ADVERTISEMENT

കാഞ്ഞങ്ങാട് ∙ ഓൺലൈൻ ചതിക്കുഴിയിൽപ്പെട്ടു പണം നഷ്ടമാകുന്നവരുടെ എണ്ണം പെരുകുന്നു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം മാസങ്ങൾക്കുള്ളിൽ നൂറോളം പരാതികളാണു കിട്ടിയത്. കഴിഞ്ഞ 2 മാസത്തിനിടെ മുപ്പതോളം കേസുകളാണ് ഓൺലൈ‍ൻ തട്ടിപ്പുമായി ബന്ധപ്പെട്ടു ഹൊസ്ദുർഗ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തത്. വജ്രാഭരണം നൽകാമെന്ന വാഗ്ദാനം നൽകി യുവതിയുടെ ഒന്നര ലക്ഷം രൂപ തട്ടിയതാണ് ഇതിൽ ഒടുവിലത്തെ കേസ്. 7.5 ലക്ഷം രൂപയുടെ ആഭരണം ഡിസ്കൗണ്ടിൽ ലഭിക്കുമെന്ന സന്ദേശം സത്യമാണെന്നു കരുതിയാണു യുവതി ഓൺലൈൻ തട്ടിപ്പ് വലയിൽ വീണത്. ഇവർ ആവശ്യപ്പെട്ടത് അനുസരിച്ച് ഒന്നര ലക്ഷം രൂപ നികുതി ഇനത്തിൽ അടയ്ക്കണമെന്ന സന്ദേശം ലഭിച്ചയുടൻ യുവതി പണം അയയ്ക്കുകയായിരുന്നു. പിന്നീട് ഇവരെക്കുറിച്ചു വിവരം ലഭിക്കാതെ വന്നതോടെയാണു പൊലീസിൽ പരാതി നൽകിയത്.

ലിങ്ക് ഓപ്പൺ ചെയ്തതു വഴി പണം നഷ്ടപ്പെട്ട കേസും കഴിഞ്ഞ ദിവസം റജിസ്റ്റർ ചെയ്തിരുന്നു. മൊബൈൽ ഫോണിലേക്കു വരുന്ന ആകർഷകമായ പരസ്യങ്ങളുടെ നമ്പറുകളിൽ ചാറ്റ് ചെയ്തവർക്കാണു പണം നഷ്ടമാകുന്നത്. ക്രിപ്റ്റോ കറൻസി തട്ടിപ്പും വ്യാപകമായി നടക്കുന്നുണ്ട്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചാണു തട്ടിപ്പുസംഘങ്ങൾ വിലസുന്നത്. ഒരിക്കൽ ഉപയോഗിച്ച സിം പിന്നീട് ഇവർ ഉപയോഗിക്കുന്നില്ലെന്നും പൊലീസ് പറയുന്നു. ഒരുദിവസം കേരളത്തിൽനിന്നു 10 കോടിയോളം രൂപയാണ് ഉത്തരേന്ത്യയിലേക്കു തട്ടിപ്പു വഴി പോകുന്നതെന്നു പൊലീസ് പറയുന്നു. സാധാരണക്കാരുടെ അക്കൗണ്ടുകൾ ഉപയോഗിച്ചാണു തട്ടിപ്പുകളേറെയും. പിടിക്കപ്പെടുമ്പോഴാണ് ഇവർ വിവരം പോലും അറിയുന്നത്. വ്യാജ സന്ദേശങ്ങളിൽപെട്ടു പണം നഷ്ടപ്പെടുന്നവരേറെയും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. ഏറെ ജാഗ്രതയോടെ കൂടി മാത്രമേ ഇത്തരം സന്ദേശങ്ങൾക്കു മറുപടി  നൽകാവൂ എന്നു പൊലീസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com