് കോട്ടപ്പുറം, വി.അബൂബക്കർ,  വി.വി.രമേശൻ, എം.വി.ബാലകൃഷ്ണൻ, കെ.വി.ഹരിദാസ്, കെ.വി.ദാമോദരൻ, മാമുനി വിജയൻ, എറുവാട്ട് മോഹനൻ, ബിൽടെക് അബ്ദുല്ല, പി.വി.രാഘവൻ, വി.പ്രകാശൻ,  ടി.പി.ശാന്ത,  സേതു ബങ്കളം, എം.രാജൻ, മഡിയൻ ഉണ്ണിക്കൃഷ്ണൻ, പി.വിജയകുമാർ, കെ.പി.നസീർ, മമ്മു കോട്ടപ്പുറം, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, പി.യു.വിജയകുമാർ, എം.ജെ.ജോയ്, സി.എച്ച്.മൊയ്തു,  പി.എം.സന്ധ്യ, കെ.വി.സുരേഷ് കുമാർ, വി.വി.ഉദയകുമാർ, കെ.മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. 

കെട്ടിട നിർമാണത്തിനു സ്ഥലം നൽകിയ വി.പി.അബ്ദുൽ റഹ്മാൻ തൃക്കരിപ്പൂർ, പി.യു.ദിനചന്ദ്രൻ നായർ, കോൺട്രാക്ടർ വി.വി.മനോജൻ എന്നിവർക്കു മന്ത്രി ഉപഹാരം സമ്മാനിച്ചു. നഗരസഭയുടെ സ്നേഹോപഹാരം ചെയർപഴ്സൻ ടി.വി.ശാന്ത മന്ത്രിക്കു സമ്മാനിച്ചു. നീലേശ്വരം പുഴയോരത്തെ കച്ചേരിക്കടവ് റോഡിലെ 75 സെന്റ് സ്ഥലത്ത് 11.3 കോടി രൂപ ചെലവിലാണു 3 നില കെട്ടിട സമുച്ചയം നിർമിച്ചത്.

മാലിന്യസംസ്കരണത്തിൽ മെച്ചപ്പെടണം: മന്ത്രി
നീലേശ്വരം ∙ മാലിന്യസംസ്കരണത്തിൽ നീലേശ്വരം നഗരസഭ കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്നു മന്ത്രി എം.ബി.രാജേഷ്. നീലേശ്വരം നഗരസഭ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെയാണു മന്ത്രിയുടെ അഭിപ്രായം. 32 വാർഡിൽ 14 എണ്ണത്തിൽ എംസിഎഫ് ഇല്ല. നല്ല നഗരസഭ ആസ്ഥാനമൊക്കെയായ സ്ഥിതിക്ക് ഇനി എല്ലാ വാർഡിലും എംസിഎഫ് വേണം. 64% ഉള്ള ഹരിതകർമസേന കവറേജ് 100% ആക്കണം. റോഡരികിൽ ഉടനീളം വേസ്റ്റ് ബിന്നും ബോട്ടിൽ ബൂത്തും വേണം. ഇവിടേക്കു വരുമ്പോൾ നോക്കിയ ഇടത്തെല്ലാം റോഡരികിൽ ധാരാളമായി മാലിന്യം വലിച്ചെറിഞ്ഞിട്ടുണ്ട്. അതു നഗരസഭയുടെ കുറ്റമല്ല, നാട്ടുകാരുടെ ശീലത്തിന്റെ പ്രശ്നമാണ്. ഈ ശീലം മാറണം. അടുത്ത തവണ നീലേശ്വരത്തു വരണമെന്ന് ആഗ്രഹിക്കുന്നത് ഒരു കടലാസ് കഷണം പോലും റോഡിൽ ചിതറിക്കിടക്കാത്ത സമ്പൂർണ മാലിന്യമുക്ത നീലേശ്വരത്തിന്റെ ഉദ്ഘാടനത്തിനാണെന്നും അധികം വൈകാതെ അതിനായി ക്ഷണിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com